മലയാളത്തില്‍ അധികം എക്‌സ്‌പ്ലോര്‍ ചെയ്യാത്ത ഹൊറര്‍ ഴോണറില്‍ തന്റേതായ സാന്നിധ്യമറിയിച്ച സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ഏറ്റവും പുതിയ ചിത്രമായ ഡീയസ് ഈറേയിലും സ്ഥിതി വ്യത്യസ്തമല്ല. കണ്ടുമടുത്ത ഹൊറര്‍ സിനിമകളില്‍ നിന്ന് പ്രേക്ഷകരെ എങ്ങനെ എന്‍ഗേജ് ചെയ്യിച്ച് മുന്നോട്ടു പോകാമെന്നാണ് രാഹുല്‍ ഓരോ സിനിമയിലും ശ്രമിക്കുന്നത്.
മേക്കിങ് കൊണ്ടും സീന്‍ സെറ്റിങ് കൊണ്ടും പ്രേക്ഷകരെ ഭയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്താന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. കോണ്‍ജറിങ് ടീം ചെയ്യുന്നതുപോലെ നിശബ്ദതയില്‍ നിന്ന് പെട്ടെന്ന് ഭയപ്പെടുത്തുന്ന ജംപ് സ്‌കെയര്‍ സീനുകള്‍ ഡീയസ് ഈറേയിലില്ല. പകരം നിശബ്ദത പോലും എത്ര ഭയാനകമാണെന്ന് ഓരോ സീനിലും കാട്ടിത്തരുന്നുണ്ട്.
അടുത്തത് എന്ത് നടക്കുമെന്ന് കൃത്യമായി പറയാന്‍ കഴിയുന്ന ആദ്യ പകുതിയിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. എന്നാല്‍ പ്രീ ഇന്റര്‍വല്‍ സീന്‍ മുതല്‍ പ്രേക്ഷകര്‍ എന്ത് വിചാരിക്കുന്നോ അതിന്റെ അപ്പുറത്തെ കാര്യങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ഇന്റര്‍വല്‍ സീനില്‍ ക്യാമറക്ക് മുന്നിലും പിന്നിലും ഉണ്ടായിരുന്നവര്‍ ഒരുപോലെ അഴിഞ്ഞാടിയെന്ന് തന്നെ പറയാം.
രണ്ടാം പകുതിയില്‍ കഥയൊന്ന് ഡൗണായി എന്ന് തോന്നിയ ഇടത്ത് നിന്ന് ഒരൊറ്റ സീനിലൂടെ പടം വീണ്ടും ട്രാക്കില്‍ കയറുന്നുണ്ട്. ക്ലൈമാക്‌സും ടെയ്ല്‍ എന്‍ഡും കൂടിയായപ്പോള്‍ മലയാളത്തിലെ ലക്ഷണമൊത്ത ഹൊറര്‍ സിനിമകളുടെ പട്ടികയിലേക്ക് ഡീയസ് ഈറേയും ഇടംപിടിച്ചു. തന്റെ സിനിമകളുടെ സ്ഥിരം പാറ്റേണില്‍ ഓപ്പണ്‍ എന്‍ഡിങ് തന്നെയാണ് രാഹുല്‍ സദാശിവന്‍ ഡീയസ് ഈറേയ്ക്കും നല്‍കിയിരിക്കുന്നത്.
മുന്‍ സിനിമകളിലേത് പോലെ വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് ഈ ചിത്രത്തിലുള്ളത്. വന്നുപോയവരെല്ലാം മനസില്‍ തങ്ങി നില്ക്കുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. നായകനായ പ്രണവ് മോഹന്‍ലാല്‍ തന്നെയാണ് സിനിമയെ ആദ്യാവസാനം താങ്ങി നിര്‍ത്തുന്നത്. സിനിമയുടെ ഭൂരിഭാഗം സീനുകളിലും പ്രണവ് മോഹന്‍ലാലിന്റെ സാന്നിധ്യമുണ്ട്. പകുതി രംഗങ്ങളിലും താരം ഒറ്റക്ക് മാത്രമേ സ്‌ക്രീനിലുണ്ടാകുന്നുള്ളൂ.
ആ കഥാപാത്രം അനുഭവിക്കുന്ന ഏകാന്തതയും പിന്നീടുള്ള ഭയവും പ്രേക്ഷകര്‍ക്കും കൃത്യമായി അനുഭവിക്കനാകുന്നുണ്ട്. ചില രംഗങ്ങളിലെല്ലാം പ്രണവിന്റെ പ്രകടനം ഗംഭീരമായിരുന്നു. ചെറുപ്രായത്തില്‍ തന്നെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ പ്രണവ് ഈ സിനിമയിലും നടനെന്ന രീതിയില്‍ ഞെട്ടിച്ചു.
