| Sunday, 13th September 2026, 8:14 am

അഭിപ്രായ വ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി മാറരുത്, ശാന്തതയാണ് വേണ്ടത്: സമാധാനപാതയില്‍ മോദിയും ഷി ജിന്‍പിങ്ങും

നിഷാന. വി.വി

ന്യൂദല്‍ഹി: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ദീര്‍ഘ വീക്ഷണത്തോടെ കാണണമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരുരാജ്യങ്ങള്‍ക്കും പരസ്പരമുള്ള കരുത്ത് തിരിച്ചറിഞ്ഞ് മുന്നേറാന്‍ കഴിയുമെന്നും ജിന്‍പിങ് പറഞ്ഞു. ദല്‍ഹിയില്‍ നടക്കുന്ന പതിനെട്ടാമത് ബ്രിക്‌സ് ഉച്ചക്കോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ നിര്‍ണായക കൂടിക്കാഴ്ചയിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

ഏഴ് വര്‍ഷത്തിനിടെയുള്ള ചൈനീസ് പ്രസിഡന്റിന്റെ ആദ്യ ഇന്ത്യാ സന്ദര്‍ശനമാണിത്. ഇരുരാജ്യങ്ങളുടെയും ആഭ്യന്തര സാഹചര്യങ്ങള്‍ വ്യത്യസ്തമാണെങ്കിലും പരസ്പരം പിന്തുണയ്ക്കാനും പൊതുവായ വികസനം കൈവരിക്കാനും സാധിക്കുമെന്നും ചൈനീസ് പ്രസിഡന്റ് പറഞ്ഞു. ജൂണ്‍ 15ന് തന്റെ ജന്മദിനത്തിലാണ് ഇന്ത്യ സന്ദര്‍ശിക്കാനുള്ള ഔദ്യോഗിക ക്ഷണം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ വര്‍ഷങ്ങളിലായി നമ്മള്‍ 21 തവണ പരസ്പരം കണ്ടുട്ടി. ഇത് ചൈന-ഇന്ത്യ ബന്ധത്തെ സുസ്ഥിരമായ വികസനത്തിന്റെ പാതയിലേക്ക് നയിച്ചു. തന്ത്രപരമായ കാഴ്ചപ്പാടോടെയാണ് ചൈന എപ്പോഴും ഇന്ത്യയുമായുള്ള ബന്ധത്തെ നോക്കിക്കാണുന്നത്,’ അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളും, ഗ്ലോബല്‍ സൗത്തിലെ പ്രധാന അംഗങ്ങളുമായ ഇന്ത്യയും ചൈനയും മാനവികതയുടെ ഭാവിയെ മുന്‍നിര്‍ത്തി വലിയ ഉത്തരവാദിത്തങ്ങള്‍ തോളിലേറ്റേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ തര്‍ക്കങ്ങളായി വളരാന്‍ അനുവദിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും തമ്മില്‍ ധാരണയായിട്ടുണ്ട്.

ഉഭയകക്ഷി ബന്ധം ശക്തമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് അതിര്‍ത്തിയിലെ സമാധാനവും ശാന്തതയും അത്യന്താപേക്ഷിതമാണെന്ന് നരേന്ദ്ര മോദി വ്യക്തമാക്കി. പരസ്പര ബഹുമാനം, പരസ്പര അവബോധം, പരസ്പര താത്പര്യം എന്നീ മൂന്ന് തത്ത്വങ്ങളിലൂന്നിയാകണം ഇരുരാജ്യങ്ങളുടെയും മുന്നോട്ടുള്ള പ്രയാണമെന്ന് മോദി ഓര്‍മിപ്പിച്ചു.

പരസ്പര വിശ്വാസത്തിലും ബഹുമാനത്തിലും അധിഷ്ഠിതമായി തര്‍ക്കങ്ങളില്‍ നീതിയുക്തവും ന്യായവുമായ, ഇരുപക്ഷത്തിനും സ്വീകാര്യമായ പരിഹാരം കാണാന്‍ ഇരുനേതാക്കളും പ്രതിജ്ഞാബദ്ധത ആവര്‍ത്തിച്ചു. ആശയവിനിമയം സുഗമമാക്കുന്നതിനൊപ്പം വ്യാപാര ബന്ധങ്ങള്‍, സാംസ്‌കാരിക കൈമാറ്റം, പ്രാദേശിക-ആഗോള വിഷയങ്ങളിലെ സഹകരണം എന്നിവ വര്‍ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഇന്ത്യയുടെ ബ്രിക്‌സ് അധ്യക്ഷതയ്ക്ക് ചൈന നല്‍കിയ പിന്തുണയെയും പ്രധാനമന്ത്രി പ്രശംസിച്ചു.

2020-ലെ കിഴക്കന്‍ ലഡാക് സൈനിക സംഘര്‍ഷത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. അതിനുശേഷമുള്ള ചൈനീസ് പ്രസിഡന്റിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്.

Content Highlight: Differences of opinion should not escalate into disputes; composure is needed: Modi and Xi Jinping on the path of peace.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more