ബംഗ്ലാദേശ് വുമണ്‍സ് ക്രിക്കറ്റിന്റെ ചരിത്രം തിരുത്തിയെഴുതി ദിലാറ അക്തര്‍. വനിത അന്താരാഷ്ട്ര ടി-20 ക്രിക്കറ്റില്‍ ബംഗ്ലാദേശിന് വേണ്ടി ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമാകാനാണ് ദിലാറയ്ക്ക് സാധിച്ചത്. 2026ലെ സ്‌കോട്‌ലാന്‍ഡ് വുമണ്‍സ് ട്രൈ സീരീസില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെയുള്ള മത്സരത്തിലാണ് ദിലാറ ഈ നാഴികകപ്പ് പിന്നിട്ടത്.
നെതര്‍ലാന്‍ഡ്‌സിനെതിരെ 22 പന്തില്‍ നിന്നാണ് താരം അര്‍ധ സെഞ്ച്വറി നേടിയത്. രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 26 പന്തില്‍ നിന്ന് 51 റണ്‍സാണ് താരത്തിന് നേടാനായത്.
അതേസമയം മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ 13 റണ്‍സിന് വിജയിക്കാനും ബംഗ്ലാദേശിന് സാധിച്ചിരുന്നു. ദി ഗ്രേഞ്ച് ക്ലബ്ബ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് എട്ട് ഓവറില്‍ മത്സരത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ നെതര്‍ലാന്‍ഡ്‌സ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ത്തില്‍ 85 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.
ബംഗ്ലാദേശിന് വേണ്ടി ഉയര്‍ന്ന സ്‌കോര്‍ നേടിയത് ദിലാറയായിരുന്നു. മത്സരത്തിലെ താരമാകാനും ദിലാറയ്ക്ക് സാധിച്ചു. ബെംഗ്ലാദേശിന് വേണ്ടി ജുവാരിയ ഫെര്‍ദൗസ് 13 റണ്‍സ് നേടിയപ്പോള്‍ ശോഭന മൊസ്താരി 11 റണ്‍സും നേടിയിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഓറഞ്ച് പടയ്ക്ക് വേണ്ടി 14 പന്തില്‍ 30 റണ്‍സ് നേടി ബബെറ്റി ഡെ ലീഡ് ഉയര്‍ന്ന സ്‌കോര്‍ നേടി. അഞ്ച് ഫോര്‍ ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.