[share]
[]ബാംഗ്ലൂര്‍: ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനൊപ്പം ബാംഗ്ലൂരിലെ പ്രമുഖ ഹോട്ടലില്‍ അത്താഴം കഴിക്കാന്‍ അതിഥികള്‍ക്ക് അവസരം. അത്താഴവിരുന്നില്‍ പങ്കെടുക്കുന്നതിന് 20,000 രൂപ നല്കണം.
പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിന്റെ ഭാഗമായാണ് അത്താഴവിരുന്ന്. ഏകദേശം 40 ലക്ഷം രൂപയോളം ഇതിലൂടെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
ഈ മാസം 15നാണ് ബാംഗ്ലൂരില്‍ നടക്കുന്ന കെജ്‌രിവാളിന്റെ പ്രചാരണ പരിപാടികളോടനുബന്ധിച്ച് സ്റ്റാര്‍ ഹോട്ടലില്‍ അത്താഴവിരുന്ന് സംഘടിപ്പിക്കുന്നത്.
നഗരത്തിലെ പ്രമുഖ വ്യക്തികളും ബിസിനസുകാരും ഐ.ടി. പ്രൊഫഷണലുകളുമടക്കം 200 പേരെ സ്വാഗതം ചെയ്തുകൊണ്ട് ആം ആദ്മി ക്ഷണക്കത്തുകളും അയച്ചിട്ടുണ്ട്.
അത്താഴവിരുന്നില്‍ പങ്കെടുക്കുന്നവര്‍ക്ക് കെജ്‌രിവാളിനോടും പ്രാദേശിക നേതൃത്വത്തോടും സ്വതന്ത്രമായി ചിന്തകള്‍ പങ്കുവെക്കാനുള്ള അവസരമുണ്ടെന്ന് ക്ഷണക്കത്തില്‍ പറയുന്നു.
കൂടാതെ രാജ്യത്തു നടക്കുന്ന അഴിമതിയെ തുടച്ചുനീക്കാന്‍ പരിപാടിയില്‍ പങ്കെടുത്ത് പ്രതിജ്ഞ ചെയ്യാമെന്നും കത്തില്‍ ആഹ്വാനമുണ്ട്.
പാര്‍ട്ടി സംസ്ഥാന നേതാക്കള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഫണ്ടുണ്ടാക്കാന്‍ വിരുന്ന് സംഘടിപ്പിക്കുന്ന അമേരിക്കന്‍ പാര്‍ട്ടികളുടെ പാതയാണ് ആം ആദ്മിയും പിന്തുടര്‍ന്നിരിക്കുന്നത്.
മുന്‍ ഇന്‍ഫോസിസ് ഡയറക്ടറും ആം ആദ്മി അംഗവുമായ വി. ബാലകൃഷ്ണനാണ് അത്താഴ വിരുന്നിലൂടെ ധനസമാഹരണതേതിന് പദ്ധതിയിട്ടത്. അദ്ദേഹംതന്നെയാണ് പല പ്രമുഖര്‍ക്കും ക്ഷണക്കത്തുകളും അയച്ചത്.
എന്നാല്‍ പാര്‍ട്ടി നേരിട്ടല്ല അഭ്യുദയകാംക്ഷികളാണ് അത്താഴവിരുന്ന് സംഘടിപ്പിക്കുന്നതെന്ന് ആം ആദ്മി വക്താവ് രോഹിത് രഞ്ജന്‍ പറഞ്ഞു.
അറിയപ്പെടാത്ത ഉറവിടങ്ങളില്‍ നിന്ന് മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ സംഭാവന വാങ്ങുമ്പോള്‍ ആം ആദ്മിക്ക് ഇക്കാര്യത്തിലൊന്നും മറച്ചുവെക്കാനില്ലെന്നും അതിനാലാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച് ധനസമാഹരണം നടത്തുന്നതെന്നും രോഹിത് വ്യക്തമാക്കി.
ഈ മാസം 15ന് മംഗലാപുരത്തെത്തുന്ന കെജ്‌രിവാള്‍ റോഡ്‌ഷോയിലും പൊതുറാലിയും പങ്കെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണത്തിന് അത്താഴ വിരുന്നൊരുക്കുന്നത് അമേരിക്കയിലും മറ്റ് വിദേശ രാജ്യങ്ങളിലും പതിവാണെങ്കിലും ഇന്ത്യയില്‍ ഈ ആശയം പുതിയതാണ്.