| Monday, 1st December 2025, 3:11 pm

ഡിജിറ്റല്‍ അറസ്റ്റുകള്‍; സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകളില്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീം കോടതി. സ്വമേധയാ സ്വീകരിച്ച ഹരജിയിലാണ് നടപടി.

തട്ടിപ്പുകളില്‍ ബാങ്കര്‍മാര്‍ക്കുള്ള പങ്കും സി.ബി.ഐ അന്വേഷിക്കും.  അഴിമതി നിരോധന നിയമപ്രകാരം, ഡിജിറ്റല്‍ തട്ടിപ്പുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാന്‍ ബാങ്കര്‍മാരുടെ സഹായം ലഭിക്കുന്നുണ്ടോയെന്നതില്‍ സി.ബി.ഐയ്ക്ക് അന്വേഷണം നടത്താമെന്നാണ് കോടതി വ്യക്തമാക്കിയത്.

സി.ബി.ഐയ്ക്ക് സ്വതന്ത്രാധികാരം നല്‍കിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. രാജ്യത്തുടനീളമുള്ള കേസുകളിൽ അന്വേഷണം നടത്തണമെന്നാണ് നിര്‍ദേശം.

അന്വേഷണത്തിനായി ഒരു പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയ മൂന്ന് തരം സൈബര്‍ കുറ്റകൃത്യങ്ങളിലാണ് സുപ്രീം കോടതി സ്വമേധയാ ഇടപെട്ടത്. ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പുകള്‍, നിഷേക്ഷപ തട്ടിപ്പുകള്‍, പാര്‍ട്ട് ടൈം ജോലി തട്ടിപ്പുകള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്.

‘ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്റര്‍മീഡിയറി റൂള്‍സ് 2021’ പ്രകാരം ആവശ്യമുള്ളപ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അന്വേഷണത്തോട് സഹകരിക്കാന്‍ രാജ്യത്തെ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശമുണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഉടന്‍ നടപടി എടുക്കണം. അതില്‍ എന്തെങ്കിലും തടസം നേരിടുന്നുണ്ടെങ്കില്‍ കോടതിയെ അറിയിക്കണമെന്നും ബെഞ്ച് പറഞ്ഞു.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പില്‍ സുപ്രീം കോടതി ആര്‍.ബി.ഐ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ)യോട് സഹായവും തേടി. സംശയാസ്പദമായ അക്കൗണ്ടുകള്‍ തിരിച്ചറിയുന്നതിനും നിയമവിരുദ്ധമായി ലഭിക്കുന്ന വരുമാനം മരവിപ്പിക്കുന്നതിനുമാണ് കോടതി ആര്‍.ബി.ഐയുടെ സഹായം തേടിയത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ എങ്ങനെ ഉപയോഗിക്കാം എന്നതിന്റെ സാധ്യതയും കോടതി തേടിയിട്ടുണ്ട്.

മുതിര്‍ന്ന പൗരന്മാരാണ് ഇത്തരം തട്ടിപ്പുകളുടെ ഇരയാകുന്നതെന്നും കോടതി നിരീക്ഷിച്ചു. 2025 ഒക്ടോബറിലാണ് വ്യാജ ഡിജിറ്റല്‍ അറസ്റ്റുകളില്‍ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്.

Content Highlight: Digital arrests; Supreme Court orders CBI investigation

We use cookies to give you the best possible experience. Learn more