| Monday, 11th August 2025, 2:18 pm

ഐ.പി.എല്ലില്‍ ബുംറയെ കളിപ്പിക്കരുതെന്ന് ഞാന്‍ അംബാനിയോട് പറയുമായിരുന്നു, കാരണം... ദിലീപ് വെങ്‌സര്‍ക്കര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയുടെ പ്രാധാന്യം കണക്കിലെടുത്ത് ജസ്പ്രീത് ബുംറ ഐ.പി.എല്ലില്‍ നിന്നും വിട്ടുനില്‍ക്കണമായിരുന്നു എന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കര്‍. ബുംറ പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും കളിക്കണമെന്നാണ് വെങ്‌സര്‍ക്കര്‍ പറഞ്ഞു.

അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യയും ഇംഗ്ലണ്ടും 2-2ല്‍ സമനിലയില്‍ പിരിയുകയായിരുന്നു. പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമാണ് ബുംറ കളിച്ചത്. താരത്തിന്റെ വര്‍ക്ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് അദ്ദേഹത്തിന് രണ്ട് മത്സരങ്ങളില്‍ വിശ്രമം നല്‍കിയത്. ബുംറ പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ മാത്രമേ കളിക്കൂ എന്ന് പരമ്പരയ്ക്ക് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഈ പരമ്പരയിലെ മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നല്ല, മറിച്ച് ഐ.പി.എല്‍ മത്സരങ്ങളില്‍ നിന്നും വിട്ടുനിന്നുകൊണ്ടായിരിക്കണം ബുംറയുടെ ജോലി ഭാരം ക്രമീകരിക്കേണ്ടിയിരുന്നത് എന്നാണ് വെങ്‌സര്‍ക്കര്‍ അഭിപ്രായപ്പെടുന്നത്.

താന്‍ ബി.സി.സി.ഐയുടെ ഭാരവാഹി ആയിരുന്നെങ്കില്‍ മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനെ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കുമായിരുന്നു എന്നും വെങ്‌സര്‍ക്കര്‍ പറഞ്ഞു.

ദിലീപ് വെങ്‌സര്‍ക്കര്‍

‘ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയുടെ പ്രാധാന്യവും താരത്തിന്റെ പുറം ഭാഗത്തിന്റെ ആരോഗ്യവും കണക്കിലെടുത്ത് ബി.സി.സി.ഐ, സെലക്ടര്‍മാര്‍, ടീം മാനേജ്‌മെന്റ് എന്നിവര്‍ ഐ.പി.എല്‍ 2025ല്‍ നിന്നും വിട്ടുനില്‍ക്കാന്‍ ബുംറയോട് പറഞ്ഞിരിക്കണം. ഈ ഐക്കോണിക് പരമ്പരയില്‍ പൂര്‍ണ ആരോഗ്യവാനായ ബുംറ ടീമിനൊപ്പമുണ്ടാകണം എന്നത് ഏറെ പ്രധാനമാണ്,’ വെങ്‌സര്‍ക്കര്‍ പറഞ്ഞു.

ഒരുപക്ഷേ ഞാനായിരുന്നു ഇന്ത്യയുടെ ചീഫ് സെലക്ടറെങ്കില്‍, ഇംഗ്ലണ്ട് പര്യടനത്തിനായി ബുംറ ഐ.പി.എല്ലില്‍ നിന്നും വിട്ടുനില്‍ക്കേണ്ടത് ഏറെ പ്രധാനമാണെന്ന് മുകേഷ് അംബാനിയോട് പറയുമായിരുന്നു. അതുമല്ലെങ്കില്‍ കുറച്ച് മത്സരങ്ങളില്‍ മാത്രം കളിപ്പിക്കാന്‍ വേണ്ടി ആവശ്യപ്പെടുമായിരുന്നു. അവര്‍ ഇക്കാര്യം അംഗീകരിക്കുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്.

അവന്‍ ഐ.പി.എല്ലില്‍ നേടിയ വിക്കറ്റുകളുടെ എണ്ണത്തെ കുറിച്ചെല്ലാം ആര് ഓര്‍ത്തിരിക്കാനാണ്? എന്നാല്‍ ഈ പരമ്പരയിലെ മുഹമ്മദ് സിറാജിന്റെ അവിശ്വസനീയ പ്രകടനം എക്കാലവും ഓര്‍ത്തുവെക്കും. ശുഭ്മന്‍ ഗില്‍, യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് എന്നിവരുടെ മികച്ച ബാറ്റിങ് പ്രകടനവും വാഷിങ്ടണ്‍ സുന്ദറിന്റെ ഓള്‍ റൗണ്ട് മികവുമെല്ലാം ആളുകള്‍ക്ക് എന്നും ഓര്‍മയുണ്ടാകും.

നാല് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും ഇത്തരത്തില്‍ ഒരു പരമ്പര നടക്കുക. 2027 വരെ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര കളിക്കുന്നില്ല എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഇത് കാലങ്ങളായി ഓര്‍ത്തുവെക്കപ്പെടുന്ന പരമ്പരയായിരുന്നു. ഈ പരമ്പരയിലെ അഞ്ച് മത്സരത്തിലും ബുംറ കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. ഇങ്ങനെയായിരുന്നെങ്കില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുമായിരുന്നു,’ വെങ്‌സര്‍ക്കര്‍ പറഞ്ഞു.

Content Highlight: Dilip Vengsarkar on Jasprit Bumrah’s workload

We use cookies to give you the best possible experience. Learn more