| Thursday, 2nd July 2026, 1:31 pm

വൈഭവ് കളിക്കാനുള്ള അവകാശം നേടിയെടുക്കണം; സഞ്ജുവിനെ തുടര്‍ന്നും പിന്തുണക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം

ഫസീഹ പി.സി.

ഫോമിലല്ലാത്ത മലയാളി താരം സഞ്ജു സാംസണിനെ ഇന്ത്യന്‍ മാനേജ്മന്റ് തുടര്‍ന്നും പിന്തുണക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. സഞ്ജു സാംസണ്‍ തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ടതുകൊണ്ട് വൈഭവ് സൂര്യവംശിക്ക് പിന്തുണയേറിയിട്ടുണ്ടെന്നും എന്നാല്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ സഞ്ജുവിന് ഇനിയും പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ഏതാനും മാസം മുമ്പ് നടന്ന ലോകകപ്പില്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നിട്ടും സഞ്ജു മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെന്നും അതിനാല്‍ വൈഭവ് സൂര്യവംശി അസാധാരണമായ കഴിവുള്ള താരമാണെങ്കിലും കളിക്കാനുള്ള അവകാശം നേടിയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിക്ബസില്‍ സംസാരിക്കുകയായിരുന്നു ദിനേശ് കാര്‍ത്തിക്.

‘സഞ്ജു സാംസണ്‍ വീണ്ടും പരാജയപ്പെട്ടിരിക്കുകയാണ്. തുടര്‍ച്ചയായ മൂന്ന് ഇന്നിങ്സുകളില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാത്തതോടെ, വൈഭവ് സൂര്യവംശിയ്ക്ക് പിന്തുണയേറിയിട്ടുണ്ട്. എന്നാല്‍, ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ സഞ്ജുവിന് ഇനിയും പിന്തുണ നല്‍കണമെന്നാണ് ഞാന്‍ പറയുന്നത്. അവന്‍ കടുത്ത സമ്മര്‍ദത്തിലാണ്.

ലോകം മുഴുവന്‍ ‘വൈഭവ് സൂര്യവംശി എപ്പോള്‍ കളിക്കും?’ എന്ന് ചോദിക്കുന്നത് സ്വാഭാവികമാണ്. എങ്കിലും, സഞ്ജുവിനെപ്പോലെ ഒരാളെ ടീം മാനേജ്‌മെന്റ് പിന്തുണക്കുമെന്നാണ് എന്റെ പ്രതീക്ഷ. കാരണം, ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോകകപ്പില്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നിട്ടും അവന്‍ മികച്ച പ്രകടനം പുറത്തെടുത്ത് ടീമിനെ വിജയിപ്പിച്ചിട്ടുണ്ട്. അതിനാല്‍ അവനെ പിന്തുണച്ചേ മതിയാകൂ.

വൈഭവ് സൂര്യവംശി അസാധാരണമായ കഴിവുള്ള താരമാണ്, അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവന്‍ തീര്‍ച്ചയായും വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്ന് എനിക്ക് സംശയമില്ല. എങ്കിലും, പ്ലെയിങ് ഇലവനില്‍ കളിക്കാനുള്ള അവകാശം അവന്‍ നേടിയെടുക്കേണ്ടതുണ്ട്,’ കാര്‍ത്തിക് പറഞ്ഞു.

ടി – 20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ജേഴ്‌സിയില്‍ ഇറങ്ങിയ സഞ്ജുവിന് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. അയര്‍ലാന്‍ഡ് പരമ്പരയില്‍ പാടെ നിരാശപ്പെടുത്തിയ താരം ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ മത്സരത്തിലും വളരെ വേഗം തന്നെ തിരികെ നടന്നു. അയര്‍ലാന്‍ഡിനെതിരെ രണ്ട് മത്സരങ്ങള്‍ അഞ്ച് റണ്‍സ് മാത്രമാണ് വിക്കറ്റ് കീപ്പറുടെ സമ്പാദ്യം. ഇംഗ്ലണ്ടിനെതിരെ ഏഴ് പന്തുകള്‍ നേരിട്ട് ഒരു റണ്ണിനും പുറത്തായി.

Content Highlight: Dinesh Karthik says India should support Sanju Samson and Vaibhav Sooryavanshi needs to earn the right to play in playing eleven

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.

We use cookies to give you the best possible experience. Learn more