സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് പിന്തുണയുമായി മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്. താരത്തിന്റെ കരിയര്‍ അവസാനിക്കുമ്പോള്‍ ഗ്ലെന്‍ മഗ്രാത്ത്, ഷെയ്ന്‍ വോണ്‍, ഡെയ്ല്‍ സ്റ്റെയ്ന്‍ എന്നീ ഇതിഹാസങ്ങളെ പോലെയായിരിക്കും ഓര്‍മിക്കപ്പെടുകയെന്ന് അദ്ദേഹം പറഞ്ഞു. പരിക്കില്‍ നിന്ന് തിരിച്ച് വരുക എളുപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘യുവതാരങ്ങള്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് ഇന്ത്യയെ ജയിപ്പിച്ചതില്‍ ജസ്പ്രീത് ബുംറ അഭിമാനിക്കണം. അവന്‍ സമ്മര്‍ദത്തില്‍ നിന്ന് ഒളിച്ചോടിയിട്ടില്ല. വിക്കറ്റ് ആവശ്യമുള്ളപ്പോഴൊക്കെ ബുംറയെ ആശ്രയിച്ചിട്ടുണ്ട്. ഒരു ടി – 20 മത്സരത്തില്‍ ഒരു ടൈറ്റ് ഓവര്‍ ആവശ്യമുണ്ടാകുമ്പോഴും 50 ഓവര്‍ മത്സരത്തില്‍ പഴയ പന്തില്‍ വിക്കറ്റിനും നിങ്ങള്‍ അവനെയാണ് തിരയേണ്ടത്,’ കാര്‍ത്തിക് പറഞ്ഞു.
അടുത്തിടെ സമാപിച്ച ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ ബുംറ വര്‍ക്ക് ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായി മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിച്ചിരുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ ഈ മത്സരങ്ങളില്‍ രണ്ട് എണ്ണത്തില്‍ തോല്‍ക്കുകയും ഒന്ന് സമനിലയാവുകയും ചെയ്തു. ബാക്കി രണ്ട് മത്സരത്തിലായിരുന്നു ഇന്ത്യ വിജയിച്ചത്. പരമ്പരയിലെ അവസാന മത്സരമായ ഓവല്‍ ടെസ്റ്റില്‍ സിറാജിന്റെ കരുത്തില്‍ ഇന്ത്യ ജയിച്ചതോടെ താരത്തിന് നേരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
സുനില്‍ ഗാവസ്‌കര്‍, മുഹമ്മദ് കൈഫ് എന്നിവരും വിമര്‍ശനങ്ങളുമായി എത്തിയിരുന്നു. മൂന്ന് മത്സരങ്ങളില്‍ മാത്രം കളിക്കുകയുള്ളുവെന്ന താരത്തിന്റെ തീരുമാനത്തിനായിരുന്നു വിമര്‍ശനം. ഇതിനെല്ലാം പിന്നാലെയാണ് കാര്‍ത്തിക്കിന്റെ പിന്തുണ.
‘അവന്‍ കളിക്കാത്തപ്പോള്‍ ഇന്ത്യ ജയിച്ചത് ബുംറയുടെ കുറ്റമല്ല. അവനൊരു ലോക ചാമ്പ്യനാണ്. അവന്റെ ജോലി ഭാരം ശരിയായ രീതിയില്‍ കൈകാര്യം ചെയ്താല്‍ അവന് ദീര്‍ഘമായ ഒരു കരിയാറുണ്ടാവും,’ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
ടെണ്ടുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ പരമ്പരയില്‍ ലീഡ്സില്‍ നടന്ന ഒന്നാം ടെസ്റ്റിലും ലോര്‍ഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റിലും മാഞ്ചസ്റ്റര്‍ വേദിയായ നാലാം ടെസ്റ്റിലുമായിരുന്നു ബുംറ കളിച്ചിരുന്നത്. ഒന്നും മൂന്നും ടെസ്റ്റിലും അഞ്ച് വിക്കറ്റ് നേട്ടവുമായി താരം തിളങ്ങിയിരുന്നു. പരമ്പരയിലുടനീളം 14 വിക്കറ്റുകള്‍ താരം നേടിയിട്ടുണ്ട്. രണ്ട് മത്സരങ്ങളില്‍ കളിക്കാതിരുന്നിട്ടും ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമതാകാനും ബുംറയ്ക്ക് സാധിച്ചിരുന്നു.
Content Highlight: Dinesh Karthik says that Jasprit Bumrah will be talked about in the same way like Glenn McGrath, Shane Warne, and Dale Steyn