| Sunday, 31st August 2025, 3:15 pm

234 റണ്‍സിന് നേടിയത് വെറും നാല് വിക്കറ്റ്; ഐ.പി.എല്ലിന് പിന്നാലെ വീണ്ടും പരിഹാസ്യനായി രാഥി

സ്പോര്‍ട്സ് ഡെസ്‌ക്

2025 ദല്‍ഹി പ്രീമിയര്‍ ലീഗില്‍ നിരാശാനാക്കി സൂപ്പര്‍ താരം ദിഗ്വേഷ് രാഥി. ഐ.പി.എല്ലില്‍ തന്റെ അഗ്രസ്സീവ് വിക്കറ്റ് സെലിബ്രേഷന് പിന്നാലെ ആരാധകര്‍ക്കിടയില്‍ ഒരുപോലെ പോസിറ്റീവായും നെഗറ്റീവായും ചര്‍ച്ച ചെയ്യപ്പെട്ട താരമായിരുന്നു ദിഗ്വേഷ് രാഥി.

കളിക്കളത്തിലെ ‘കുരുത്തക്കേടിന്റെ’ പേരില്‍ ചീത്തവിളി കേട്ട താരം എന്നാല്‍ മോശമല്ലാത്ത ബൗളിങ് പ്രകടനം പുറത്തെടുത്ത് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആരാധകര്‍ക്കിടയില്‍ തന്റെതായ സ്ഥാനം നേടിയെടുത്തിരുന്നു.

എന്നാല്‍ ഐ.പി.എല്ലിലെ പ്രകടനത്തിന്റെ പത്തിലൊന്ന് പോലും പുറത്തെടുക്കാന്‍ സാധിക്കാതെയാണ് ദല്‍ഹി പ്രീമിയര്‍ ലീഗിനോട് താരം വിടപറഞ്ഞത്.

ഒമ്പത് മത്സരത്തില്‍ നിന്നും സൗത്ത് ദല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് താരത്തിന് ആകെ നേടാന്‍ സാധിച്ചത് വെറും നാല് വിക്കറ്റുകള്‍. 58.5 ശരാശരിയിലും 10.2 എക്കോണമിയിലും 234 റണ്‍സാണ് താരം വഴങ്ങിയത്. 2/17 ആണ് താരത്തിന്റെ മികച്ച ബൗളിങ് പ്രകടനം.

ദല്‍ഹി പ്രീമിയര്‍ ലീഗിന്റെ കഴിഞ്ഞ സീസണിലെ പത്ത് ഇന്നിങ്‌സില്‍ നിന്നും താരം 14 വിക്കറ്റ് നേടിയിരുന്നു. ഈ പ്രകടനമാണ് ഐ.പി.എല്ലിലേക്കും താരത്തിന് വഴി തുറന്നത്. എന്നാല്‍ ഡി.പി.എല്ലിന്റെ ഈ സീസണില്‍ താരം തീര്‍ത്തും നിരാശപ്പെടുത്തി.

മോശം ഫോമില്‍ പന്തെറിയുമ്പോഴും തന്റെ നാച്ചുറല്‍ അഗ്രഷന്‍ പുറത്തെടുക്കാനും എതിര്‍ ടീം താരങ്ങളെ സ്ലെഡ്ജ് ചെയ്യാനും രാഥി എല്ലായ്‌പ്പോഴും ശ്രമിച്ചിരുന്നു. എന്നാല്‍ മറുതലയ്ക്കലുള്ള താരങ്ങള്‍ വാക്കുകള്‍ക്ക് പകരം ബാറ്റ് കൊണ്ട് മറുപടി നല്‍കിയതോടെ രാഥി വീണ്ടും പരിഹാസകഥാപാത്രമായി.

വെസ്റ്റ് ദല്‍ഹി ലയണ്‍സിനെതിരായ എലിമിനേറ്റര്‍ മത്സരത്തിലും രാഥി കണക്കില്ലാതെ വാങ്ങിക്കൂട്ടി. ലയണ്‍സ് നായകന്‍ നിതീഷ് റാണയെ അനാവശ്യമായി പ്രകോപിപ്പിച്ചതും ബീസ്റ്റ് മോഡില്‍ റാണ അതിന് മറുപടി നല്‍കിയതുമായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചകളിലൊന്ന്. ബാറ്റ് കൊണ്ട് മാത്രമല്ല, വാക്കുകള്‍ കൊണ്ടും രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം രാഥിക്ക് മറുപടി നല്‍കിയിരുന്നു.

ലയണ്‍സിനെതിരായ എലിമിനേറ്ററില്‍ വെറും രണ്ട് ഓവര്‍ മാത്രമാണ് ദിഗ്വേഷ് രാഥി പന്തെറിഞ്ഞത്. വഴങ്ങിയതാകട്ടെ 39 റണ്‍സും. ഒറ്റ വിക്കറ്റ് പോലും നേടാന്‍ സാധിക്കാതെ പോയ താരത്തിന്റെ മത്സരത്തിലെ എക്കോണമി 19.50 ആയിരുന്നു. രണ്ട് ടീമിലെ താരങ്ങളെയും പരിശോധിക്കുമ്പോഴും ഏറ്റവും മോശം എക്കോണമി രാഥിയുടേത് തന്നെയായിരുന്നു.

ഇന്നിങ്‌സില്‍ തന്റെ ആദ്യ ഓവറില്‍ മൂന്ന് സിക്‌സര്‍ അടക്കം 22 റണ്‍സാണ് താരം വഴങ്ങിയത്. അടുത്ത ഓവറില്‍ രണ്ട് സിക്‌സര്‍ അടക്കം 17 റണ്‍സും താരം വഴങ്ങി.

രാഥിയെ മാത്രമല്ല, സൂപ്പര്‍ സ്റ്റാര്‍സ് നിരയിലെ ഓരോ ബൗളര്‍മാരെയും ആക്രമിച്ച നായകന്‍ നിതീഷ് റാണയുടെ കരുത്തില്‍ ലയണ്‍സ് അനായാസ വിജയം സ്വന്തമാക്കി. സൂപ്പര്‍ സ്റ്റാര്‍സ് ഉയര്‍ത്തിയ 202 റണ്‍സിന്റെ വിജയലക്ഷ്യം 16 പന്തും ഏഴ് വിക്കറ്റും ശേഷിക്കെ ലയണ്‍സ് മറികടന്നു.

55 പന്തില്‍ പുറത്താകാതെ 134 റണ്‍സാണ് റാണ അടിച്ചെടുത്തത്. 15 സിക്‌സറും എട്ട് ഫോറും അടക്കം 243.64 സ്‌ട്രൈക് റേറ്റിലായിരുന്നു റാണയുടെ വെടിക്കെട്ട്.

സൂപ്പര്‍ സ്റ്റാര്‍സിനെതിരായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ കഴിഞ്ഞ ദിവസം നടന്ന രണ്ടാം ക്വാളിഫയറിലും വിജയിച്ച് ലയണ്‍സ് ഫൈനലിന് യോഗ്യത നേടി. ഈസ്റ്റ് ദല്‍ഹി റൈഡേഴ്‌സിനെ എട്ട് വിക്കറ്റിനാണ് ലയണ്‍സ് പരാജയപ്പെടുത്തിയത്. ഫൈനലില്‍ സെന്‍ട്രല്‍ ദല്‍ഹി കിങ്‌സാണ് എതിരാളികള്‍.

Content Highlight: Digvesh Rathi’s poor performance in DPL 2025

We use cookies to give you the best possible experience. Learn more