| Wednesday, 30th September 2026, 8:46 pm

ഹോളിവുഡില്‍ ഫ്‌ളോപ്പ് കൊടുത്തെന്ന ചീത്തപ്പേരില്‍ നിന്ന് ഫഹദ് രക്ഷപ്പട്ടോ അതോ ടോം ക്രൂസിന് പാളിയോ? പ്രിവ്യൂവിന് പിന്നാലെ മോശം റേറ്റിങ്ങുമായി ഡിഗ്ഗര്‍

അമര്‍നാഥ് എം.

ലോകസിനിമയില്‍ ഏറ്റവും ആരാധകരുള്ള താരങ്ങളിലൊരാളാണ് ടോം ക്രൂസ്. സ്‌പൈ ത്രില്ലറുകളുടെ ടെക്സ്റ്റ് ബുക്കായ മിഷന്‍ ഇംപോസിബിള്‍ സീരീസുകളിലൂടെയാണ് ടോം ക്രൂസ് ആരാധകരെ സൃഷ്ടിച്ചത്. പ്രയാസമുള്ള ആക്ഷന്‍ രംഗങ്ങള്‍ ഡ്യൂപ്പിന്റെ സഹായമില്ലാതെ ചെയ്യുന്നതാണ് മറ്റ് നടന്മാരില്‍ നിന് ടോം ക്രൂസിനെ വ്യത്യസ്തനാക്കുന്നത്.

മിഷന്‍ ഇംപോസിബിളിന്റെ അവസാന രണ്ട് ഭാഗങ്ങള്‍ പ്രേക്ഷകര്‍ക്കിടയില്‍ വേണ്ടത്ര വര്‍ക്കാകാതെ വന്നിരുന്നു. ഇതിന് ശേഷം ആക്ഷന്‍ ഴോണറില്‍ നിന്ന് ട്രാക്ക് മാറ്റുന്ന ടോം ക്രൂസിനെയാണ് കാണാന്‍ സാധിച്ചത്. ക്ലാസിക് സിനിമകളൊരുക്കിയ അലജാന്‍ഡ്രോ ഇനാരിറ്റുവിനൊപ്പമുള്ള ഡിഗ്ഗര്‍ റിലീസിന് തയാറെടുക്കുകയാണ്.

ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് ടോം ക്രൂസ് ഡിഗ്ഗറില്‍ പ്രത്യക്ഷപ്പെടുന്നത്. 70 വയസുള്ള ഡിഗ്ഗര്‍ റോക്ക്‌വെല്ലായുള്ള ടോം ക്രൂസിന്റെ പ്രകടനം പലരെയും അത്ഭുതപ്പെടുത്തി. ചിത്രത്തിന്റെ ട്രെയ്‌ലറെല്ലാം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍ സിനിമാപ്രേമികളെ ചെറുതായി നിരാശപ്പെടുത്തുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്.

ലോകത്തെ മുന്‍നിര റേറ്റിങ് വെബ്‌സൈറ്റായ റോട്ടന്‍ ടൊമാറ്റോ ചിത്രത്തിന് നല്‍കിയ റേറ്റിങ് വെറും 43 ശതമാനം മാത്രമാണ്. സമീപകാലത്ത് ഒരു ഹോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ റേറ്റിങ്ങാണിത്. ആക്ഷന്‍ റോളുകളില്‍ നിന്ന് ട്രാക്ക് മാറ്റിയ ടോം ക്രൂസിന്റെ ശ്രമം പാളിയെന്ന് പലരും അഭിപ്രായപ്പെടുന്നു. മലയാളി താരം ഫഹദ് ഫാസിലും ഇതിനിടയില്‍ ചര്‍ച്ചയാകുന്നുണ്ട്.

ചിത്രത്തില്‍ ഗണേശ് എന്ന കഥാപാത്രത്തിലേക്ക് ഫഹദിനെയും ഇനാരിറ്റോ പരിഗണിച്ചിരുന്നു. എന്നാല്‍ ആറ് മാസത്തോളം ആക്‌സന്റ് പരിശീലനത്തിന് വേണ്ടി മാറ്റിവെക്കണമെന്ന് കേട്ടതോടെ ഫഹദ് പിന്മാറുകയായിരുന്നു. ഹോളിവുഡ് താരം റിസ് അഹമ്മദാണ് ഗണേശായി വേഷമിടുന്നത്. ഹോളിവുഡ് എന്‍ട്രി തന്നെ ഫ്‌ളോപ്പായെന്ന നാണക്കേടില്‍ നിന് ഫഹദ് രക്ഷപ്പെട്ടെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

എന്നാല്‍ റോട്ടന്‍ ടൊമാറ്റോയുടെ റേറ്റിങ്ങിനെ വിശ്വസിക്കണ്ടെന്നാണ് ഒരുകൂട്ടമാളുകളുടെ കമന്റുകള്‍. പ്രിവ്യൂവില്‍ മോശം അഭിപ്രായം ലഭിച്ച പല സിനിമകളും തിയേറ്റര്‍ റിലീസില്‍ മികച്ച അഭിപ്രായം സ്വന്തമാക്കാറുണ്ടെന്നാണ് ഇക്കൂട്ടര്‍ ചൂണ്ടിക്കാണിക്കുന്നത്. ഡിഗ്ഗറിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Content Highlight: Digger movie is getting bad ratings after the preview

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more