| Friday, 16th October 2026, 11:03 am

ജന്തര്‍ മന്തറില്‍ മാധ്യമപ്രവര്‍ത്തകരെ തിരിച്ചറിയാന്‍ പ്രയാസം; ഇന്‍ഫ്‌ളുവന്‍സര്‍മാരെ വേര്‍തിരിക്കുന്നത് പരിശോധിക്കും: സുപ്രീം കോടതി

നിഷാന. വി.വി

ന്യൂദല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാരും മാധ്യമപ്രവര്‍ത്തകരാകാന്‍ തുടങ്ങിയാല്‍ അത് എല്ലാവര്‍ക്കും വലിയ പ്രയാസങ്ങളും പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്ന് സുപ്രീം കോടതി. ഡിജിറ്റല്‍ യുഗത്തില്‍ ആരെയാണ് യഥാര്‍ത്ഥത്തില്‍ ‘മാധ്യമപ്രവര്‍ത്തകന്‍’ എന്ന് നിര്‍വചിക്കേണ്ടതെന്നും അവര്‍ക്ക് നല്‍കേണ്ട സുരക്ഷ എന്താണെന്നും ആഴത്തിലുള്ള പരിശോധന ആവശ്യമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.

ജന്തര്‍ മന്ദര്‍ പ്രതിഷേധത്തിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം നടന്നുവെന്ന് കാണിച്ച് നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഭരണഘടന ഉറപ്പുനല്‍കുന്ന ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുള്ള അവകാശം രാജ്യത്തെ ഓരോ പൗരനും ഒരു മാധ്യമപ്രവര്‍ത്തകനാകാനുള്ള അധികാരം നല്‍കുന്നുണ്ടോ എന്നത് വിശദമായി പരിശോധിക്കേണ്ട കാര്യമാണെന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി അഭിപ്രായപ്പെട്ടു.

അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകര്‍, അംഗീകൃത സ്ഥാപനങ്ങളിലെ ജീവനക്കാര്‍, ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാര്‍, റീല്‍സ് നിര്‍മാതാക്കള്‍ എന്നിവരെയെല്ലാം ഒരേ തട്ടില്‍ അളക്കാനാകില്ല. ഇവരിലാരൊക്കെയാണ് പ്രത്യേക നിയമസംരക്ഷണം അര്‍ഹിക്കുന്ന യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകര്‍ എന്ന് തിരിച്ചറിയുക എന്നത് വലിയൊരു ചോദ്യമാണെന്നും കോടതി പറഞ്ഞു.

തുടര്‍ന്ന് വാദം കേട്ട സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും ഇതിനെ പിന്തുണച്ചു. കയ്യില്‍ ഒരു സ്മാര്‍ട്ട്‌ഫോണുള്ള ആര്‍ക്കും ഇന്ന് തങ്ങള്‍ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകരാണെന്ന് അവകാശപ്പെടാന്‍ കഴിയുന്ന സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇവരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ ലൈക്കുകള്‍ നേടാനും പണമുണ്ടാക്കാനും വേണ്ടി സംഭവങ്ങളെ വളച്ചൊടിച്ചോ അതിശയോക്തി കലര്‍ത്തിയോ റീലുകള്‍ നിര്‍മിക്കുക മാത്രമാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം വേണമെന്ന ആവശ്യത്തില്‍, സമാനമായ സുരക്ഷ ഡ്യൂട്ടിയിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോഷ്യല്‍ മീഡിയ സജീവമായ ഇക്കാലത്ത് മാധ്യമപ്രവര്‍ത്തനത്തിന്റെ അതിര്‍വരമ്പുകള്‍ നിര്‍ണയിക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ കോടതി കൂടുതല്‍ വാദം കേള്‍ക്കും.

Content Highlight: Difficult to identify journalists at Jantar Mantar; Supreme Court to examine how to distinguish them from influencers.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more