| Sunday, 14th December 2025, 9:13 pm

ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചു; കെ.എസ്.ആര്‍.ടി.സി ബസില്‍ തര്‍ക്കം, നിര്‍ത്തിവെച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരില്‍ വിചാരണക്കോടതി വെറുതെ വിട്ട കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ കെ.എസ്.ആര്‍.ടി.സി ബസില്‍ തര്‍ക്കം.

തിരുവനന്തപുരം-തൊട്ടില്‍പ്പാലം ബസിലായിരുന്നു സംഭവം. തര്‍ക്കം രൂക്ഷമായതോടെ കണ്ടക്ടര്‍ സിനിമ നിര്‍ത്തിവെക്കുകയും ചെയ്തു.

ദിലീപിന്റെ സിനിമ പ്രദര്‍ശിപ്പിച്ചതിന് പിന്നാലെ യാത്രക്കാരില്‍ ഒരു വിഭാഗം ആളുകള്‍ ബസിനുള്ളില്‍ പ്രതിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ഇക്കൂട്ടരെ വിമര്‍ശിച്ചും ദിലീപിനെ അനുകൂലിച്ചും മറ്റൊരു വിഭാഗം രംഗത്തെത്തി.

ഇതേ തുടര്‍ന്നാണ് കണ്ടക്ടര്‍ സിനിമ നിര്‍ത്തിയത്. നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായതിന് പിന്നാലെ ദിലീപിന്റേതായി പുറത്തിറങ്ങിയ ഭൂരിഭാഗം സിനിമകളും വേണ്ടത്ര വിജയം കണ്ടിരുന്നില്ല. കേസില്‍ പ്രതിയായ ശേഷം ദിലീപിന്റേതായി പുറത്തുവന്നത് 10 സിനിമകളാണ്.

ഇതില്‍ വോയിസ് ഓഫ് സത്യനാഥന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ സിനിമകള്‍ മാത്രമാണ് ശരാശരി വിജയമെങ്കിലും നേടിയത്.

ബാക്കിയെല്ലാം പരാജയപ്പെട്ടിരുന്നു. ബാന്ദ്ര, തങ്കമണി, കമ്മാര സംഭവം, ജാക്ക് ഡാനിയല്‍, പവി കെയര്‍ടേക്കര്‍, മൈ സാന്റ എന്നീ സിനിമകള്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയപ്പെടുകയായിരുന്നു.

മാത്രമല്ല നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിന് ശേഷം മലയാളം സിനിമ സംഘടനകളായ എ.എം.എം.എയും ഫെഫ്കയും പ്രൊഡ്യൂസര്‍ അസോസിയേഷനും ദിലീപിനെ പുറത്താക്കിയിരുന്നു.

നിലവില്‍ കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ ദിലീപിനെ തിരിച്ചെടുക്കുമെന്ന് ഫെഫ്കയും പ്രൊഡ്യൂസര്‍ അസോസിയേഷനും സൂചന നല്‍കിയിട്ടുണ്ട്. ഇതില്‍ പ്രതിഷേധിച്ച് ഡബ്ബിങ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഫെഫ്കയില്‍ നിന്നും രാജിവെച്ചിരുന്നു.

ദിലീപിനെ തിരിച്ചെടുക്കാന്‍ ഒരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ, അങ്ങനെയൊരു ആവശ്യം ഒരാള്‍ പോലും ഉന്നയിച്ചിട്ടില്ലെന്നും തങ്ങള്‍ അതിജീവിതക്കൊപ്പമാണെന്നും എ.എം.എം.എ അധ്യക്ഷ ശ്വേതാ മേനോന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Content Highlight: Dileep’s movie screening; Argument in KSRTC bus, stopped

We use cookies to give you the best possible experience. Learn more