| Wednesday, 16th July 2025, 4:50 pm

മോഹന്‍ലാല്‍ ടോപ് ക്ലാസ് റോളുകള്‍ മാത്രമേ ചെയ്യുള്ളൂ എന്ന ഡയലോഗ് കിട്ടിയത് അയാളില്‍ നിന്ന്: ദിലീഷ് പോത്തന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമയുടെ ഗതി മാറ്റിയ ചിത്രങ്ങളിലൊന്നായിരുന്നു 2015ല്‍ പുറത്തിറങ്ങിയ മഹേഷിന്റെ പ്രതികാരം. നടന്‍, സഹസംവിധായകന്‍ എന്നീ നിലകളില്‍ തിളങ്ങിയ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമായിരുന്നു ഇത്. റിയലിസ്റ്റിക് സിനിമകള്‍ക്ക് വലിയൊരു തുടക്കം ലഭിച്ചത് മഹേഷിന്റെ പ്രതികാരത്തിന് ശേഷമാണ്.

ചിത്രത്തില്‍ ഒരുപാട് ചര്‍ച്ചകള്‍ക്ക് വഴിവെച്ച രംഗങ്ങളിലൊന്നായിരുന്നു സൗബിന്റെ കഥാപാത്രവും ലിജോ മോളും തമ്മിലുള്ള സംഭാഷണം. മമ്മൂട്ടി- മോഹന്‍ലാല്‍ ഫാന്‍ ഫൈറ്റിന് തിരിയിടുന്ന പുതിയൊരു ഡയലോഗായിരുന്നു ആ സീനില്‍. മോഹന്‍ലാല്‍ ടോപ് ക്ലാസ് റോളുകള്‍ മാത്രമേ ചെയ്യുള്ളൂവെന്ന ഡയലോഗ് ഇന്നും ചര്‍ച്ചാവിഷയമാണ്.

ഈ ഡയലോഗിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍. ചിത്രത്തിന്റെ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കറാണ് ആ ഡയലോഗിന് പിന്നിലെന്ന് ദിലീഷ് പോത്തന്‍ പറഞ്ഞു. വടക്കന്‍ കേരളത്തിലെ ഒരു സ്ഥലത്ത് മുടിവെട്ടാന്‍ വേണ്ടി പോയപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ട് പേരുടെ സംഭാഷണത്തില്‍ നിന്നാണ് ആ ഡയലോഗ് കിട്ടിയതെന്നും അത് സിനിമയിലുപയോഗിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു ദിലീഷ് പോത്തന്‍.

‘മമ്മൂട്ടി മോഹന്‍ലാല്‍ എന്നിവരെ കമ്പയര്‍ ചെയ്ത് സൗബിന്‍ പറയുന്ന ഡയലോഗ് ശ്യാം പുഷ്‌കറിന്റെ ഐഡിയയാണ്. പക്ഷേ, അത് അയാള്‍ ഉണ്ടാക്കിയതല്ല. വടക്ക് ഒരു സ്ഥലത്ത് താമസിച്ച സമയത്ത് അവിടെ ഒരു കടയില്‍ മുടിവെട്ടാന്‍ വേണ്ടി ശ്യാം പോയിരുന്നു. അന്ന് ആ കടയിലെ ബാര്‍ബറും വേറൊരാളും തമ്മില്‍ നടന്ന സംഭാഷണം ശ്യാം ഈ സിനിമയിലേക്ക് എടുത്തു എന്നേയുള്ളൂ.

അതിലേക്ക് ഞങ്ങള്‍ കൂടുതലായി ഒന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല. അത് മാത്രമല്ല, അതുവരെയുണ്ടായിരുന്ന സിനിമകളില്‍ നാട്ടിന്‍പുറമെന്ന് പറഞ്ഞ് കാണിക്കുന്ന സംഗതികളൊന്നും വേണ്ടെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ക്ലീഷേ ഐറ്റങ്ങളായ ചായക്കടയും ബാര്‍ബര്‍ ഷോപ്പും അവിടെയിരിക്കുന്ന സ്ഥിരം ടീമും ഞങ്ങള്‍ ആദ്യമേ ഒഴിവാക്കി.

പകരം എന്ത് വേണമെന്നും ഏതൊക്കെ സ്ഥലം കാണിക്കണമെന്നും അറിയില്ലായിരുന്നു. അതിന് വേണ്ടി ഞങ്ങള്‍ എല്ലാവരും രാവിലെ തന്നെ അവിടെയുള്ള പ്രധാന ടൗണിലേക്ക് ഇറങ്ങും. ആളുകള്‍ കൂട്ടമായിട്ട് ഇരിക്കുന്ന സ്ഥലങ്ങള്‍ ശ്രദ്ധിച്ച് അവിടെ എന്തൊക്കെയാണ് പറയുന്നതെന്ന് നോട്ട് ചെയ്ത് വെച്ചാണ് സിനിമ ചെയ്തത്,’ ദിലീഷ് പോത്തന്‍ പറയുന്നു.

Content Highlight: Dileesh Pothan about Mammooty Mohanlal fan fight dialogue in Maheshinte Prathikaram movie

We use cookies to give you the best possible experience. Learn more