2027ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി രോഹിത് ശർമയുടെ ഏകദിന ടീമിലെ സ്ഥാനത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ദിലീപ് വെങ്സർക്കാർ. രോഹിതിന്റെ കഴിവിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത് നിരാശ ഉണ്ടാകുന്നുവെന്നാണ് വെങ്സർക്കാർ പറഞ്ഞത്.
റേവ്‌സ്‌പോർട്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ.
‘ഇത് വളരെ നിർഭാഗ്യകരമാണ്. വലിയ മത്സരങ്ങളിൽ അദ്ദേഹം സ്ഥിരമായി റൺസ് നേടിയിട്ടുണ്ട്. ഇന്ത്യയെ നിരവധി മത്സരങ്ങളിൽ വിജയിപ്പിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും രോഹിത്തിന്റെ കഴിവിനെക്കുറിച്ച് ചോദ്യങ്ങൾ ഉയരുന്നത് നിരാശാജനകമാണ്.
അടുത്ത ലോകകപ്പിൽ രോഹിത് കളിക്കുമോ എന്ന് എനിക്ക് പറയാൻ കഴിയില്ല. ഇനിയും ഒരുപാട് ക്രിക്കറ്റ് അദ്ദേഹത്തിന് ബാക്കിയുണ്ട്. പ്രകടനവും ഫിറ്റ്നസും അനുസരിച്ചായിരിക്കും എല്ലാ കാര്യങ്ങൾ തീരുമാനിക്കുക. എന്നാൽ ഓപ്പണറായി രോഹിത്തിന് ഇപ്പോഴും സ്ഥാനമുണ്ടെന്ന് ഞാൻ ഉറച്ചുവിശ്വസിക്കുന്നു,’ വെങ്സർക്കാർ പറഞ്ഞു.
അടുത്തിടെ അവസാനിച്ച ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും നിരാശപ്പെടുത്തിയ പ്രകടനകൾക്ക് പിന്നാലെ രോഹിത്തിന്റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ചോദ്യങ്ങൾ ഉയർന്നിരുന്നു. ലോർഡ്‌സിൽ നടന്ന പരമ്പരയിലെ നിർണായക മൂന്നാം മത്സരം അദ്ദേഹത്തിന്റെ അവസാന അന്താരാഷ്ട്ര മത്സരമായേക്കുമെന്ന തരത്തിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
എന്നാൽ ലോർഡ്‌സിൽ നടന്ന ഏകദിനത്തിൽ 110 പന്തിൽ 138 റൺസ് നേടി രോഹിത് വിമർശകർക്ക് മറുപടി നൽക്കുകയായിരുന്നു. 39കാരനായ രോഹിത് 288 ഏകദിന മത്സരങ്ങളിൽ നിന്ന് 34 സെഞ്ച്വറികൾ അടക്കം ഏകദേശം 12,000 റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിൽ മൂന്നാം സ്ഥാനത്താണ് രോഹിത്.
അതേസമയം, ഏകദിനത്തിലെ രോഹിത്തിന്റെ ഓപ്പണിങ് പങ്കാളിയായ ശുഭ്മൻ ഗില്ലിന്റെ ബാറ്റിങ് ശൈലിയെയും വെങ്സർക്കാർ പ്രശംസിച്ചു. എന്നാൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയുടെ ക്യാപ്റ്റനാവാൻ ഗില്ലിന് സാധിക്കുമോ എന്നതിനെ കുറിച്ചും വെങ്സർക്കാർ സംശയം പ്രകടിപ്പിച്ചു.
‘മൂന്ന് ഫോർമാറ്റുകളിലും ഗിൽ ക്യാപ്റ്റനാകുമോ എന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണ്. ആദ്യം ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുക്കണം. അതിന് ശേഷമാണ് ക്യാപ്റ്റനെ തിരഞ്ഞെടുക്കേണ്ടത്. കാരണം ക്യാപ്റ്റൻ പ്ലെയിങ് ഇലവനിലെ ഉറപ്പുള്ള താരമായിരിക്കണം.
ശുഭ്മൻ ഗിൽ മികച്ച താരമാണ്. അദ്ദേഹത്തിന്റെ ബാറ്റിങ്ങും ശൈലിയും എനിക്ക് ഇഷ്ടമാണ്. ഇംഗ്ലണ്ടിൽ അദ്ദേഹം ടീമിനെ നയിച്ച രീതി അതിശയിപ്പിക്കുന്നതായിരുന്നു. ക്യാപ്റ്റനായും ബാറ്ററായും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്,’ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം രോഹിത്തിന്റെ പകരക്കാരനായാണ് ശുഭ്മൻ ഗില്ലിനെ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ക്യാപ്റ്റനായി നിയമിച്ചത്. ഈ വർഷം ശ്രേയസ് അയ്യരെ ടി-20 ക്യാപ്റ്റനായും നിയമിച്ചിരുന്നു.
നിലവിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് രോഹിത്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
സെപ്റ്റംബർ 27 ന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യമത്സരം തിരുവനന്തപുരം ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുന്നത്. രണ്ടാം മത്സരം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലെ ബർസാപാര ക്രിക്കറ്റ് സ്റ്റേഡിയത്തിലും, മൂന്നാം മത്സരം ഒക്ടോബർ 3 ന് ന്യൂ ചണ്ഡിഗഢ് മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിലും നടക്കും.
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഇന്ത്യൻ സ്‌ക്വാഡ്
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), രോഹിത് ശർമ, വിരാട് കോഹ്ലി, റുതുരാജ് ഗെയ്ക്‌വാദ്, കെ.എൽ. രാഹുൽ, ധ്രുവ് ജുറെൽ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ഗുർനൂർ ബ്രാർ, മുഹമ്മദ് സിറാജ്, ഔഖിബ് നബി, യശസ്വി ജയ്സ്വാൾ, നമൻ ധീർ.
Content Highlight: Dilip Vengsarkar speaks about Rohit Sharma