| Tuesday, 5th May 2026, 9:10 pm

അവനെ പോലൊരു താരത്തെ ഇനി കണ്ടെത്താനാവില്ല: പ്രശംസയുമായി ഡി.കെ

Sudev A

ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലിയെ പ്രശംസിച്ച മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും കോഹ്‌ലി സ്വന്തമാക്കിയ നേട്ടങ്ങള്‍ ഒരു താരത്തിനും തൊടാന്‍ പോലും സാധിക്കില്ലെന്നാണ് ദിനേശ് കാര്‍ത്തിക് പറഞ്ഞത്. കോഹ്‌ലിയെ പോലൊരു താരത്തെ ഇനി ക്രിക്കറ്റില്‍ കണ്ടെത്താന്‍ കഴിയില്ലെന്നും ഡി. കെ പറഞ്ഞു.

‘ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും അദ്ദേഹം നേടിയ നേട്ടങ്ങളുടെ അടുത്ത് എത്തിച്ചേരാനോ അതെല്ലാം നേടാനോ കഴിയുന്നത് അസാധ്യമായിരിക്കും. നിങ്ങള്‍ക്ക് ഇനി മറ്റൊരു വിരാട് കോഹ്‌ലിയെ കണ്ടെത്താന്‍ സാധിക്കില്ല. എനിക്ക് അത് ഉറപ്പ് പറയാന്‍ സാധിക്കും’, ദിനേശ് കാര്‍ത്തിക് പറഞ്ഞു.

2026 ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി മിന്നും പ്രകടനമാണ് കോഹ്‌ലി നടത്തിക്കൊണ്ടിരിക്കുന്നത്. ഇതുവരെ ഒമ്പത് മത്സരങ്ങളില്‍ നിന്നും 379 റണ്‍സാണ് വിരാട് നേടിയിട്ടുള്ളത്. 54.14 എന്ന മികച്ച ആവറേജിലും 165 സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. ഈ സീസണില്‍ ഒരുപിടി മികച്ച നേട്ടങ്ങളും കോഹ്‌ലി സ്വന്തമാക്കിയിരുന്നു.

ഏഷ്യയില്‍ 12,000 ടി-20 റണ്‍സ് സ്വന്തമാക്കുന്ന ചരിത്രത്തിലെ ആദ്യ താരമായി വിരാട് അടുത്തിടെ മാറിയിരുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെതിരെയുള്ള മത്സരത്തിലാണ് കോഹ്‌ലിയെ തേടി ഈ നേട്ടമെത്തിയത്. ടി-20യില്‍ ഒരു രാജ്യത്തില്‍ നിന്ന് മാത്രമായി 10000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ലോകത്തിലെ ആദ്യ താരവും കോഹ്‌ലി തന്നെയാണ്.

വിരാട് കോഹ്‌ലി. Photo: IndianPremierLeague/x.com

സീസണില്‍ ഗുജറാത്തിനെതിരായ ആദ്യ മത്സരത്തില്‍ തന്നെയാണ് കോഹ്‌ലി ഈ നേട്ടവും സ്വന്തമാക്കിയിരുന്നത്. ഇന്ത്യ, ദല്‍ഹി, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ക്ക് വേണ്ടി കളിച്ചാണ് വിരാട് ഇന്ത്യയില്‍ നിന്നും ഇത്രയും റണ്‍സ് സ്‌കോര്‍ ചെയ്തത്.

അതേസമയം ഈ സീസണിലും ആര്‍.സി.ബി വിജയകുതിപ്പ് തുടരുകയാണ്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ബെംഗളൂരു. ഒമ്പത് മത്സരങ്ങള്‍ പിന്നിട്ടപ്പോള്‍ ആറ് മത്സരങ്ങളില്‍ വിജയിച്ചും മൂന്ന് മത്സരങ്ങള്‍ പരാജയപ്പെട്ടുമാണ് ആര്‍.സി.ബി രണ്ടാം സ്ഥാനത്തുള്ളത്. ഇനിയുള്ള അഞ്ച് മത്സരങ്ങളില്‍ നിന്നും രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ ബെംഗളൂരുവിന് പ്ലേ ഓഫിലേക്ക് മുന്നേറാന്‍ സാധിക്കും. മെയ് ഏഴിന് ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.

Content Highlight: Dinesh Karthik Praises Virat Kohli Performance in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more