| Sunday, 11th October 2026, 12:35 pm

ഈ ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് അതാണ്; തുറന്നുപറഞ്ഞ് ദിനേശ് കാര്‍ത്തിക്

ശ്രീരാഗ് പാറക്കല്‍

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ മൂന്നാം മത്സരം നടക്കാനിരിക്കുകയാണ്. ഇന്‍ഡോറിലെ ഹോള്‍കര്‍ സ്റ്റേഡിയത്തിലാണ് ഇരുവരും കൊമ്പ് കോര്‍ക്കുന്നത്. നിലവില്‍ ഇരുവരും 1-1 എന്ന നിലയിലാണ്.

രണ്ടാം മത്സരത്തില്‍ ഇന്ത്യ തെരഞ്ഞടുത്ത അതേ പ്ലെയിങ് ഇലവനുമായി മുന്നോട്ട് പോകണമെന്ന് പറയുകയാണ് മുന്‍ താരം ദിനേശ് കാര്‍ത്തിക്. ഓരോ മത്സരത്തിലും പ്ലെയിങ് ഇലവനെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്നെന്ന് കാര്‍ത്തിക് പറഞ്ഞു. മാത്രമല്ല മാനേജ്‌മെന്റിന് കളിക്കാരില്‍ വിശ്വാസമുണ്ടാകേണ്ടത് പ്രധാനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

‘ഈ ടീമിന്റെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് ഓരോ മത്സരത്തിലും പ്ലേയിങ് ഇലവനെ മാറ്റിക്കൊണ്ടിരിക്കുന്നു എന്നതാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി-20 മത്സരത്തില്‍ ഇന്ത്യ തോറ്റതോടെ, അടുത്ത മത്സരത്തില്‍ ടീം വീണ്ടും കോമ്പിനേഷനില്‍ മാറ്റം വരുത്തുമെന്നാണ് എനിക്ക് തോന്നുന്നത്.

നിങ്ങള്‍ക്ക് ഏറ്റവും മികച്ച പ്ലേയിങ് ഇലവന്‍ ഉണ്ടെങ്കില്‍, പിന്നെ അത് മാറ്റേണ്ടതിന്റെ ആവശ്യമെന്താണ്? കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ പതിനൊന്ന് പേരുമായി മുന്നോട്ടുപോകണം. നിങ്ങളുടെ കളിക്കാരില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടാകണം.

ഒരു ടീമിനെ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് വിശ്വാസം. എന്നാല്‍ ചിലപ്പോഴൊക്കെ ഈ ടീം മാനേജ്മെന്റിന് അതിന്റെ കുറവുണ്ടെന്ന് തോന്നുന്നു,’ ദിനേശ് കാര്‍ത്തിക് ക്രിക്ബസില്‍ പറഞ്ഞു.

അതേസമയം വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി-20യില്‍ ശ്രേയസ് അയ്യരെയും സംഘത്തെയും പരാജയപ്പെടുത്തി കരീബിയന്‍സ് കരുത്തുകാട്ടിയിരുന്നു. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

ഇന്ത്യ ഉയര്‍ത്തിയ 250 റണ്‍സിന്റെ വിജയലക്ഷ്യം ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ സെഞ്ച്വറിയുടെയും ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ വെടിക്കെട്ടിന്റെയും കരുത്തില്‍ വെസ്റ്റ് ഇന്‍ഡീസ് അനായാസം മറികടക്കുകയായിരുന്നു.

Content highlight: Dinesh Karthik Criticize Indian Team Management

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more