സൂപ്പര്‍ താരം സര്‍ഫറാസ് ഖാനെ നിരന്തരമായി അവഗണിക്കുന്ന മാനേജ്‌മെന്റിന്റെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും 1983 ലോകകപ്പ് ഹീറോയുമായ ദിലീപ് വെങ്‌സര്‍ക്കര്‍. എല്ലാ ഫോര്‍മാറ്റില്‍ നിന്നും സര്‍ഫറാസ് ഖാനെ ഇത്തരത്തില്‍ തുടര്‍ച്ചയായി അവഗണിക്കുന്നത് തീര്‍ത്തും നാണക്കേടാണ് എന്നാണ് വെങ്‌സര്‍ക്കര്‍ അഭിപ്രായപ്പെട്ടത്
ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദിലീപ് വെങ്‌സര്‍ക്കര്‍. Photo: Wikipedia
‘അവനെ ക്രിക്കറ്റിന്റെ ഒരു ഫോര്‍മാറ്റിലും തെരഞ്ഞെടുക്കാത്തത് എന്നെ തീര്‍ത്തും അമ്പരപ്പിക്കുന്നു. സ്ഥിരതയോടെ അവന്‍ ടീമിനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, ഇന്ത്യയ്ക്കായി കളിക്കാന്‍ അവസരം ലഭിച്ചിപ്പോള്‍ മികച്ചതാക്കാന്‍ അവന്‍ ശ്രമിച്ചിട്ടുണ്ട്.
ഇത്തരമൊരു പ്രതിഭയെ ഇന്ത്യ തീര്‍ത്തും അവഗണിച്ചു. ഇതെന്തൊരു നാണക്കേടാണ്. ധര്‍മശാലയില്‍ ഇംഗ്ലണ്ടിനെതിരെ (ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനം 2024 – അഞ്ചാം ടെസ്റ്റ്) ദേവ്ദത്ത് പടിക്കലിനൊപ്പം അവന്‍ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടു. അതൊരു നിര്‍ണായക സെഷനായിരുന്നു.
വിജയ് ഹസാര ട്രോഫിയില്‍ സെഞ്ച്വറി നേടിയ സര്‍ഫറാസ് ഖാന്‍റെ ആഹ്ലാദം: Photo: johns/x.com
അവര്‍ ഇരുവരും മനോഹരമായി ബാറ്റ് ചെയ്യുകയും മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തുകയും ചെയ്തു. ഇന്ത്യയുടെ വിജയത്തില്‍ ഇത് നിര്‍ണായകമായിരുന്നു,’ വെങ്‌സര്‍ക്കര്‍ പറഞ്ഞു.
എന്നാല്‍ മറ്റൊരു ടെസ്റ്റില്‍ കളിക്കാന്‍ ഇന്ത്യ സര്‍ഫറാസിന് അവസരം നല്‍കാത്തത് തീര്‍ത്തും അമ്പരപ്പിക്കുന്നുവെന്നും എല്ലാ ഫോര്‍മാറ്റിലും തിളങ്ങാന്‍ സര്‍ഫറാസിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആഭ്യന്തര ക്രിക്കറ്റില്‍ പുറത്തെടുക്കുന്ന മികച്ച പ്രകടനത്തില്‍ ഇന്ത്യന്‍ ലെജന്‍ഡ് ആര്‍. അശ്വിനും സര്‍ഫറാസിനെ പ്രശംസിച്ചിരുന്നു. താരത്തിന്റെ പ്രകടനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അശ്വിന്റെ പ്രശംസ.
‘സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ അടിച്ചെടുത്തത് 100*(47), 52(40), 64(25), 73(22) ഇങ്ങനെ. വിജയ് ഹസാരെയിലെ രണ്ടാം മത്സരത്തില്‍ 55 (49) റണ്‍സ് നേടിയവന്‍ അടുത്ത മത്സരത്തില്‍ 14 സിക്സറുകള്‍ ഉള്‍പ്പെടെ 75 പന്തില്‍ 157 റണ്‍സും നേടി. സ്ലോഗ് സ്വീപ്പ് ഷോര്‍ട്ടുകള്‍ ഉപയോഗിച്ച് മധ്യ ഓവറുകളില്‍ അദ്ദേഹം സ്പിന്നിനെതിരെ എത്രത്തോളം മികച്ച രീതിയില്‍ സ്‌കോര്‍ ചെയ്യുന്നു എന്നത് ശ്രദ്ധേയമാണ്.
അവന്‍ വാതിലില്‍ മുട്ടുന്നില്ല, അവന്‍ അത് ചവിട്ടി തുറക്കുകയാണ്. സി.എസ്.കെ അദ്ദേഹത്തെ കളത്തിലിറക്കണം ഈ സീസണില്‍ സൂപ്പര്‍ കിങ്‌സിന് ഒരുപാട് ബാറ്റര്‍മാരുണ്ട്. 2026ലെ ഐ.പി.എല്ലിനായി എനിക്ക് കാത്തിരിക്കാന്‍ കഴിയുന്നില്ല,’ എന്നാണ് എക്‌സില്‍ പങ്കുവെച്ച പോസ്റ്റിലെഴുതിയത്.
Content highlight: Dilip Vengsarkar about Sarfaraz Khan