ആഭ്യന്തര മത്സരങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന താരങ്ങള്‍ക്ക് ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കുന്നില്ലെന്ന് മുന്‍ താരം ദിലീപ് വെങ്സര്‍ക്കാര്‍. ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന് ആഭ്യന്തര മത്സരങ്ങളിലെ പ്രകടനങ്ങള്‍ മാനദണ്ഡമല്ലെങ്കില്‍ രഞ്ജി ട്രോഫി തന്നെ ഒഴിവാക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
‘ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന് ഈ ആഭ്യന്തര മത്സരങ്ങളിലെ പ്രകടനങ്ങള്‍ മാനദണ്ഡമല്ലെന്ന് നിങ്ങള്‍ കരുതുന്നുവെങ്കില്‍, പിന്നെ രഞ്ജി ട്രോഫി തന്നെ ഒഴിവാക്കൂ. എന്തിനാണ് രഞ്ജി ട്രോഫി കളിക്കുന്നത്? ഈ താരങ്ങള്‍ കഠിനാധ്വാനം ചെയ്യുകയാണ്.
അവര്‍ മത്സരങ്ങള്‍ ജയിപ്പിക്കുന്നു, വിക്കറ്റുകള്‍ വീഴ്ത്തുന്നു. എന്നിട്ടും അതിന്റെ പ്രതിഫലമായി ഒരു ഇന്ത്യന്‍ ക്യാപ് പോലും ലഭിക്കുന്നില്ലെങ്കില്‍, അവര്‍ നടത്തുന്ന ഈ അധ്വാനവും സമയവും പാഴാകുകയാണ്,’ ദിലീപ് വെങ്സര്‍ക്കാര്‍.
ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് ക്രിക്കറ്റിലും ഏകദിനത്തിലും ഒട്ടനവധി സംഭാവനകള്‍ നല്‍കിയ താരമാണ് ദിലീപ് വെങ്സര്‍ക്കാര്‍. 116 ടെസ്റ്റിലെ 185 ഇന്നിങ്സില്‍ നിന്ന് 6868 റണ്‍സാണ് വെങ്സര്‍ക്കാര്‍ നേടിയത്. 17 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്. ഏകദിനത്തില്‍ 129 മത്സരത്തിലെ 120 ഇന്നിങ്സില്‍ നിന്ന് 3508 റണ്‍സാണ് താരത്തിനുള്ളത്. ഒരു സെഞ്ച്വറിയും 23 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.
അതേസമയം ഇന്ത്യന്‍ ടീം മാനേജ്മെന്റിന് വലിയ തലവേദ സഹിക്കേണ്ടി വരുന്ന അവസ്ഥയാണ് അടുത്ത കാലത്തായി കണ്ടുവരുന്നത്. ആഭ്യന്തര മത്സരങ്ങളില്‍ മിന്നും ഫോം പുറത്തെടുക്കുന്ന യുവ താരങ്ങളാണ് വളര്‍ന്നുവരുന്നത്. കഴിവുള്ള ഒട്ടനവധി താരങ്ങളാണ് ഇന്ത്യയ്ക്ക് വെയ്റ്റിങ് ലിസ്റ്റിലുള്ളതും.
എന്നാല്‍ യുവ തരങ്ങളെ പരിഗണിക്കുമ്പോള്‍ മറ്റ് സീനിയര്‍ താരങ്ങള്‍ക്കും തങ്ങള്‍ അര്‍ഹിക്കുന്ന അവസരം നഷ്ടപ്പെടാതെ മേനേജ്മെന്റ് നോക്കേണം. അത്തരത്തില്‍ പലരും അടുത്ത കാലത്തായി ഇന്ത്യന്‍ ടീം മാനേജ്മെന്റിനെ വിമര്‍ശിച്ചിരുന്നു.
Content Highlight: Dilip Vengsarkar Criticize Indian Team Management