രാജമൗലി ഇന്ത്യന്‍ സിനിമക്ക് വലിയ സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹം കാരണം പല ഇന്‍ഡസ്ട്രികളും പിന്തുടരുന്ന ഒരു ആചാരമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. രണ്ടാം ഭാഗത്തിന് ലീഡ് നല്‍കി സിനിമ അവസാനിപ്പിക്കുന്നത് പോപ്പുലറാക്കിയത് രാജമൗലിയാണ്. വിശ്വരൂപത്തിലൂടെ കമല്‍ ഹാസന്‍ ഈ രീതി ആരംഭിച്ചെങ്കിലും ബാഹുബലിയാണ് രണ്ടാം ഭാഗത്തിനായി പ്രേക്ഷകരെ കാത്തിരിക്കാന്‍ പ്രേരിപ്പിച്ചത്.
ഒരു സിനിമയില്‍ അവസാനിപ്പിക്കാന്‍ പറ്റാത്ത കഥകള്‍ക്കാണ് സാധാരണയായി രണ്ടാം ഭാഗമുണ്ടാവുക. കെ.ജി.എഫ്, പൊന്നിയിന്‍ സെല്‍വന്‍ സലാര്‍ തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണമാക്കാം. എന്നാല്‍ ഇന്ന് പല സംവിധായകരും തങ്ങളുടെ കഥ എങ്ങനെ അവസാനിപ്പിക്കണമെന്ന് അറിയാതെ വരുമ്പോള്‍ വെറുതെ രണ്ടാം ഭാഗത്തിന് ലീഡുണ്ടാക്കി വിടും.
ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ടൊവിനോ നായകനായ പള്ളിച്ചട്ടമ്പി. മലയാളി ഫ്രം ഇന്ത്യക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞദിവസം ഒ.ടി.ടി സ്ട്രീമങ് ആരംഭിച്ചിരുന്നു. തിയേറ്ററില്‍ പരാജയമായ പള്ളിച്ചട്ടമ്പി ഒ.ടി.ടി റിലീസിന് ശേഷമാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ട് അവസാനിച്ചതിനെയാണ് പലരും ട്രോളുന്നത്.
നായകനായ കൃഷ്ണപിള്ള/ ക്രിസ്റ്റഫര്‍ (ടൊവിനോ) പ്രധാന വില്ലനായ പട്ടേലര്‍ കുഞ്ഞമ്പു നമ്പ്യാരെ (പൃഥ്വിരാജ്) നേരിട്ട് വെല്ലുവിളിക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്. കുഞ്ഞമ്പുവിന് നേരെ കൃഷ്ണപിള്ള കുന്തം എറിയുകയും കുഞ്ഞമ്പു നമ്പ്യാര്‍ തോക്കെടുത്ത് വെടിവെക്കുന്നിടത്തും എന്‍ഡ് ക്രെഡിറ്റ് തെളിയിക്കുകയാണ്. പിന്നീട് എന്ത് സംഭവിച്ചെന്ന് രണ്ടാം ഭാഗത്തില്‍ കാണിക്കാമെന്നാണ് സംവിധായകന്‍ ഈ സീനിലൂടെ പറഞ്ഞത്.
എന്നാല്‍ ഈ സീന്‍ കാരണം ഡിജോയെ ട്രോളുകയാണ് സിനിമാപേജുകള്‍. രണ്ടാം ഭാഗമുണ്ടാകില്ലെന്ന് ഉറപ്പായിട്ടും വെറുതേ പ്രേക്ഷകരെ പറ്റിക്കുന്നത് എന്തിനാണെന്ന് പലരും ചോദിക്കുന്നുണ്ട്. ഒരു കഥ മര്യാദക്ക് അവസാനിപ്പിക്കാന്‍ കഴിയാത്തതുകൊണ്ട് പ്രേക്ഷകരെ മണ്ടന്മാരാക്കുന്നത് എന്തിനാണെന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്.
‘ആളെപ്പറ്റിക്കുന്ന ഈ സെക്കന്‍ഡ് പാര്‍ട്ട് നാടകം കൊണ്ട് എത്രകാലം പിടിച്ചുനില്‍ക്കും?’, ‘ഒരു കഥ മര്യാദക്ക് അവസാനിപ്പിക്കാന്‍ അറിയില്ലേ’, ‘ഈ സീനിനെ തെലുങ്കിലും കന്നഡയിലും ചിലര്‍ കോപ്പിയടിച്ചിട്ടുണ്ട്. കെ.ജി.എഫെന്നോ ബാഹുബലി എന്നോ ഒക്കെയാണെന്ന് തോന്നു ആ സിനിമകളുടെ പേര്’ എന്നിങ്ങനെയാണ് ഡിജോയ്ക്കുള്ള പരിഹാസങ്ങള്‍.
ഇതാദ്യമായല്ല ഡിജോ ജോസ് സെക്കന്‍ഡ് പാര്‍ട്ടിന്റെ പേര് പറഞ്ഞ് ആളുകളെ പറ്റിക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ജന ഗണ മന രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് അവസാനിപ്പിച്ചത്. ചിത്രത്തിന്റേതായി പുറത്തിറക്കിയ ടീസറിലും ട്രെയ്‌ലറിലുമുള്ള രംഗങ്ങള്‍ അടുത്ത ഭാഗത്തിലുള്ളതാണെന്ന് സംവിധായകനും പൃഥ്വിരാജും പ്രൊമോഷനില്‍ പറഞ്ഞിരുന്നു. എന്നാല്‍ ജന ഗണ മനക്ക് ഒരു സെക്കന്‍ഡ് പാര്‍ട്ടുമില്ലെന്ന് സുരാജ് വെഞ്ഞാറമൂട് പിന്നീട് വെളിപ്പെടുത്തുകയായിരുന്നു.
Content Highlight: Dijo Jose Antony getting criticism for Pallichattambi ending with sequel hint