| Sunday, 30th August 2026, 1:08 pm

റൊണാള്‍ഡോയല്ല, ലോകത്തിലെ മികച്ച സ്‌ട്രൈക്കര്‍ അദ്ദേഹമാണ്: ബെര്‍ബറ്റോവ്

സുദേവ് എ

ലോക ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ആരാണെന്ന് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ദിമിതര്‍ ബെര്‍ബറ്റോവ് തുറന്നു പറഞ്ഞിരുന്നു. പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ മറികടന്നുകൊണ്ട് മറ്റൊരു സര്‍പ്രൈസ് താരത്തിന്റെ പേരാണ് ബെര്‍ബറ്റോവ് പറഞ്ഞിരുന്നത്.

റൊണാള്‍ഡോ മികച്ചതാണെന്നും, എന്നാല്‍ തന്റെ മനസിലുള്ളത് മികച്ച താരം മുന്‍ താരം മാര്‍ക്കോ വാന്‍ ബാസ്റ്റനാണെന്നാണ് ബെര്‍ബറ്റോവ് പറഞ്ഞത്. ഗോളിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുന്‍ ബള്‍ഗേറിയന്‍ താരം ഇക്കാര്യം പറഞ്ഞത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച താരമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറായി ഞാന്‍ തെരഞ്ഞെടുക്കുന്ന താരം അത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ അല്ല. എന്നെ സംബന്ധിച്ച് നെതര്‍ലാന്‍ഡ്‌സ് ഇതിഹാസം മാര്‍ക്കോ വാന്‍ ബാസ്റ്റനാണ് ലോകത്തിലെ ഏറ്റവും മികച്ച സ്‌ട്രൈക്കര്‍,’ ദിമിതര്‍ ബെര്‍ബറ്റോവ് പറഞ്ഞു.

28ാം വയസിലാണ് ഫുട്ബോളില്‍ മാര്‍ക്കോ അവസാന മത്സരം കളിച്ചത്. 1993ല്‍ കണങ്കാലിനേറ്റ പരിക്കിന് മുന്‍ ഡച്ച് താരം കളത്തില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. മൂന്ന് ബാലണ്‍ ഡി ഓര്‍ അവാര്‍ഡുകള്‍, രണ്ട് സീരി എ ടോപ് സ്‌കോറര്‍ കിരീടങ്ങള്‍, ഒരു ഫിഫ പുരുഷ കളിക്കാരനുള്ള അവാര്‍ഡ് എന്നിവ അദ്ദേഹം നേടിയിരുന്നു.

1992ലാണ് അദ്ദേഹം ഫിഫ പുരുഷ താരത്തിനുള്ള അവാര്‍ഡ് സ്വന്തമാക്കുന്നത്. തന്റെ ഫുട്ബോള്‍ കരിയറില്‍ 300 ഗോളുകള്‍ സ്വന്തമാക്കാനും വാന്‍ ബെസ്റ്റെന് സാധിച്ചു.

അതേസമയം റൊണാള്‍ഡോ നിലവില്‍ സൗദി പ്രൊ ലീഗ് ടീമായ അല്‍ നസറിന് വേണ്ടിയാണ് കളിക്കുന്നത്. പ്രായം തളര്‍ത്താത്ത പോരാട്ടവീര്യവുമായി റൊണാള്‍ഡോ സൗദിയില്‍ കുതിക്കുകയാണ്.

നിലവില്‍ ഫുട്ബോളില്‍ റൊണാള്‍ഡോ 978 ഗോളുകളാണ് നേടിയിട്ടുള്ളത്. ഫുട്‌ബോളില്‍ ആയിരം ഗോളുകളെന്ന ചരിത്ര നേട്ടത്തിന്റെ അരികിലാണ് റൊണാള്‍ഡോ. 22 ഗോളുകള്‍ കൂടി എതിരാളികളുടെ വലയില്‍ എത്തിക്കാന്‍ റൊണാള്‍ഡോക്ക് സാധിച്ചാല്‍ ഈ ചരിത്ര നേട്ടം കൈവരിക്കാന്‍ സാധിക്കും.

റൊണാള്‍ഡോ തന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് റയല്‍ മാഡ്രിഡിന് വേണ്ടിയാണ്. 450 തവണയാണ് പോര്‍ച്ചുഗീസ് ഇതിഹാസം റയല്‍ മാഡ്രിഡിന് വേണ്ടി ലക്ഷ്യം കണ്ടത്.

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി കളത്തിലിറങ്ങിയ റൊണാള്‍ഡോ 145 ഗോളുകളും സ്വന്തമാക്കി. ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസിനായി 101 ഗോളുകളും സ്‌പോര്‍ട്ടിങ്ങിന് വേണ്ടി അഞ്ച് ഗോളുകളും റൊണാള്‍ഡോ നേടി.

പോര്‍ച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. സൗദി ക്ലബ്ബിന് വേണ്ടി 131 ഗോളുകളും നേടിയാണ് റൊണാള്‍ഡോ കുതിക്കുന്നത്. അടുത്തിടെ ഈ സീസണായിരിക്കും ഫുട്‌ബോളിലെ തന്റെ അവസാന വര്‍ഷമെന്ന് റൊണാള്‍ഡോ തുറന്നു പറഞ്ഞിരുന്നു.

Content Highlight: Dimitar Berbatov talks Marco van Basten the best striker in the world

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more