| Friday, 13th March 2026, 5:05 pm

ക്യാപ്റ്റനായി കോഹ്‌ലിയല്ല, മറ്റൊരാള്‍; ആര്‍.സി.ബിയുടെ ഓള്‍ ടൈം ഇലവനുമായി കാര്‍ത്തിക്

ഫസീഹ പി.സി.

ക്രിക്കറ്റ് ലോകം ഐ.പി.എല്‍ ആവേശത്തിലേക്ക് കടക്കുകയാണ്. മാര്‍ച്ച് 28നാണ് 2026 സീസണ്‍ ആരംഭിക്കുന്നത്. ഇപ്പോള്‍ പുതിയ സീസണിന് മുന്നോടിയായി ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ (ആര്‍.സി.ബി) ഓള്‍ ടൈം ഇലവനെ തെരഞ്ഞെടുക്കുകയാണ് ടീമിന്റെ ബാറ്റിങ് കോച്ച് ദിനേശ് കാര്‍ത്തിക്.

ദിനേശ് കാര്‍ത്തിക്. Photo: Crictracker/x.om

ആര്‍.സി.ബിയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന് വിലയിരുത്തുന്ന കോഹ്‌ലിയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കാതെയാണ് കാര്‍ത്തിക് ടീമിനെ തെരഞ്ഞെടുത്തത്. ടീമിന് ആദ്യമായി കപ്പ് സമ്മാനിച്ച രജത് പാടിദാറാണ് ക്യാപ്റ്റന്‍. ക്രിക്ബസിൽ സംസാരിക്കുകയായിരുന്നു കാര്‍ത്തിക്.

കാര്‍ത്തിക്കിന്റെ ടീമില്‍ ഓപ്പണര്‍മാരായി വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ലും സൗത്ത് ആഫ്രിക്കന്‍ ഇതിഹാസം ഫാഫ് ഡു പ്ലെസിയുമാണ്. ആര്‍.സി.ബിക്കായി 85 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള ഗെയ്ല്‍ അഞ്ച് സെഞ്ച്വറികളടക്കം 3163 റണ്‍സെടുത്തിട്ടുണ്ട്. ഡു പ്ലെസി 45 മത്സരങ്ങളില്‍ നിന്ന് 1636 റണ്‍സും സ്‌കോര്‍ ചെയ്തു.

എ.ബി. ഡി വില്ലിയേഴ്സും വിരാട് കോഹ്‌ലിയും ക്രിസ് ഗെയ്‌ലും. Photo:RCB/x.com

വണ്‍ ഡൗണായി ടീമിന്റെ എക്കാലത്തെയും ഉയര്‍ന്ന റണ്‍സ് വേട്ടക്കാരന്‍ കോഹ്‌ലിയാണ്. താരം ടീമിനായി എട്ട് സെഞ്ച്വറികളടക്കം 8661 റണ്‍സെടുത്തിട്ടുണ്ട്. നാലാമനായി രജത് പാടിദാറാണ് എത്തുന്നത്. താരം 2025ല്‍ ടീമിനെ ആദ്യ കിരീടമണിയിച്ചിരുന്നു.

അടുത്തതായി എത്തുന്നത് ക്രിക്കറ്റ് ഇതിഹാസം എ.ബി ഡി വില്ലിയേഴ്സാണ്. ബെംഗളുരുവിനായി 156 മത്സരങ്ങളില്‍ നിന്ന് രണ്ട് സെഞ്ച്വറികളടക്കം 4491 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

രജത് പാടിദാർ. Photo: RCB/x.com

ആറും ഏഴും സ്ഥാനത്ത് യഥാക്രമം ജിതേഷ് ശര്‍മയും കൃണാല്‍ പാണ്ഡ്യയുമാണുള്ളത്. ഇരുവരും ടീമിനെ കന്നി കിരീട നേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

എട്ടാം നമ്പറില്‍ ഹര്‍ഷിത് പട്ടേലിനെയാണ് കാര്‍ത്തിക് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ടീമിനായി 80 മത്സരങ്ങളില്‍ നിന്ന് 99 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുണ്ട്. നിലവില്‍ ഫാസ്റ്റ് ബൗളര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ്.ആര്‍.എച്ച്) താരമാണ്.

യുസ്വേന്ദ്ര ചഹൽ. Photo:RCB/x.com

അടുത്തതായി മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, ഓസ്ട്രേലിയന്‍ സ്പീഡ്സ്റ്റര്‍ ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരെയാണ് കാര്‍ത്തിക് തെരഞ്ഞെടുത്തത്. സിറാജ് 87 മത്സരങ്ങളില്‍ 83 വിക്കറ്റെടുത്തപ്പോള്‍ ചഹല്‍ 113 മത്സരങ്ങളില്‍ 139 വിക്കറ്റുകളാണ് പിഴുതത്.

ഹെയ്‌സല്‍വുഡാകട്ടെ കഴിഞ്ഞ സീസണില്‍ 22 വിക്കറ്റുകള്‍ നേടിയിരുന്നു. ഇതിന് പുറമെ, ദേവ്ദത്ത് പടിക്കലിനെയും ഭുവനേശ്വര്‍ കുമാറിനെയും ഇംപാക്ട് താരങ്ങളെയും കാര്‍ത്തിക് തെരഞ്ഞെടുത്തു.

ദിനേശ് കാര്‍ത്തിക്കിന്റെ ആര്‍.സി.ബിയുടെ ഓള്‍ ടൈം ഇലവന്‍

ക്രിസ് ഗെയ്ല്‍, ഫാഫ് ഡു പ്ലെസി, വിരാട് കോഹ്ലി, രജത് പാടിദാര്‍, എ.ബി. ഡി വില്ലിയേഴ്സ്, ജിതേഷ് ശര്‍മ, കൃണാല്‍ പാണ്ഡ്യ, ഹര്‍ഷന്‍ പട്ടേല്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹല്‍, ജോഷ് ഹെയ്‌സല്‍വുഡ്.

Content Highlight: Dinesh Karthik picks his all time RCB eleven; make Rajat Patidar captain by snubbing Virat Kohli

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more