വെറുമൊരു ക്യാമ്പസ് സിനിമയായി ആരംഭിച്ച് പിന്നീട് ശക്തമായ രാഷ്ട്രീയം സംസാരിച്ച ചിത്രമായിരുന്നു 2018ല്‍ റിലീസായ ക്വീന്‍. ഒരുകൂട്ടം പുതുമുഖങ്ങളെ അണിനിരത്തി ഒരുക്കിയ ക്വീനിലൂടെ ഡിജോ ജോസ് ആന്റണി മലയാളസിനിമയിലേക്ക് വരവറിയിച്ചു. പീഡനത്തിനിരയായ സ്ത്രീകള്‍ക്കുള്ള നീതി ആവശ്യപ്പെടുന്ന തീപ്പൊരി ഡയലോഗുകളായിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്.
രണ്ടാമത്തെ ചിത്രമായ ജന ഗണ മനയിലും തീപ്പൊരി ഡയലോഗുകളും സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളെ ചൂണ്ടിക്കാട്ടിയും ഒരുക്കിയ ചിത്രം വലിയ ചര്‍ച്ചയായി മാറി. ഈ രണ്ട് സിനിമകളിലൂടെ ഡിജോ ജോസ് ആന്റണി എന്ന സംവിധായകന്‍ ഇന്‍ഡസ്ട്രിയില്‍ സ്വയം അടയാളപ്പെടുത്തി. എന്നാല്‍ പിന്നീട് ഒരുക്കിയ രണ്ട് സിനിമകളും ഡിജോ എന്ന സംവിധായകന്റെ മേലുള്ള പ്രതീക്ഷ നഷ്ടമാക്കി.
ഏറ്റവുമൊടുവില്‍ അണിയിച്ചൊരുക്കിയ പള്ളിച്ചട്ടമ്പി ബജറ്റ് പോലും തിരിച്ചുപിടിക്കാതെ പരാജയമായി. കഴിഞ്ഞദിവസം ചിത്രം ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു.ഒ.ടി.ടിയിലെത്തിയതിന് ശേഷം വലിയ വിമര്‍ശനമാണ് പള്ളിച്ചട്ടമ്പിക്ക് ലഭിക്കുന്നത്. കെട്ടുറപ്പില്ലാത്ത തിരക്കഥയടക്കം പല എലമെന്റുകളെയും വിമര്‍ശിച്ചുകൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായി.
എന്നാല്‍ ഏറ്റവും വിമര്‍ശനം നേരിടുന്നത് ജോണി ആന്റണിയും കയദു ലോഹറുമുള്ള സീനാണ്. നായികയായ കയദുവിന്റെ ഇന്‍ട്രോ സീന്‍ ഈയടുത്ത് വന്നതില്‍ അങ്ങേയറ്റം അരോചകമാണെന്ന് സോഷ്യല്‍ മീഡിയ അഭിപ്രായപ്പെടുന്നുണ്ട്.
കയദു അവതരിപ്പിച്ച റെബേക്ക എന്ന കഥാപാത്രത്തെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന ആനന്ദന്‍ മുതലാളിയായാണ് ജോണി ആന്റണി വേഷമിടുന്നത്. പീഡനശ്രമത്തെ തമാശരൂപത്തിലാണ് ഡിജോ ജോസ് ആന്റണി അവതരിപ്പിച്ച് വെച്ചിരിക്കുന്നത്. തമാശ ഡയലോഗുകള്‍ക്ക് കൊഴുപ്പുകൂട്ടാന്‍ റെട്രോ സോങ്ങും സംവിധായകന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇത്രയും അറപ്പുളവാക്കുന്ന ഒരു സീന്‍ ഈയടുത്തൊന്നും കണ്ടിട്ടില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും അഭിപ്രായപ്പെടുന്നത്. ആദ്യ സിനിമയില്‍ സ്ത്രീ പീഡനത്തിനെതിരെ ഘോരഘോരം പ്രസംഗിച്ച ഡിജോ തന്നെയാണോ ഈ സീന്‍ ഒരുക്കിയതെന്നാണ് പലരും ചോദിക്കുന്നത്. റേപ്പിനെ ഒരു തമാശയായി കാണിക്കാന്‍ ഇപ്പോഴും എങ്ങനെ തോന്നുന്നു എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
തിയേറ്റര്‍ റിലീസ് സമയത്ത് തന്നെ ഈ സീനിനെ വിമര്‍ശിച്ചുകൊണ്ട് ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഒ.ടി.ടി റിലീസിന് പിന്നാലെ ഡിജോയുടെ ഈ വൃത്തികെട്ട ‘തമാശ’യെ കീറിമുറിക്കുകയാണ് സോഷ്യല്‍ മീഡിയ. ഈ സീനിനെക്കുറിച്ച് ഇതുവരെ ഡിജോ അടക്കമുള്ള അണിയറപ്രവര്‍ത്തകരാരും ഇതുവരെ മുന്നോട്ടു വന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
Content Highlight: Dijo Jose Antony getting criticism for rape joke in Pallichattambi movie