| Sunday, 26th October 2025, 12:44 pm

പറഞ്ഞതിനും ഒരുദിവസം മുന്നേ, പെയ്ഡ് പ്രീമിയര്‍ ഉറപ്പിച്ച് ഡീയസ് ഈറേ, ഗംഭീര എക്‌സ്പീരിയന്‍സ് ലോഡിങ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാലാണ് നായകന്‍. ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 31ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ഇപ്പോഴിതാ ചിത്രം ഒരുദിവസം മുന്നേ എത്തുമെന്നുള്ള വാര്‍ത്തയാണ് സിനിമാപ്രേമികളെ സന്തോഷിപ്പിക്കുന്നത്.

റിലീസിന്റെ തലേദിവസം രാത്രി ഡീയസ് ഈറേക്ക് പെയ്ഡ് പ്രീമിയര്‍ ഒരുക്കുന്നുണ്ട്. കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സ്‌ക്രീനുകളില്‍ മാത്രമാണ് പെയ്ഡ് പ്രീമിയര്‍ ഒരുക്കുന്നത്. പല സിനിമകള്‍ക്കും റിലീസിന് മുമ്പ് പ്രീമിയര്‍ ഷോ എന്ന ഏര്‍പ്പാട് കഴിഞ്ഞ കുറച്ചുകാലമായി മലയാളത്തില്‍ നടന്നുപോരുന്നുണ്ട്. സിനിമയുടെ ക്രൂവുമായി ബന്ധപ്പെട്ടവരും മാധ്യമങ്ങളും മാത്രമായിരുന്നു ഇത്തരം പ്രീമിയര്‍ ഷോയില്‍ പങ്കെടുത്തിരുന്നത്.

എന്നാല്‍ അന്യഭാഷയില്‍ ആരാധകര്‍ക്കായി റിലീസിന്റെ തലേദിവസം പെയ്ഡ് പ്രീമിയര്‍ ഷോസ് അടുത്തിടെ ചാര്‍ട്ട് ചെയ്ത് തുടങ്ങിയിരുന്നു. മികച്ച പ്രതികരണം ലഭിച്ചതോടെ കേരളത്തിലും ഈ പരീക്ഷണം നടത്തുകയായിരുന്നു. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്ത അവിഹിതത്തിന് കേരളത്തില്‍ പെയ്ഡ് പ്രീമിയര്‍ ഉണ്ടായിരുന്നു.

ഡീയസ് ഈറേ പോലെ വന്‍ ഹൈപ്പുള്ള ചിത്രത്തിന് പെയ്ഡ് പ്രീമിയര്‍ ഏര്‍പ്പെടുത്തിയത് ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തലുകള്‍. ഇത് കേരളത്തിലും വിജയിച്ചാല്‍ പല വമ്പന്‍ സിനിമകളും ഇത്തരത്തില്‍ പെയ്ഡ് പ്രീമിയര്‍ ചാര്‍ട്ട് ചെയ്യുമെന്ന് ഉറപ്പാണ്. സിനിമാപ്രേമികളുടെ പിന്തുണയും ഈ നീക്കത്തിനുണ്ട്.

മുന്‍ ചിത്രങ്ങളെപ്പോലെ ഹൊറര്‍ ഴോണറില്‍ തന്നെയാണ് രാഹുല്‍ സദാശിവന്‍ ഡീയസ് ഈറേ ഒരുക്കിയത്. ചിത്രത്തിന്റേതായ പുറത്തിറങ്ങിയ അപ്‌ഡേറ്റുകളെല്ലാം പ്രതീക്ഷ ഉയര്‍ത്തുന്നവയായിരുന്നു. വളരെ ചുരുക്കും കഥാപാത്രങ്ങള്‍ മാത്രമേ ചിത്രത്തിലുള്ളൂ. കഴിഞ്ഞദിവസം പുറത്തിറങ്ങിയ റിലീസ് ട്രെയ്‌ലറിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ഭ്രമയുഗത്തിന്റെ അതേ ക്രൂ തന്നെയാണ് ഡീയസ് ഈറേയിലും ഒന്നിക്കുന്നത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷഹ്നാദ് ജലാലും പ്രൊഡക്ഷന്‍ ഡിസൈന്‍ ജ്യോതിഷ് ശങ്കറുമാണ്. ക്രിസ്‌റ്റോ സേവ്യറാണ് ഡീയസ് ഈറേയുടെ സംഗീതം. ഈ വര്‍ഷത്തെ മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സായി ഡീയസ് ഈറേ മാറുമെന്നാണ് പ്രതീക്ഷ.

Content Highlight: Dies Irae paid premiere booking open now

We use cookies to give you the best possible experience. Learn more