സാധാരണക്കാരന്റെ ജീവിതം ക്യാമറക്കണ്ണുകളിലൂടെ തനിമയോടെ ഒപ്പിയെടുക്കുന്ന സംവിധായകനാണ് ദിലീഷ് പോത്തൻ. മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ജോജി എന്നീ മൂന്ന് ചിത്രങ്ങളിലൂടെത്തന്നെ അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനായി മാറി.മലയാളികളുടെ നിത്യജീവിതത്തോട് അത്രമേൽ ചേർന്നുനിൽക്കുന്ന അവതരണ ശൈലിയാണ് അദ്ദേഹത്തിന്റെ സിനിമകളുടെ പ്രധാന സവിശേഷത.
സംവിധായകൻ എന്നതിനപ്പുറം മികച്ചൊരു നടനായും ദിലീഷ് പോത്തൻ പ്രേക്ഷകമനസിലിടം നേടിയിട്ടുണ്ട്. ‘സാൾട്ട് ആൻഡ് പെപ്പർ’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം നടനായി അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് തന്റെ ആദ്യ സംവിധാന സംരംഭമായ ‘മഹേഷിന്റെ പ്രതികാര’ത്തിലും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചു. ഹാസ്യ വേഷങ്ങൾ മുതൽ ഗൗരവമേറിയ വില്ലൻ കഥാപാത്രങ്ങളും പൊലീസുകാരും വരെ അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ്.
ദിലീഷ് പോത്തൻ സിനിമകൾ.Photo:Imdb
ഇപ്പോൾ, സിനിമയിലെ തന്റെ തുടക്കകാല നിരീക്ഷണങ്ങൾ പങ്കുവെക്കുകയാണ് അദ്ദേഹം. ‘ബാബു രാമചന്ദ്രൻ’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ മനസ് തുറന്നത്.
‘നാടകങ്ങളിൽ രണ്ടു മാസത്തോളം നീളുന്ന റിഹേഴ്സലുകളിലൂടെ നടന്മാരെ ഗ്രും ചെയ്യുമ്പോൾ അവരുടെ പ്രകടനത്തിൽ ഉണ്ടാകുന്ന വലിയ മാറ്റം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. എന്നാൽ സിനിമയിലേക്ക് വരുമ്പോൾ അഭിനേതാക്കളുടെ കാര്യത്തിൽ അത്തരം ആഴത്തിലുള്ള ശ്രമങ്ങൾ ഉണ്ടാകുന്നില്ല എന്ന ചിന്ത എന്നെ സ്വാധീനിച്ചിരുന്നു.
സിനിമയിൽ ക്യാമറ, ലൈറ്റിംങ്, ആർട്ട്, കോസ്റ്റ്യൂം, മേക്കപ്പ് എന്നിവയ്ക്കൊക്കെയായി ധാരാളം സമയം മാറ്റിവെക്കാറുണ്ട്. എന്നാൽ സിനിമയ്ക്ക് ഏറ്റവും മികച്ച ഫലം നൽകാൻ സാധിക്കുന്ന ‘അഭിനയം’ എന്ന മേഖലയ്ക്ക് മാത്രം വേണ്ടത്ര സമയം നൽകാറില്ല. പലപ്പോഴും നടന്മാർ ക്യാമറയ്ക്ക് മുന്നിലെത്തി നൽകുന്ന രണ്ടോ മൂന്നോ ടേക്കുകൾ അതേപടി സ്വീകരിക്കുകയാണ് പതിവ്.
ദിലീഷ് പോത്തൻ .Photo;Imdb
അതിനപ്പുറം പുതിയ പരീക്ഷണങ്ങൾക്കോ, അവരുടെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനോ ഉള്ള ശ്രമങ്ങൾ സിനിമയുടെ അണിയറയിൽ ഉണ്ടാകാറില്ല. എന്തുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ട ഒരു മേഖലയിൽ ആരും ആഴത്തിൽ വർക്ക് ചെയ്യാൻ തയ്യാറാകാത്തത് എന്നൊരു ചോദ്യം എപ്പോഴും എന്നിലുണ്ടായിരുന്നു.’ ദിലീഷ് പോത്തൻ പറയുന്നു.
നായക പരിവേഷങ്ങൾക്കപ്പുറം, കഥാപരിസരത്തിന് അനുയോജ്യരായ സാധാരണ മനുഷ്യരെയാണ് ദിലീഷ് പോത്തൻ സിനിമകളിൽ കാണാൻ സാധിക്കുക. അതിഭാവുകത്വമുള്ള (Melodrama) ഡയലോഗുകളോ രംഗങ്ങളോ അദ്ദേഹത്തിന്റെ സിനിമകളിൽ ഉണ്ടാകാറില്ല.
നിത്യജീവിതത്തിൽ നമ്മൾ കാണുന്ന തമാശകളും സങ്കടങ്ങളും അതേപടി സ്ക്രീനിലെത്തിക്കാൻ അദ്ദേഹം ശ്രദ്ധിക്കുന്നു. ഡിജിറ്റൽ ലോകത്തെ റിയലിസ്റ്റിക് സിനിമകളുടെ ഒരു പുതിയ തരംഗം തന്നെയാണ് അദ്ദേഹം മലയാളത്തിൽ സൃഷ്ടിച്ചത്.
ദിലീഷ് പോത്തൻ.Photo: Imdb
നടന്മാരെ വെറുതെ ക്യാമറയ്ക്ക് മുന്നിൽ നിർത്താതെ, അവരെ കഥാപാത്രങ്ങളിലേക്ക് പൂർണമായി ഇറക്കിവിട്ട്, കൃത്യമായി വർക്ക് ചെയ്യിച്ച് റിസൾട്ട് ഉണ്ടാക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ ചെറിയ കഥാപാത്രങ്ങൾ പോലും പ്രേക്ഷകരുടെ മനസിൽ ഇന്നും തങ്ങിനിൽക്കുന്നത്.
സിനിമയെക്കുറിച്ചുള്ള ഈ കൃത്യമായ നിരീക്ഷണങ്ങളും കാഴ്ചപ്പാടുകളുമാണ് സാധാരണക്കാരന്റെ ജീവിതം ഇത്ര മനോഹരമായി ഒപ്പിയെടുക്കാൻ ഈ സംവിധായകനെ സഹായിച്ചത്.
Content Highlight: Dileesh Pothen says Cinema lacks serious effort to improve and explore an actor’s true potential