| Friday, 19th December 2025, 5:25 pm

ഒരു മാറ്റവുമില്ല, 2025ലും 'പേട്ടന്' റേപ്പ് ഒരു ജോക്ക് മെറ്റീരിയല്‍ തന്നെ

അമര്‍നാഥ് എം.

ഫാന്‍സിന്റെ ഇടയില്‍ മാത്രം ജനപ്രിയനെന്ന് അറിയപ്പെടുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഭ ഭ ബ. നവാഗതനായ ധനഞ്ജയ് ശങ്കര്‍ സംവിധാനം ചെയ്ത ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ അതിഥിവേഷത്തിലെത്തുകയും ചെയ്തു. എന്നാല്‍ ആദ്യദിനം സമ്മിശ്ര പ്രതികരണങ്ങള്‍ മാത്രമാണ് ഭ ഭ ബ സ്വന്തമാക്കിയത്.

ദിലീപ് Photo: Screen Grab/ Sree Gokulam Movies

‘ലോജിക്കില്ല, വെറും ഭ്രാന്ത് മാത്രം’ എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം ആരംഭിക്കുന്നത്. സ്പൂഫ് ഴോണറില്‍ ഓവര്‍ ദി ടോപ് സീനുകളാണ് ചിത്രത്തിലുടനീളം. എന്നാല്‍ പ്രേക്ഷകരെ ചിത്രവുമായി കണക്ട് ചെയ്യിക്കുന്നതില്‍ അണിയറപ്രവര്‍ത്തകര്‍ പരാജയപ്പെട്ടെന്ന് പറയേണ്ടി വരും. പഴയ സംവിധായകരെ മാറ്റി ന്യൂ ജനറേഷന്‍ ടീമുമായി ദിലീപ് കൈകോര്‍ക്കുന്നുവെന്ന് കേട്ടപ്പോള്‍ ആരാധകര്‍ക്ക് ചെറിയ പ്രതീക്ഷയുണ്ടായിരുന്നു.

എന്നാല്‍ പഴയ സിനിമകളിലെല്ലാം എവിടെയാണോ അവിടന്ന് ഒരിഞ്ച് പോലും ദിലീപ് മാറിയിട്ടില്ലെന്ന് തെളിയിക്കാന്‍ ഒരൊറ്റ ഡയലോഗ് മാത്രം മതിയായിരുന്നു. ദിലീപിനെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്റെ കഥാപാത്രം പറയുന്ന ഡയലോഗ് ഇതിനോടകം വിമര്‍ശനത്തിന് വിധേയമായി. ‘അണ്ണന്‍ ആദ്യമായി കിഡ്‌നാപ്പ് ചെയ്തത് ലക്ഷ്മിക്കുട്ടിയെയായിരുന്നു’ എന്ന് പറയുമ്പോള്‍ ഒരു സ്ത്രീയെ ദിലീപ് ഓമ്‌നി വാനില്‍ വന്ന് കിഡ്‌നാപ്പ് ചെയ്യുന്നതാണ് കാണിക്കുന്നത്.

ഭ ഭ ബ Photo: Screen grab/ Sree Gokulam Movies

‘പിന്നീട് അവന്‍ ലക്ഷ്മിക്കുട്ടിയെ എന്ത് ചെയ്തു’ എന്ന് വിനീതിന്റെ കഥാപാത്രം ചോദിക്കുമ്പോള്‍ ‘എന്നിട്ട് അണ്ണന്‍ അവളെ കറന്നു’ എന്നാണ് ധ്യാനിന്റെ മറുപടി. ‘ലക്ഷ്മിക്കുട്ടി ആളൊരു പശുവാ’ എന്ന് പറഞ്ഞാണ് ഈ സീന്‍ അവസാനിക്കുന്നത്. തിയേറ്ററില്‍ ഈ ഡയലോഗ് കേട്ടപ്പോള്‍ ദിലീപിന് ഒരു മാറ്റവുമില്ല എന്ന് ഉറപ്പിച്ചു.

