| Thursday, 17th July 2025, 10:31 pm

മഹേഷിന്റെ പ്രതികാരത്തില്‍ സൗബിന്റെ ആ സീന്‍ കട്ട് ചെയ്തതായിരുന്നു, പിന്നീട് വെച്ചപ്പോള്‍ അത് ഹിറ്റായി: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയുടെ ഗതിമാറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു മഹേഷിന്റെ പ്രതികാരം. ക്യാമറക്ക് മുന്നില്‍ മാത്രം കണ്ട് ശീലിച്ച ദിലീഷ് പോത്തന്‍ ആദ്യമായി സംവിധായകുപ്പായമണിഞ്ഞ ചിത്രം പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു. രണ്ട് ദേശീയ അവാര്‍ഡും രണ്ട് സംസ്ഥാന അവാര്‍ഡും ചിത്രം സ്വന്തമാക്കിയിരുന്നു. മലയാളത്തിലെ റിയലിസ്റ്റിക് സിനിമകളുടെ തുടക്കം ഇവിടെ നിന്നായിരുന്നു.

ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍. ചിത്രത്തില്‍ ഒരുപാട് ചിരിപ്പിച്ച രംഗങ്ങളിലൊന്നായിരുന്നു സൗബിനും അലന്‍സിയറും തമ്മിലുള്ള സംഭാഷണം. ‘ഇത്രക്ക് ചീപ്പാണോ ആര്‍ട്ടിസ്റ്റ് ബേബി’ എന്ന് ചോദിക്കുന്ന രംഗത്തില്‍ താന്‍ ആദ്യം തൃപ്തനല്ലായിരുന്നെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. ആ സീനില്‍ കോമഡിയും ഇമോഷനും ഒന്നിച്ച് വന്നെന്നും അത് തനിക്ക് നന്നായി തോന്നിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രേക്ഷകര്‍ക്ക് ആ സീനിന് എന്ത് റിയാക്ഷന്‍ നല്കണമെന്ന കാര്യത്തില്‍ കണ്‍ഫ്യൂഷനുണ്ടാകുമെന്നും അക്കാരണം കൊണ്ടാണ് ആ സീന്‍ കട്ട് ചെയ്തതെന്നും അദ്ദേഹം പറയുന്നു. പിന്നീട് ബിജിബാല്‍ തന്നെ വിളിച്ചെന്നും ആ സീന്‍ വീണ്ടും ചേര്‍ക്കാന്‍ ആവശ്യപ്പെട്ടെന്നും ദിലീഷ് പോത്തന്‍ പറഞ്ഞു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഹേഷിന്റെ പ്രതികാരത്തിന്റെ സെക്കന്‍ഡ് ഹാഫില്‍ സൗബിന്റെ ക്യാരക്ടറും അലന്‍സിയറും തമ്മിലുള്ള സീന്‍ ആദ്യം ഒഴിവാക്കിയതായിരുന്നു. ഷൂട്ട് ചെയ്തപ്പോള്‍ ഒരു കുഴപ്പവും ആ സീനിന് തോന്നിയില്ല. പക്ഷേ, എഡിറ്റിങ് ടേബിളിലെത്തിയപ്പോള്‍ എന്തോ ഒരു വ്യത്യാസം തോന്നി. ഇമോഷണല്‍ സീനെന്ന് വിചാരിച്ച് എടുത്ത സീനിന് ചിരിയാണ് വന്നത്.

തിയേറ്ററില്‍ ഇത് കാണുന്ന ഓഡിയന്‍സിനും എനിക്കുണ്ടായ അതേ കണ്‍ഫ്യൂഷന്‍ ഉണ്ടാകുമോ എന്ന് വിചാരിച്ച് ആ സീന്‍ കട്ട് ചെയ്ത് കളഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് ബിജിബാല്‍ എന്നെ വിളിച്ചു. ‘ആ സീന്‍ കാണുന്നില്ലല്ലോ’ എന്ന് ചോദിച്ചു. ‘അത് ശരിയായി തോന്നിയില്ല, അതുകൊണ്ട് കളഞ്ഞു’ എന്ന് ഞാന്‍ ബിജിയേട്ടനോട് പറഞ്ഞു.

‘അത് കളയുന്നത് എന്തിനാ, ഗംംഭീര സീനാണ്. തിയേറ്ററില്‍ എന്തായാലും വര്‍ക്കാകും’ എന്ന് പറഞ്ഞിട്ട് എന്നോട് ആ സീന്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടു. റിലീസിന് കുറച്ച് ദിവസം മാത്രമേയുള്ളൂ. അപ്പോഴാണ് ആ സീന്‍ വീണ്ടും ചേര്‍ത്തത്. ബിജി ചേട്ടന്‍ പറഞ്ഞതുപോലെ അത് വര്‍ക്കായി. എല്ലാ ക്രെഡിറ്റും പുള്ളിക്കുള്ളതാണ്,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content Highlight: Dileesh Pothan about the editing process of Maheshinte Prathikaram movie

We use cookies to give you the best possible experience. Learn more