| Friday, 18th July 2025, 12:45 pm

അര്‍ഷ്ദീപ് സിങ്ങിന് വേണ്ടി ഞാന്‍ ആ രണ്ട് താരങ്ങളെ ടീമില്‍ നിന്നും ഒഴിവാക്കും: മുന്‍ ക്യാപ്റ്റന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ടെന്‍ഡുല്‍ക്കര്‍ – ആന്‍ഡേഴ്സണ്‍ ട്രോഫിക്കുള്ള ഇന്ത്യയുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടാണ് വേദി. ജൂലൈ 23 മുതല്‍ 27 വരെയാണ് മത്സരം.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ആതിഥേയര്‍ 2-1ന് മുമ്പിലാണ്. ലീഡ്സിലും ലോര്‍ഡ്സിലും ഇംഗ്ലണ്ട് വിജയിച്ചപ്പോള്‍ ഇതുവരെ വിജയിക്കാന്‍ സാധിക്കാത്ത എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ചരിത്ര വിജയം സ്വന്തമാക്കുകയും ചെയ്തു.

എഡ്ജ്ബാസ്റ്റണിലേതെന്ന പോലെ ഇന്ത്യയ്ക്ക് ഒരിക്കല്‍പ്പോലും വിജയം സ്വന്തമാക്കാന്‍ സാധിക്കാത്ത മണ്ണാണ് മാഞ്ചസ്റ്ററിലേത്. ഇവിടെ കളിച്ച ഒമ്പത് മത്സരത്തില്‍ നാലിലും ഇന്ത്യ പരാജയപ്പെട്ടു. അഞ്ച് മത്സരം സമനിലയിലും അവസാനിച്ചു.

പരമ്പര നഷ്ടപ്പെടാതെ കാക്കാന്‍ വിജയം അനിവാര്യമായ നാലാം മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ വരുത്തേണ്ട നിര്‍ണായക മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ ദിലീപ് വെങ്‌സര്‍ക്കാര്‍. ഇടംകയ്യന്‍ സൂപ്പര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനെ നാലാം മത്സരത്തില്‍ ഇന്ത്യ ടീമിന്റെ ഭാഗമാക്കണമെന്നാണ് വെങ്‌സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഇതിനായി നിതീഷ് കുമാര്‍ റെഡ്ഡിയെ പുറത്തിരുത്താമെന്നും അദ്ദേഹം പറഞ്ഞു. റേവ്‌സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ അര്‍ഷ്ദീപ് സിങ്ങിനെ ടീമിലുള്‍പ്പെടുത്തുന്നതിനായി നിതീഷ് കുമാര്‍ റെഡ്ഡിയെയും ആവശ്യമായി വന്നാല്‍ മറ്റൊരു താരത്തെയും പുറത്തിരുത്തും,’ വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

പരമ്പരയില്‍ ഇതുവരെ മികച്ച പ്രകടനം നടത്താന്‍ നിതീഷ് കുമാറിന് സാധിച്ചിട്ടില്ല. എഡ്ജ്ബാസ്റ്റണിലെ രണ്ട് ഇന്നിങ്‌സിലും താരം ഒരു റണ്‍സിനാണ് പുറത്തായത്. 30, 13 എന്നിങ്ങനെയായിരുന്നു ലോര്‍ഡ്‌സില്‍ താരത്തിന്റെ പ്രകടനം.

നാലാം മത്സരത്തില്‍ വാഷിങ്ടണ്‍ സുന്ദറിന് പകരക്കാരനായി കുല്‍ദീപ് യാദവിനെ ടീമിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘എനിക്ക് തോന്നുന്നത് മുഹമ്മദ് സിറാജും ജസ്പ്രീത് ബുംറയും ടീമില്‍ അവരുടെ സ്ഥാനം നിലനിര്‍ത്തണമെന്ന് തന്നെയാണ്. എന്നാല്‍ റെഡ്ഡി പുറത്ത് പോകണം. വാഷിങ്ടണ്‍ സുന്ദറിനെ പോലെ ആരെയെങ്കിലും പുറത്തിരുത്തി കുല്‍ദീപ് യാദവിനെയും ടീമിന്റെ ഭാഗമാക്കണം.

ഒരു ടെസ്റ്റ് മത്സരം വിജയിക്കാന്‍ അഞ്ച് ബൗളര്‍മാര്‍ നിങ്ങള്‍ക്കൊപ്പമുണ്ടാകണം. നിങ്ങളുടെ ആറ് ബാറ്റര്‍മാര്‍ ചേര്‍ന്ന് ഒരു മികച്ച ടോട്ടലുണ്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അവിടെ ബൗളര്‍മാര്‍ക്ക് ഉത്തരവാദിത്തമേറ്റെടുക്കാന്‍ സാധിക്കണം. പാര്‍ട് ടൈം ബൗളര്‍മാരെ ഉപയോഗിച്ച് നിങ്ങള്‍ക്കൊരിക്കലും ഒരു ടെസ്റ്റ് മത്സരം വിജയിക്കാന്‍ സാധിക്കില്ല.

ഞാന്‍ അര്‍ഷ്ദീപ് സിങ്ങിനെയും കുല്‍ദീപ് യാദവിനെയും തെരഞ്ഞെടുക്കും. അര്‍ഷ്ദീപ് സിങ് ഒരു മികച്ച ഇടംകയ്യന്‍ ബൗളറാണ്. ഇംഗ്ലണ്ട് സാഹചര്യങ്ങളില്‍ അവനെ പോലെ ഒരു താരത്തിന്റെ സേവനം ഏറെ നിര്‍ണായകമായേക്കും. അവന് പന്ത് റിവേഴ്‌സ് സ്വിങ് ചെയ്യാനും സാധിക്കും. ഇതും ഏറെ പ്രധാനമാണ്. അവന്‍ പന്തെറിയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്,’ വെങ്‌സര്‍ക്കാര്‍ പറഞ്ഞു.

Content Highlight: Dileep Vengsarkar says India should include Arshdeep Singh in 4th Test

We use cookies to give you the best possible experience. Learn more