ന്യൂദല്‍ഹി: ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വി.സി നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് ചാൻസലർ രാജേന്ദ്ര ആര്‍ലേക്കര്‍ സുപ്രീം കോടതിയില്‍. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ചാൻസലർ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി.
താത്കാലിക വി.സി നിയമനം സര്‍ക്കാര്‍ പട്ടികയില്‍ നിന്നാകണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ഗവര്‍ണറുടെ നീക്കം. നിയമ വിദഗ്ദരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ചാൻസലർ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. താത്കാലിക വി.സി നിയമനത്തില്‍ ചാൻസലർ നല്‍കിയ അപ്പീല്‍ ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ച് തള്ളിയിരുന്നു.
താത്കാലിക വൈസ് ചാന്‍സലറെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ചാൻസലർ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
എന്നാല്‍ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടി ചാൻസലറുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളുകയായിരുന്നു. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന പാനലില്‍ നിന്നാകണം വി.സിമാരുടെ നിയമനമെന്നും ഹൈക്കോടതി വിധി പുറപ്പെടുവിച്ചു.
അതേസമയം ആറുമാസത്തില്‍ അധികം വി.സിയുടെ കസേരകള്‍ ഒഴിച്ചിടാന്‍ ആവില്ലെന്നും യു.ജി.സി ചട്ടങ്ങള്‍ പ്രകാരം ചാൻസലർക്ക് വി.സി നിയമനത്തിനുള്ള അധികാരമുണ്ടെും രാജേന്ദ്ര ആര്‍ലേക്കര്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം തള്ളിയ ശേഷമാണ് സിംഗിള്‍ ബെഞ്ച് വി.സി നിയമനം റദ്ദാക്കിയത്.
താത്കാലിക വി.സി നിയമനത്തിനായി മൂന്നംഗ പാനലാണ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയത്. സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സി സ്ഥാനത്തേക്ക് ഡോ. ജയപ്രകാശ്, ഡോ. സജീബ്, ഡോ. പ്രവീണ്‍ എന്നിവരുടെ പേരുകളാണ് സര്‍ക്കാരിന്റെ പട്ടികയിലുള്ളത്.
മുമ്പ് ആരിഫ് മുഹമ്മദ് ഖാന്‍ ചാന്‍സലര്‍ ആയിരുന്ന സമയത്തും ഇത്തരത്തിലുള്ള ഒരു പട്ടിക സര്‍ക്കാര്‍ കൈമാറിയിരുന്നെങ്കിലും ഇതിനുപുറത്തുള്ള സിസ തോമസിനേയും കെ. ശിവപ്രസാദിനേയും ഗവര്‍ണര്‍ നിയമിക്കുകയായിരുന്നു. അന്ന് സര്‍ക്കാര്‍ കൊടുത്ത അതേ പാനലില്‍ ഉള്ളവരാണ് ഡോ. പ്രവീണും ഡോ. ജയപ്രകാശും.
ചാൻസലർ നിയമിച്ച താത്കാലിക വി.സിമാരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെ ഡിജിറ്റല്‍ സര്‍വകലാശാല താത്കാലിക വി.സി ഡോ. കെ. ശിവപ്രസാദിനും സാങ്കേതിക സര്‍വകലാശാല താത്കാലിക വി.സി സിസ തോമസിനും അധികാരം നഷ്ടമായിരുന്നു.
Content Highlight: Governor moved the SC challenging the HC verdict cancelling the appointment of temporary VCs in digital/technical universities