ഈ 2025ലും ഇങ്ങനെയൊരു ഡയലോഗ് ഉള്‍പ്പെടുത്താന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് എങ്ങനെ തോന്നി എന്നാണ് ചിന്തിച്ചത്. ഇത് ആദ്യമായല്ല ദിലീപ് സിനിമകളില്‍ റേപ്പിനെ തമാശരൂപത്തില്‍ അവതരിപ്പിക്കുന്നത്. 2002ല്‍ പുറത്തിറങ്ങിയ മീശമാധവന്‍ മുതല്‍ ദിലീപിന് റേപ്പ് ഒരു തമാശയാണ്. കാമുകിയുടെ മുറിയില്‍ രാത്രി മോഷ്ടിക്കാന്‍ കയറുന്ന മാധവന്‍ ‘കിടക്കണ കിടപ്പില്‍ ഒരു റേപ്പ് വെച്ച് തന്നാലുണ്ടല്ലോ’ എന്ന് പറയുന്ന ഡയലോഗ് ഈയിടെ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി.

മീശമാധവന്‍ Screen grab/ Speed audio

അടുത്തിടെ ചിത്രത്തിന്റെ തിരക്കഥാകൃത്തായ രഞ്ജന്‍ പ്രമോദ് ആ ഡയലോഗിനെക്കുറിച്ച് വെളിപ്പെടുത്തി. ആ ഡയലോഗ് എഴുതിയത് താനല്ലെന്നും തന്റെ കഥയിലെ മാധവന്‍ സ്വന്തം കാമുകിയെ റേപ്പ് ചെയ്യുന്നവനല്ലെന്നും രഞ്ജന്‍ പ്രമോദ് വ്യക്തമാക്കി. ഇതോടെ ആ ഡയലോഗിന്റെ സൃഷ്ടാവ് ആരെന്ന കാര്യത്തില്‍ ഏറെക്കുറെ വ്യക്തത വന്നു.

2012ല്‍ പുറത്തിറങ്ങിയ മിസ്റ്റര്‍ മരുമകനിലും ദിലീപിന്റെ വക ഇത്തരത്തില്‍ റേപ്പിനെ തമാശരൂപത്തില്‍ അവതരിപ്പിച്ചിരുന്നു. അതേ വര്‍ഷം റിലീസായ മായാമോഹിനിയില്‍ സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്ന ‘പേട്ടന്‍ തമാശകളുടെ’ കൂമ്പാരമായിരുന്നു. തൊട്ടടുത്ത വര്‍ഷം റിലീസായ ശൃംഗാരവേലനില്‍ ഇതിന്റെ ഭീകരമായ വേര്‍ഷനായിരുന്നു. പീഡോഫിലീയയെ വരെ തമാശയാക്കിയാണ് ദിലീപും കൂട്ടാളികളും അവതരിപ്പിച്ചത്.

വെല്‍ക്കം ടു സെന്‍ട്രല്‍ ജയിലിലും സ്ഥിതി വ്യത്യസ്തമല്ലായിരുന്നു. സ്ത്രീകളെ ഒബ്ജക്ടിഫൈ ചെയ്യുന്ന ‘പേട്ടന്റെ’ സ്ഥിരം തമാശകള്‍ പിന്നീടുള്ള സിനിമകളിലും കാണാന്‍ സാധിച്ചു. പവി കെയര്‍ടേക്കര്‍, പ്രിന്‍സ് ആന്‍ഡ് ഫാമിലി എന്നിവയിലെ അവസാന എന്‍ട്രിയായി ഭ ഭ ബയെ കണക്കാക്കാം. പൊളിറ്റിക്കല്‍ കറക്ട്‌നെസും പൊളിറ്റിക്കല്‍ കമ്മിറ്റ്‌മെന്റും അടുത്തുകൂടി പോയിട്ടില്ലാത്ത ഇത്തരം ഡയലോഗുകള്‍ തമാശയാണെന്ന് ദിലീപ് ഇനി എന്ന് തിരിച്ചറിയുമെന്നാണ് ചിന്തിക്കുന്നത്.

Content Highlight: Dileep presented rape as a Joke material in Bha Bha Ba

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more