| Saturday, 6th December 2025, 12:27 pm

എല്ലാരും വിശ്വസിക്കൂ, ഞാന്‍ പാവമാണ്... കമ്മാരസംഭവം മുതല്‍ പ്രിന്‍സ് ആന്‍ഡ് ഫാമിലി വരെ സ്വയം വെള്ളപൂശിയ ദിലീപ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനാണോ അല്ലയോ എന്ന കാര്യത്തില്‍ ഡിസംബര്‍ എട്ടിന് വിധി വരാനിരിക്കുകയാണ്. എട്ട് വര്‍ഷത്തെ വിചാരണക്കൊടുവിലാണ് കോടതി വിധി പ്രഖ്യാപിക്കുന്നത്. സഹപ്രവര്‍ത്തകയായ നടിയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസിലെ പ്രതിയാണ് ദിലീപ്. കേസില്‍ അറസ്റ്റിലായ ദിലീപ് 80 ദിവസത്തോളം ജയിലില്‍ കിടന്നു.

ഒരുകാലത്ത് മലയാള സിനിമയിലെ ജനപ്രിയനായ ദിലീപിനെ ജയില്‍വാസം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം പ്രേക്ഷകര്‍ കൈയൊഴിഞ്ഞ കാഴ്ചയാണ് കാണാന്‍ സാധിച്ചത്. പല സിനിമകളും ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ തകരുകയും ചെയ്തു. എന്നാല്‍ അവിടുന്നിങ്ങോട്ട് സാധാരണക്കാരെ ഏറ്റവുമധികം സ്വാധീനിക്കാന്‍ കഴിയുന്ന സിനിമ എന്ന മാധ്യമത്തിലൂടെ സ്വയം വെള്ളപൂശുന്ന ദിലീപിനെയാണ് കാണാന്‍ സാധിച്ചത്.

കേസില്‍ അറസ്റ്റിലായ ശേഷം പുറത്തിറങ്ങിയ സിനിമകളിലെല്ലാം താന്‍ പാവമാണെന്നും എല്ലാവരും തന്നെ കുടുക്കുകയാണെന്നും ദിലീപ് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്നു. ഇതെല്ലാം വ്യത്യസ്തമായ രീതിയിലാണെന്ന് മാത്രം. ഓരോ സിനിമയിലും എങ്ങനെയാണ് ഇക്കാര്യം കണ്‍വേ ചെയ്യുന്നതെന്ന് നോക്കാം.

ദിലീപ് രാമലീല Photo: Screen grab/ Manorama max

അറസ്റ്റും ജയിലും കാരണം റിലീസ് വൈകിയ രാമലീലയില്‍ ദിലീപ് നിരപരാധിയാണെന്ന് കാണിക്കുന്നുണ്ട്. അറസ്റ്റും പ്രതിപ്പട്ടികയില്‍ പേര് ചേര്‍ത്തതും മനപൂര്‍വം കുടുക്കിയതാണെന്ന തരത്തില്‍ രാമലീലയില്‍ ചില ഡയലോഗുകളുണ്ടായിരുന്നു. അറസ്റ്റിന് മുമ്പ് ഷൂട്ട് പൂര്‍ത്തിയായ ചിത്രമായതിനാല്‍ ഇത് വെറും യാദൃശ്ചികതയാണെന്ന് ചിലര്‍ ആരോപിച്ചു.

എന്നാല്‍ ജയില്‍വാസത്തിന് ശേഷം ദിലീപ് പൂര്‍ത്തിയാക്കിയ കമ്മാര സംഭവത്തിലും താന്‍ നിരപരാധിയാണെന്ന് വാദിക്കുന്ന തരത്തില്‍ ചില ഡയലോഗുകളുണ്ടായിരുന്നു. ‘ഇനിയൊരു കത്ത് വേണോ, ഒരെണ്ണത്തിന്റെ ക്ഷീണം തീരുന്നതല്ലേയുള്ളൂ’, ‘ആരെങ്കിലും എന്റെ പേര് കേസില്‍ ചേര്‍ത്താല്‍ ഞാന്‍ പ്രതിയാകുമോ, നാളെ ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ എന്ത് ചെയ്യും’, തുടങ്ങിയ ഡയലോഗുകള്‍ ചിത്രത്തിലുണ്ടായിരുന്നു. ഒടുവില്‍ വിവാദങ്ങള്‍ക്ക് ശേഷം ഈ ഡയലോഗുകള്‍ നീക്കം ചെയ്യുകയും ചെയ്തു.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ Photo: IMDB

പിന്നാലെയെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രവും താന്‍ നിരപരാധിയാണെന്ന് പറയാതെ പറയുന്ന തരത്തിലായിരുന്നു. ഒരു പെണ്‍കുട്ടി എന്ത് പറഞ്ഞാലും അത് കോടതിയും മാധ്യമങ്ങളും വിശ്വസിക്കുമെന്നാണ് ചിത്രം പറയാന്‍ ശ്രമിച്ചത്. ബോക്‌സ് ഓഫീസില്‍ ചിത്രം ശരാശരിയിലൊതുങ്ങുകയായിരുന്നു.

വോയിസ് ഓഫ് സത്യനാഥന്‍, തങ്കമണി എന്നീ സിനിമകളിലും ‘ചെയ്യാത്ത തെറ്റിന് ജയിലില്‍ പോകേണ്ടി വരുന്ന പാവം മനുഷ്യന്റെ കഥ’ തന്നെയായിരുന്നു. ഏറ്റവുമൊടുവില്‍ വന്ന പ്രിന്‍സ് ആന്‍ഡ് ഫാമിലിയിലും സ്വയം വെള്ളപൂശുന്ന ഡയലോഗ് വെക്കാന്‍ മറന്നിട്ടില്ല. ‘ആര്‍ക്കും സത്യം അറിയണ്ട. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ടാല്‍ എല്ലാവരും ഒരുമിച്ച് കല്ലെറിയും. സത്യം ആര്‍ക്കും അറിയണ്ട’എന്നായിരുന്നു നായകന്റെ കൂട്ടുകാരന്റെ ഡയലോഗ്.

പ്രിന്‍സ് ആന്‍ഡ് ഫാമിലി, തങ്കമണി Photo: IMDB

കേസില്‍ പ്രതിയായ ശേഷം ദിലീപിന്റേതായി പുറത്തുവന്നത് 10 സിനിമകളാണ്. ഇതില്‍ വോയിസ് ഓഫ് സത്യനാഥന്‍, കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്നീ സിനിമകള്‍ മാത്രമാണ് ശരാശരി വിജയമെങ്കിലും നേടിയത്. ബാക്കിയെല്ലാം പരാജയം രുചിക്കുകയായിരുന്നു. ബാന്ദ്ര, തങ്കമണി, കമ്മാര സംഭവം, ജാക്ക് ഡാനിയല്‍, പവി കെയര്‍ടേക്കര്‍, മൈ സാന്റ എന്നീ സിനിമകള്‍ ബജറ്റ് പോലും തിരിച്ചുപിടിക്കാനാകാതെ പരാജയപ്പെട്ടു. മുന്‍ ജനപ്രിയ നായകന്റെ സിനിമാഭാവി ഏറെക്കുറെ അസ്തമിച്ചിരിക്കുകയാണ്.

Content Highlight: Dileep’s dialogue in many movie after the case

We use cookies to give you the best possible experience. Learn more