| Friday, 25th November 2016, 1:27 pm

ദിലീപിനും കാവ്യയ്ക്കും ആദ്യവിരുന്ന് മമ്മൂട്ടിയുടെ വീട്ടില്‍ ; പിന്നാലെ ദുബായിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

 ഇവിടെ നിന്നും ഉച്ചഭക്ഷണത്തിന് ശേഷം ദിലീപും കാവ്യയും ദുബായിലേക്ക് യാത്ര തിരിക്കുമെന്നാണ് അറിയുന്നത്.


കൊച്ചി: നടന്‍ ദിലീപിനും ഭാര്യ കാവ്യാ മാധവനും വിവാഹ ശേഷം ആദ്യ വിരുന്നൊരുക്കുന്നത് മമ്മൂട്ടി. വിവാഹശേഷം ദിലീപിന്റെ വീട്ടിലെത്തിയ ഇരുവരും ഇതിന് ശേഷം വിരുന്നിനായി മമ്മൂട്ടിയുടെ വീട്ടിലേക്ക് പോകുമെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവിടെ നിന്നും ഉച്ചഭക്ഷണത്തിന് ശേഷം ദിലീപും കാവ്യയും ദുബായിലേക്ക് യാത്ര തിരിക്കുമെന്നാണ് അറിയുന്നത്.

ഇന്ന് രാവിലെ തികച്ചും അപ്രതീക്ഷിതമായിട്ടാണ് ദിലീപ് കാവ്യ വിവാഹവിവരം പുറത്തുവരുന്നത്. പിന്നാലെ വിവാഹം സ്ഥിരീകരിച്ച് ദിലീപും രംഗത്തെത്തി. പ്രേക്ഷകരും ആരാധകരും കൂടെയുണ്ടാകണമെന്നും കാവ്യയുമായി പുതിയ ജീവിതം ആരംഭിക്കുകയുമാണെന്നായിരുന്നു ദിലീപിന്റെ വാക്കുകള്‍.


തുടര്‍ന്ന് പത്ത് മണിയോടെ വിവാഹചടങ്ങുകള്‍ നടന്നു. വിവാഹത്തില്‍ പങ്കെടുക്കാനായി സിനിമാ രംഗത്തെ പ്രമുഖര്‍ എത്തിയിരുന്നു. വിവാഹിതരാകാന്‍ പോകുന്നു എന്ന കാര്യം അടുത്തസുഹൃത്തുക്കളോട് പോലും ഇരുവരും പറഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം വരെ ബഹ്‌റിനിലായിരുന്ന ദിലീപ് ഇന്ന് രാവിലെ കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ചേരാന്‍ വിളിച്ചുപറയുകയായിരുന്നു. അപ്പോഴും കാര്യമെന്തെന്ന് പറഞ്ഞിരുന്നില്ല.

തന്റെ പേരില്‍ ഏറ്റവും കൂടുതല്‍ ബലിയാടാക്കപ്പെട്ട ഒരാളാണ് കാവ്യയെന്നും അങ്ങനെയാണ് കാവ്യയുമായുള്ള വിവാഹത്തെ കുറിച്ച് ആലോചിക്കുന്നതെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. ഇത്തരമൊരു ആലോചന ഉണ്ടായപ്പോള്‍ തന്നെ മകളാണ് പൂര്‍ണ പിന്തുണ നല്‍കി കൂടെ നിന്നത്. അങ്ങനെയാണ് കാവ്യയുടെ വീട്ടുകാരുമായി സംസാരിച്ചതെന്നും ദിലീപ് പറഞ്ഞു.

വിവാഹം എന്ന തീരുമാനം രണ്ട് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ എടുത്തതാണ്. അതുകൊണ്ടാണ് ചടങ്ങ് ഇത്രയും ലളിതമായത്. എന്തായാലും പുതിയൊരു ജീവിതത്തിലേക്ക് കടക്കുമ്പോള്‍ എല്ലാവരും കൂടെയുണ്ടാകണം. എന്നേയും കാവ്യയേയും നിലനിര്‍ത്തുന്നത് പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ അവര്‍ എല്ലാം അറിയുകയും കാണുകയും വേണം. അതുകൊണ്ടാണ് മാധ്യമങ്ങളെ ചടങ്ങിലേക്ക് നേരിട്ട് ക്ഷണിച്ചതെന്നും ദിലീപ് പറഞ്ഞിരുന്നു.

പുതിയ ജീവിതത്തിലേക്ക് കടക്കുന്ന തങ്ങള്‍ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് നടി കാവ്യാമാധവന്‍ പ്രതികരിച്ചു.  ഈ വിവാഹം പ്രേക്ഷകര്‍ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ടെന്നും കാവ്യ പ്രതികരിച്ചു.

We use cookies to give you the best possible experience. Learn more