| Saturday, 10th October 2026, 3:25 pm

ദില്ലി ഹാഠ് നമ്മുടെ ജന്തര്‍ മന്തറായി മാറുന്നു; ഗ്യാനേഷ് കുമാര്‍ പുറത്ത്‌ പോകണം: നേഹ ബോറ

റെന്വര്‍ പി

ന്യൂദല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്നവരെ ജന്തര്‍ മന്തറില്‍ പ്രവേശിക്കുന്നത് പൊലീസ് തടയുന്നതിനിടെ ദല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധം സംഘടിപ്പിച്ച് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍. ഐസ, എസ്.എഫ്.ഐ എന്നീ സംഘടനകള്‍ ദല്‍ഹിയുടെ വിവിധ ഭാഗങ്ങളിലായി പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചു.

ദല്‍ഹിയിലെ ദില്ലി ഹാഠില്‍ തങ്ങള്‍ പ്രതിഷേധം സംഘടിപ്പിക്കുന്നതായി ഐസ നേതാവ് നേഹ ബോറ അറിയിച്ചു. പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ നേഹ ബോറ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘ദില്ലി ഹാഠ് നമ്മുടെ ജന്തര്‍ മന്തറായി മാറുന്നു. ഗ്യാനേഷ് കുമാര്‍ പോകണം,’ നേഹ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചു.

ദില്ലി ഹാഠില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്ന പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തുതായ മറ്റൊരു പോസ്റ്റില്‍ നേഹ പിന്നീട് അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമൊപ്പം പ്രശാന്ത് ഭൂഷണ്‍ അടക്കമുള്ള മുതിര്‍ന്ന സാമൂഹ്യ പ്രവര്‍ത്തകരും ഐസ സമരത്തില്‍ പങ്കാളികളായി.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സി.ജെ.പിയും ഇടത് വിദ്യാര്‍ത്ഥി സംഘടനകളും പ്രഖ്യാപിച്ച പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിക്കുകകയാണ പൊലീസ്. പൊലീസിന്റെ അടിച്ചമര്‍ത്തല്‍ ശ്രമങ്ങള്‍ക്കിടയിലും പ്രതിഷേധത്തിനായി ദല്‍ഹിയില്‍ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി .

പ്രതിഷേധക്കാരായ വിദ്യാര്‍ത്ഥികളെയും യുവാക്കളെയും പൊലീസ് ക്രൂരമായി മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുന്നതായി ഈ ദൃശ്യങ്ങളില്‍ കാണാം.

സമരത്തെ പരാജയപ്പെടുത്താനായി ദല്‍ഹി മുഴുവന്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിയിട്ടുണ്ട്.
പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തുന്ന യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ദല്‍ഹി പൊലീസ് ഇന്ന് രാവിലെ മുതല്‍ തന്നെ കസ്റ്റഡിയിലെടുക്കാന്‍ ആരംഭിച്ചിരുന്നു. ദല്‍ഹിക്ക് പുറമെ മറ്റ് നഗരങ്ങളില്‍ നിന്ന് ജന്തര്‍ മന്തറിലേക്ക് യാത്ര തിരിച്ച യുവാക്കളെയും അതത് പ്രദേശങ്ങളിലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സി.ജെ.പി നേതാക്കളായ അഭിജിത് ദീപ്‌കെ, സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവരെ ദല്‍ഹി വിമാനത്താവളത്തില്‍ നിന്ന് വിമാനത്തില്‍ കയറി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സി.ജെ.പി ലീഗല്‍ സെല്‍ നേതാവ് രത്‌ന സിങിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.എഫ്.ഐ നേതാവ് ഐഷെ ഘോഷ് അടക്കമുള്ളവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

 ദല്‍ഹിക്ക് സമീപം ഗുഡ്ഗാവില്‍ വെച്ച് സോഷ്യല്‍ ആക്ടിവിസ്റ്റ് ധ്രുവ് റാഠിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തില്‍ പങ്കെടുക്കാനായി എന്‍.സി.ആറില്‍ എത്തിച്ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഗുഡ്ഗാവില്‍ നിന്ന് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സി.പി.ഐ.എമ്മിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Content Highlight: Dilli Haat becomes our Jantar Mantar! Protestors have been detained while marching towards Jantar Mantar: Neha Bora

 
റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more