| Saturday, 17th June 2023, 11:48 pm

ഫിലിം റിവ്യൂസിനെ ഭയപ്പെടുന്നില്ല, റിവ്യൂ കാണുമ്പോള്‍ ചെയ്യുന്ന ആളെ കൂടിയാണ് വിലയിരുത്തുന്നത്: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ റിവ്യൂസിനെ ഭയപ്പെടുന്ന ഒരാളല്ല താനെന്ന് ദിലീഷ് പോത്തന്‍. റിവ്യു കാണുമ്പോള്‍ അത് ചെയ്യുന്ന ആളെ കൂടിയാണ് വിലയിരുത്തുന്നതെന്നും അയാള്‍ മുമ്പ് മറ്റ് സിനിമകളെ പറ്റി പറഞ്ഞ അഭിപ്രായങ്ങള്‍ കൂടി കേട്ടതിന് ശേഷമേ ആ റിവ്യൂവിനെ വിശ്വസിക്കുകയുള്ളൂവെന്നും ദിലീഷ് പറഞ്ഞു. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

‘ഞാന്‍ റിവ്യൂവിനെ അത്ര ഭയപ്പെടുന്ന ഒരാളല്ല. റിവ്യൂകളൊക്കെ കാണാറുണ്ട്. കാണുമ്പോള്‍ രണ്ട് കാര്യങ്ങളാണ് ചെയ്യുക. റിവ്യൂ ചെയ്യുന്ന ആളെ കൂടിയാണ് ഞാന്‍ വിലയിരുത്തുന്നത്. ആരെങ്കിലും ഒരാള്‍ നല്ലതാണെന്ന് പറഞ്ഞിട്ട് ഞാന്‍ സിനിമ കാണാന്‍ പോവാറില്ല, അല്ലെങ്കില്‍ സിനിമയെ ചൂസ് ചെയ്യാറില്ല.

ഇദ്ദേഹം മുമ്പ് ഏതൊക്കെ സിനിമ നല്ലതാണെന്ന് പറഞ്ഞു, അദ്ദേഹം ഒരു സിനിമയെ എങ്ങനെയാണ് വിലയിരുത്തുന്നത് എന്നതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് ഞാന്‍ ആ റിവ്യൂവിനെ വിശ്വസിക്കുന്നത്. അല്ലാതെ ഒരാള്‍ ഒരു സിനിമ മോശമാണെന്ന് പറഞ്ഞാല്‍ അത് വേണ്ടെന്ന് വെക്കുന്ന ആളല്ല ഞാന്‍. അതുകൊണ്ട് റിവ്യൂ പേടിക്കാനുള്ള സംഗതിയായി തോന്നിയിട്ടില്ല.

എല്ലാ സിനിമക്കും ആ പ്ലോട്ട് പോയിന്റ് മുമ്പോട്ട് കൊണ്ടുപോകുന്ന ഒരു രസച്ചരട് ഉണ്ടാവും. ചിലത് തമാശ കൊണ്ടാവും മുമ്പോട്ടേക്ക് പോകുന്നത്, ചിലതില്‍ ഉദ്വേഗജനകമായ സാഹചര്യം ഉള്ളതുകൊണ്ടാവാം, ചിലതിനെ അതിലെ ഇമോഷന്‍സായിരിക്കാം ഡ്രൈവ് ചെയ്യുന്നത്. ഓരോ സിനിമയേയും മുമ്പോട്ട് ഡ്രൈവ് ചെയ്യുന്നത് ഓരോ തരത്തിലുള്ള ഡിമാന്‍ഡ് ആയിരിക്കാം എന്നാണ് എനിക്ക് തോന്നുന്നത്,’ ദിലീഷ് പോത്തന്‍ പറഞ്ഞു.

ഒ. ബേബിയാണ് ഒടുവില്‍ റിലീസ് ചെയ്ത ദിലീഷ് പോത്തന്റെ ചിത്രം. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതി സംവിധാനം ചെയ്ത ഒ. ബേബി ജൂണ്‍ ഒമ്പതിനാണ് റിലീസ് ചെയ്തത്.

ദിലീഷ് പോത്തന്‍, അഭിഷേക് ശശിധരന്‍, പ്രമോദ് തേര്‍വാര്‍പ്പള്ളി എന്നിവര്‍ ചേര്‍ന്ന് ടര്‍ടില്‍ വൈന്‍ പ്രൊഡക്ഷന്‍സ്, കളര്‍ പെന്‍സില്‍ ഫിലിംസ്, പകല്‍ ഫിലിംസ് എന്നീ ബാനറുകളിലാണ് ചിത്രം നിര്‍മിച്ചത്. ദിലീഷ് പോത്തനൊപ്പം രഘുനാഥ് പലേരി, ഹാനിയ നസീഫ, സജി സോമന്‍, ഷിനു ശ്യാമളന്‍, അതുല്യ ഗോപാലകൃഷ്ണന്‍, വിഷ്ണു അഗസ്ത്യ, ദേവ്ദത്ത് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: dileesh pothen about film reviews

Latest Stories

We use cookies to give you the best possible experience. Learn more