| Sunday, 22nd June 2025, 2:18 pm

എനിക്ക് പന്തിനെ പോലെ ബാറ്റ് ചെയ്യാനും സാധിക്കില്ല, അക്കാര്യം ചെയ്യാനും സാധിക്കില്ല; തുറന്നുപറഞ്ഞ് ഇന്ത്യന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റ് ലീഡ്‌സിലെ ഹെഡിങ്‌ലിയില്‍ തുടരുകയാണ്. ഈ പരമ്പരയില്‍ വിജയിക്കുന്ന ടീം പ്രഥമ ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്‌സണ്‍ ട്രോഫി ജേതാക്കളുമാകും. ആദ്യ ഇന്നിങ്‌സ് ബാറ്റിങ് പൂര്‍ത്തിയാക്കിയ ഇന്ത്യ രണ്ടാം ദിവസം തന്നെ ഇംഗ്ലണ്ടിന്റെ മൂന്ന് വിക്കറ്റ് വീഴ്ത്തി മത്സരത്തില്‍ മേല്‍ക്കൈ നേടാനുള്ള ഒരുക്കത്തിലാണ്.

സ്‌കോര്‍ (രണ്ടാം ദിവസം അവസാനിക്കുമ്പോള്‍)

ഇന്ത്യ: 471 (113)

ഇംഗ്ലണ്ട്: 209/3 (49)

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, വൈസ് ക്യാപ്റ്റന്‍ റിഷബ് പന്ത്, യുവതാരം യശസ്വി ജെയ്‌സ്വാള്‍ എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ ആദ്യ ഇന്നിങ്‌സ് സ്‌കോര്‍ ഉയര്‍ത്തിയത്.

ക്യാപ്റ്റന്‍ 227 പന്തില്‍ 147 റണ്‍സ് നേടിയപ്പോള്‍ 178 പന്ത് നേരിട്ട് 134 റണ്‍സുമായി റിഷബ് പന്ത് തിരിച്ചുനടന്നു. 158 പന്തില്‍ 101 റണ്‍സുമായാണ് യശസ്വി ജെയ്സ്വാള്‍ പുറത്തായത്.

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ സെഞ്ച്വറിയായിരുന്നു മത്സരത്തിന്റെ രണ്ടാം ദിവസത്തെ ഹൈലൈറ്റ്. ടെസ്റ്റ് ഫോര്‍മാറ്റിലെ ഏഴാം സെഞ്ച്വറിയാണ് പന്ത് ലീഡ്‌സില്‍ കുറിച്ചത്. ഇതില്‍ അഞ്ചും വിദേശ പിച്ചുകളിലാണ് എന്നതും ശ്രദ്ധേയമാണ്.

സെഞ്ച്വറി പൂര്‍ത്തിയാക്കിയതിന് ശേഷമുള്ള പന്തിന്റെ കുട്ടിക്കരണം മറിഞ്ഞുള്ള സെലിബ്രേഷനും ആരാധകര്‍ ഒരിക്കല്‍ക്കൂടി ഇരുകയ്യും നീട്ടി സ്വീകരിച്ചു.

ഇപ്പോള്‍ റിഷബ് പന്തിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് സൂപ്പര്‍ താരം ദിനേഷ് കാര്‍ത്തിക്. പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനമാണ് റിഷബ് പന്ത് പുറത്തെടുത്തതെന്നും തനിക്ക് ഒരിക്കലും പന്തിനെ പോലെ ബാറ്റ് ചെയ്യാന്‍ സാധിക്കില്ലെന്നും ഡി.കെ പറഞ്ഞു.

‘എനിക്കൊരിക്കലും റിഷബ് പന്ത് ചെയ്തതുപോലെ സമ്മര്‍സോള്‍ട്ട് ചെയ്യാനോ ബാറ്റ് ചെയ്യാനോ സാധിക്കില്ല. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും എല്ലാവരുടെയും പ്രതീക്ഷകള്‍ക്കപ്പുറമുള്ള പ്രകടനം റിഷബ് പന്ത് പുറത്തെടുത്തു എന്നാണ് എനിക്ക് തോന്നുന്നത്.

ഇത് രണ്ടും (ബാറ്റിങ്ങും വിക്കറ്റ് കീപ്പിങ്ങും) ഒരുപോലെ മികച്ചതാക്കാന്‍ ഒരുപാട് ബുദ്ധിമുട്ടാണ്. എന്നാല്‍ അവന്‍ അത് സ്ഥിരമായി മികച്ച രീതിയില്‍ ചെയ്യുകയാണ്,’ കാര്‍ത്തിക് പറഞ്ഞു.

അതേസമയം, ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് ടോട്ടല്‍ മറികടന്ന് ലീഡുയര്‍ത്താനെത്തിയ ആതിഥേയര്‍ രണ്ടാം ദിവസം 209/3 എന്ന നിലയിലാണ് അവസാനിപ്പിച്ചത്. 131 പന്തില്‍ 100 റണ്‍സുമായി ഒലി പോപ്പും 12 പന്ത് നേരിട്ട് റണ്‍സൊന്നും നേടാതെ ഹാരി ബ്രൂക്കുമാണ് ക്രീസില്‍.

ആദ്യ ഇന്നിങ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ തിരിച്ചടിയേറ്റിരുന്നു. ബുംറയെറിഞ്ഞ ഓവറിലെ അവസാന പന്തില്‍ കരുണ്‍ നായരിന് ക്യാച്ച് നല്‍കി സാക്ക് ക്രോളി മടങ്ങി. നാല് റണ്‍സ് മാത്രമാണ് താരം സ്വന്തമാക്കിയത്.

എന്നാല്‍ വണ്‍ ഡൗണായെത്തിയ വൈസ് ക്യാപ്റ്റന്‍ ഒലി പോപ്പിനൊപ്പം ചേര്‍ന്ന് ബെന്‍ ഡക്കറ്റ് രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി ഇംഗ്ലണ്ടിന് അടിത്തറയൊരുക്കി. ടീം സ്‌കോര്‍ 126ല്‍ നില്‍ക്കവെ ബെന്‍ ഡക്കറ്റിനെ കൂടാരം കയറ്റി ജസ്പ്രീത് ബുംറ വീണ്ടും ഇന്ത്യയ്ക്കാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. 94 പന്തില്‍ 62 റണ്‍സുമായാണ് ഡക്കറ്റ് മടങ്ങിയത്.

ജോ റൂട്ടാണ് ശേഷം ക്രീസിലെത്തിയത്. റൂട്ടിനെ ഒപ്പം കൂട്ടി പോപ്പ് വീണ്ടും സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. മൂന്നാം വിക്കറ്റില്‍ 80 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇരുവരും ചേര്‍ന്ന് ഇന്നിങ്‌സ് കെട്ടിപ്പൊക്കുന്നതിനിടെ റൂട്ടിനെ മടക്കി ബുംറ അടുത്ത ബ്രേക് ത്രൂവും സമ്മാനിച്ചു. 58 പന്തില്‍ 28 റണ്‍സ് നേടിയാണ് റൂട്ട് മടങ്ങിയത്.

Content Highlight: Dinesh Karthik about Rishabh Pant’s batting and somersault celebration

We use cookies to give you the best possible experience. Learn more