| Monday, 11th August 2025, 5:16 pm

കൊമേഴ്ഷ്യല്‍ സിനിമ ചെയ്യാനാണ് അന്ന് ഞാന്‍ ശ്രമിച്ചത്: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍, നടന്‍ എന്നീ നിലയില്‍ ഇന്ന് മലയാള സിനിമയില്‍ ശ്രദ്ധേയനാണ് ദിലീഷ് പോത്തന്‍. ആദ്യമായി സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെ തന്നെ അദ്ദേഹത്തെ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. സംവിധായകനില്‍ നിന്ന് നടനിലേക്കുള്ള അദ്ദേഹത്തിന്റെ യാത്ര വളരെ പെട്ടെന്നായിരുന്നു.

ഇപ്പോള്‍ സിനിമ എടുക്കുമ്പോള്‍ പുരസ്‌കാരങ്ങളെക്കുറിച്ച് ചിന്തിക്കാറുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ദിലീഷ് പോത്തന്‍. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹേഷിന്റെ പ്രതികാരത്തിന് പുരസ്‌കാരം കിട്ടുന്ന ദിവസംവരെ അത്തരമൊരു അവാര്‍ഡിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കാരണം ഒരു കൊമേഴ്ഷ്യല്‍ സിനിമ ചെയ്യാനാണ് അന്ന് ശ്രമിച്ചത്. അംഗീകാരം കിട്ടിയപ്പോള്‍ പ്രോത്സാഹനമായി. പിന്നെ എന്റെ കാഴ്ചപ്പാടില്‍ കലയെ പുരസ്‌കാരത്തിന്റെ പേരില്‍ വിലയിരുത്തേണ്ടതില്ല. കാലടിയില്‍ പഠിക്കുന്ന സമയത്ത് ഞാന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന കാര്യമൊക്കെ എല്ലാവര്‍ക്കും അറിയാം. എം.എ. പൂര്‍ത്തിയാകാറായപ്പോള്‍ സിനിമ, നാടക പരിചയങ്ങള്‍വെച്ച് പലസ്ഥലത്തുനിന്ന് കലോത്സവ നാടകമത്സരങ്ങള്‍ക്ക് ജഡ്ജായി ക്ഷണിച്ചു,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

സാമ്പത്തികപരമായി ഏറെ ബുദ്ധിമുട്ടുള്ള കാലമായതിനാല്‍ തന്നെ സംബന്ധിച്ച് അതൊരു ചെറിയ വരുമാനമാര്‍ഗം കൂടിയായിയിരുന്നുവെന്ന് അദ്ദേഹം പറയുന്നു. കുറച്ചുകാലം ജഡ്ജായി പോയപ്പോള്‍ എനിക്കത് വലിയ മാനസികസമ്മര്‍ദം ഉണ്ടാക്കിയെന്നും അതോടെ ആ പരിപാടി നിര്‍ത്തിയെന്നും ദിലീഷ് പോത്തന്‍ പറയുന്നു.

‘പിന്നീട് ഇതുവരെ ഒരു ജൂറിയോ ജഡ്ജോ ആയി എവിടെയും പോയിട്ടില്ല. പോയ വര്‍ഷങ്ങളില്‍ സംസ്ഥാന ചലച്ചിത്രപുരസ്‌കാര നിര്‍ണയം, ഐ.എഫ്.എഫ്.ഐ. തുടങ്ങി പ്രമുഖ ഇടങ്ങളില്‍ ജൂറിയായി ക്ഷണിച്ചിരുന്നു. എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് പറഞ്ഞ് ഒഴിവായി. കലയെ എങ്ങനെ താരതമ്യം ചെയ്യും എന്ന കാര്യത്തില്‍ ഇപ്പോഴും എനിക്ക് ആശയക്കുഴപ്പമുണ്ട്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

Content Highlight:  Dileesh Pothen is responding to the question of whether he thinks about awards while making a film

We use cookies to give you the best possible experience. Learn more