| Thursday, 17th July 2025, 6:40 am

മഹേഷിനെ പോലെ തൊണ്ടിമുതല്‍ കൊമേഴ്ഷ്യലി ഓടുമോയെന്ന് സംശയിച്ചു: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ദിലീഷ് പോത്തന്റെ സംവിധാനത്തില്‍ എത്തിയ സിനിമകളാണ് മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്നിവ. 2016ല്‍ ആയിരുന്നു മഹേഷിന്റെ പ്രതികാരം റിലീസ് ചെയ്യുന്നത്. തൊട്ടടുത്ത വര്‍ഷമായിരുന്നു (2017) തൊണ്ടിമുതല്‍ എത്തുന്നത്.

ഇപ്പോള്‍ മഹേഷിന്റെ പ്രതികാരം സിനിമ പോലെ അത്രയും കൊമേഴ്ഷ്യല്‍ പ്ലോട്ട് പോയിന്റുകളൊന്നും ഉള്ള സിനിമയായിരുന്നില്ല തൊണ്ടിമുതല്‍ എന്ന് പറയുകയാണ് ദിലീഷ് പോത്തന്‍.

അതുകൊണ്ട് മഹേഷിനെ പോലെ തൊണ്ടിമുതലും കൊമേഴ്ഷ്യലി ഓടുമോയെന്ന ചെറിയ സംശയം ഉണ്ടായിരുന്നെന്നും അദ്ദേഹം പറയുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമ ചെയ്യുന്ന സമയത്തെ കാര്യങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. എനിക്ക് അതിന്റെ കഥ വളരെ ഇഷ്ടപ്പെട്ടിരുന്നു. എന്നാല്‍ മഹേഷിന്റെ പ്രതികാരം സിനിമ പോലെ അത്രയും കൊമേഴ്ഷ്യല്‍ പ്ലോട്ട് പോയിന്റുകളൊന്നും ഉള്ള സിനിമയായിരുന്നില്ല ഇത്.

അതുകൊണ്ട് മഹേഷിനെ പോലെ തൊണ്ടിമുതലും കൊമേഴ്ഷ്യലി ഓടുമോയെന്ന ചെറിയ സംശയം ഉണ്ടായിരുന്നു. അപ്പോഴും പടം റിലീസിന് ശേഷം സേഫായിരിക്കുമെന്ന് അറിയാമായിരുന്നു. വലിയ കൊമേഴ്ഷ്യല്‍ വിജയം നേടുമോ എന്ന കാര്യത്തില്‍ സംശയമായിരുന്നു.

പക്ഷെ അപ്പോള്‍ ഞാന്‍ ഓര്‍ത്തത് ഒരു കാര്യം മാത്രമാണ്. ഇതാണ് ഒരു റിസ്‌ക്ക് എടുക്കാന്‍ പറ്റിയ സമയമെന്നാണ് ഓര്‍ത്തത്. അതിന് കാരണമുണ്ട്. സോള്‍ട്ട് ആന്‍ പെപ്പര്‍ സിനിമ കഴിഞ്ഞ് 22 ഫീമെയില്‍ കോട്ടയം ചെയ്യുന്ന സമയത്ത് ആഷിഖ് അബുവിനോട് ഞാന്‍ സംസാരിച്ചിരുന്നു.

അന്ന് ആ സിനിമയുടെ കഥ ഇന്‍ട്രസ്റ്റിങ്ങാണെന്ന് ഞാന്‍ പറഞ്ഞിരുന്നു. എന്താണ് അഭിപ്രായമെന്ന് ആഷിഖ് ചോദിച്ചപ്പോള്‍ ‘പരിപാടി നല്ല പരിപാടിയാണ്. നല്ല സിനിമയാകും. എന്നാല്‍ കൊമേഴ്ഷ്യലി എത്രമാത്രം ഓടുമെന്ന കാര്യത്തില്‍ ചെറിയ സംശയമുണ്ട്’ എന്നായിരുന്നു എന്റെ മറുപടി.

എന്റെയൊരു അഭിപ്രായമെന്ന രീതിയില്‍ പറഞ്ഞതായിരുന്നു അത്. അന്ന് ആഷിക്ക് പറഞ്ഞ മറുപടി ‘ഇപ്പോഴാണ് നമുക്കൊരു റിസ്‌ക്ക് എടുക്കാന്‍ പറ്റുന്ന സമയം. ഒരു വലിയ വിജയം നില്‍ക്കുമ്പോഴാണ് നമുക്ക് എന്തെങ്കിലും മാറി ട്രൈ ചെയ്യാന്‍ പറ്റുന്നത്’ എന്നാണ്.

ആ ചിന്ത എനിക്ക് തൊണ്ടിമുതല്‍ ചെയ്യുമ്പോള്‍ ഉണ്ടായിരുന്നു. കൊമേഴ്ഷ്യലി മഹേഷിന് ഉണ്ടായ വിജയം എനിക്ക് കുറച്ചു കൂടെ കോണ്‍ഫിഡന്‍സ് തന്നിരുന്നു. ഈ പടം പാളിയാലും കൊമേഴ്ഷ്യലി വര്‍ക്കായില്ലെങ്കിലും മൂന്നാമതും എനിക്ക് പടം വരുമെന്ന കോണ്‍ഫിഡന്‍സ് ഉണ്ടായിരുന്നു,’ ദിലീഷ് പോത്തന്‍ പറയുന്നു.


Content Highlight: Dileesh Pothan Talks About Thondimuthalum Drisakshiyum And Maheshinte Prathikaaram Movie

We use cookies to give you the best possible experience. Learn more