| Wednesday, 1st October 2025, 11:44 am

അപ്പു രണ്ടും കല്പിച്ച് തന്നെ, ഹാലോവീന്‍ ദിനത്തില്‍ പ്രേക്ഷകര്‍ ഞെട്ടുമെന്നുറപ്പ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ പ്രേക്ഷകരുടെ ശ്രദ്ധ സ്വന്തമാക്കിയിരുന്നു. ഓരോ അപ്‌ഡേറ്റിലും ചിത്രത്തിന്റെ ക്വാളിറ്റി ഒട്ടും കുറയാതെ മുന്നോട്ട് കൊണ്ടുപോകാന്‍ അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചു.

ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തില്‍ ഇതുവരെ വന്നതില്‍ വെച്ച് ഗംഭീര ഹൊറര്‍ ത്രില്ലറാകും ഡീയസ് ഈറേയെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നുണ്ട്. കഥയെക്കുറിച്ച് യാതൊരു സൂചനയും നല്കാതെയാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്. വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രം അണിനിരക്കുന്ന ഡീയസ് ഈറേ പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് ഉറപ്പാണ്.

ഒരു വീടും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അമാനുഷിക സംഭവങ്ങളുമാണ് ഡീയസ് ഈറേയുടെ കഥയെന്ന് മാത്രമേ ട്രെയ്‌ലര്‍ കാണുമ്പോള്‍ മനസിലാക്കാന്‍ കഴിയുന്നുള്ളൂ. പ്രണവ് മോഹന്‍ലാലിന്റെ ഇതുവരെ കാണാത്ത തരത്തിലുള്ള പ്രകടനം ഈ ചിത്രത്തിലൂടെ കാണാന്‍ സാധിക്കുമെന്ന് ട്രെയ്‌ലര്‍ അടിവരയിടുന്നു. കരിയറിലെ പുതിയ ട്രാക്കിലേക്ക് പ്രണവ് കടക്കുന്നു എന്നതിന്റെ സൂചനയാണ് ഈ ചിത്രം.

ഹാലോവീന്‍ ദിനമായ ഒക്ടോബര്‍ 31ന് ചിത്രം തിയേറ്ററുകളിലെത്തും. രാഹുല്‍ സദാശിവന്റെ മുന്‍ ചിത്രമായ ഭൂതകാലം തിയേറ്ററില്‍ മിസ്സായവര്‍ക്ക് ലഭിച്ച മറ്റൊരു അവസരമാണ് ഡീയസ് ഈറെയെന്നാണ് ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ വരുന്ന അഭിപ്രായങ്ങള്‍. പ്രകടനം കൊണ്ടും മേക്കിങ് കൊണ്ടും മലയാളസിനിമ വീണ്ടും ഞെട്ടിക്കുമെന്ന് ട്രെയ്‌ലര്‍ ഉറപ്പുനല്‍കുന്നുണ്ട്.

35 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയായത്. വടകര, തിരുവനന്തപുരം എന്നിവയായിരുന്നു പ്രധാന ലൊക്കേഷനുകള്‍. പോസ്റ്റ് പ്രൊഡക്ഷന് വേണ്ടിയാണ് അണിയറപ്രവര്‍ത്തകര്‍ കൂടുതല്‍ സമയം ചെലവാക്കിയത്. മെയില്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രം അഞ്ച് മാസം കൊണ്ടാണ് പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയാക്കിയത്.

ഭ്രമയുഗത്തില്‍ പ്രവര്‍ത്തിച്ച അതേ ക്രൂ തന്നെയാണ് ഡീയസ് ഈറേക്കും. ഷഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും ക്രിസ്റ്റോ സേവ്യറിന്റെ സംഗീതവും ജ്യോതിഷ് ശങ്കറിന്റെ പ്രൊഡക്ഷന്‍ ഡിസൈനുമെല്ലാമാണ് ചിത്രത്തെ കൂടുതല്‍ മികച്ചതാക്കുന്നത്. ഭ്രമയുഗത്തിന്റെ നിര്‍മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസാണ് ഡീയസ് ഈറേയുടെയും നിര്‍മാണം.

Content Highlight: Dies Irae movie trailer out now

We use cookies to give you the best possible experience. Learn more