| Tuesday, 9th December 2025, 6:58 am

തനിക്കെതിരായ ഗൂഢാലോചന അന്വേഷിക്കണം; പരാതി നൽകുമെന്ന് ദിലീപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ചേർക്കാൻ തനിക്കെതിരെ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പരാതി നൽകുമെന്ന് നടൻ ദിലീപ്. തനിക്കെതിരെ ഈ കേസിൽ പലരും മൊഴി നൽകിയത് അന്വേഷണ ഉദ്യോഗസ്ഥരുടെ സമ്മർദം മൂലമാണെന്നും ദിലീപ് ആരോപിച്ചു.

അന്വേഷണസംഘം മുഖ്യമന്ത്രിയെ തെറ്റിധരിപ്പിച്ചെന്നും അതിജീവിതയുമായി തനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും ദിലീപ് പറഞ്ഞു.

ഉദ്യോഗസ്ഥർ അവരുടെ നേട്ടത്തിനായി തന്നെ ബലിയാടാക്കിയെന്നും കോടതി ഉത്തരവ് പകർപ്പ് ലഭിച്ച ശേഷം തുടർ നടപടികളെടുക്കുമെന്നാണ് ദിലീപിന്റെ തീരുമാനമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.

ആദ്യഘട്ടത്തിൽ കേസിൽ ഗൂഢാലോചന ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയെ പോലും ഉദ്യോഗസ്ഥർ തെറ്റിദ്ധരിപ്പിച്ചെന്നും ദിലീപ് കൂട്ടിച്ചേർത്തു.

കേസിന്റെ ആദ്യ നാലുമാസങ്ങളിൽ അതിജീവിത ഒന്നും പറഞ്ഞിരുന്നില്ലെന്നും പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരുടെ നിർബന്ധത്തിന് വഴങ്ങിയാണ് പരാമർശങ്ങൾ നടത്തിയതെന്നും അതിജീവിതയുമായി തനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും ദിലീപ് പറഞ്ഞു.

എട്ടു വർഷത്തിന് ശേഷം ഇന്നലെയായിരുന്നു നടിയെ ആക്രമിച്ച കേസിലെ വിധി വന്നത്. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചന നടത്തിയതിന് തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെ വിട്ടു.

വിധിക്ക് പിന്നാലെ കോടതിക്ക് പുറത്തെത്തിയപ്പോൾ തനിക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും താനാണ് കേസിലെ യഥാർത്ഥ ഇരയെന്നും ദിലീപ് പറഞ്ഞിരുന്നു.

തന്റെ മുൻ പങ്കാളിയും നടിയുമായ മഞ്ജുവാര്യർ പറഞ്ഞതുമുതലാണ് തനിക്കെതിരെയുള്ള നീക്കമുണ്ടായതെന്ന് മഞ്ജുവിനെ പേരെടുത്തു പറഞ്ഞുകൊണ്ട് ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Content Highlight: Dileep says conspiracy against him should be investigated; will file complaint

We use cookies to give you the best possible experience. Learn more