പ്രണവിന് ശേഷം ഈ സിനിമയില്‍ ഏറ്റവും സ്‌ക്രീന്‍ സ്‌പെയ്‌സുള്ളത് ജിബിന്‍ ഗോപിനാഥിനാണ്. കാക്കിക്കുള്ളില്‍ നിന്ന് മലയാള സിനിമക്ക് ലഭിച്ച മറ്റൊരു കലാകാരനായ ജിബിന് തന്റെ കരിയറില്‍ ലഭിച്ച ഏറ്റവും മികച്ച കഥാപാത്രമായി ഡീയസ് ഈറേയിലെ മധുസൂദനന്‍ മാറി. ഡയലോഗ് ഡെലിവറിയും പെര്‍ഫോമന്‍സും കൊണ്ട് ജിബിന്‍ തന്റെ വേഷം ഗംഭീരമാക്കി.
പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാന്‍ മാത്രമല്ല, നല്ല വെടിപ്പായി അഭിനയിക്കാനും തനിക്ക് അറിയാമെന്ന് അരുണ്‍ അജികുമാര്‍ ഡീയസ് ഈറേയിലൂടെ തെളിയിച്ചു. പടക്കളത്തില്‍ ചെറിയ വേഷം ചെയ്ത അരുണിന് ഡീയസ് ഈറേയില്‍ ശക്തമായ കഥാപാത്രമാണ് ലഭിച്ചത്. ചെറുതായി കൈവിട്ടുപോയാല്‍ ഒരുപാട് ട്രോളുകള്‍ ഏറ്റുവാങ്ങുന്ന കഥാപാത്രം അരുണ്‍ മികച്ച രീതിയില്‍ ചെയ്തു വെച്ചിട്ടുണ്ട്. പ്രീ ഇന്റര്‍വെല്‍ സീനിലെ പ്രകടനത്തെ ഗംഭീരമെന്നേ പറയാനാകുള്ളൂ.
കൂടുതല്‍ എന്തെങ്കിലും പറഞ്ഞാല്‍ സ്‌പോയിലറായേക്കാവുന്ന രണ്ട് ആര്‍ട്ടിസ്റ്റുകളും സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഡയലോഗുകളൊന്നുമില്ലെങ്കിലും സുഷ്മിത ഭട്ടും തന്റെ ഭാഗം നല്ല രീതിയില്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
ചിത്രത്തിന്റെ ടെക്‌നിക്കല്‍ മേഖലയില്‍ പ്രവര്‍ത്തിച്ചവരെല്ലാം അവരുടെ മാക്‌സിമം എഫര്‍ട്ട് നല്കിയിട്ടുണ്ട്. സൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റിനെ വേണം ആദ്യം പ്രശംസിക്കാന്‍. ഓരോ സീനിലും വരുന്ന ശബ്ദം കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാനും അത് ആദ്യാവസാനം നിലനിര്‍ത്താനും സൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റിന് സാധിച്ചിട്ടുണ്ട്. എം.ആര്‍. രാജാകൃഷ്ണന്റെ മിക്‌സിങ്ങും ജയദേവന്‍ ചക്കാടത്തിന്റെ സൗണ്ട് ഡിസൈനും ടോപ് ക്ലാസ് തന്നെയായിരുന്നു.
ക്രിസ്റ്റോ സേവ്യര്‍. നിശബ്ദതക്ക് പോലും സംഗീതമുണ്ടെന്ന് ഡീയസ് ഈറേയിലൂടെ ക്രിസ്‌റ്റോ തെളിയിച്ചു. പതിഞ്ഞ് പോകേണ്ടിടത്ത് പതിഞ്ഞും ഹൈ വേണ്ടിടത്ത് അങ്ങനെയും സംഗീതമൊരുക്കാന്‍ ക്രിസ്റ്റോയ്ക്ക് സാധിച്ചിട്ടുണ്ട്. ഭ്രമയുഗത്തിന് ശേഷം ക്രിസ്‌റ്റോയുടെ റേഞ്ച് കൃത്യമായി അടയാളപ്പെടുത്തിയത് ഡീയസ് ഈറേയിലാണ്.
റോണക്‌സ് സേവ്യര്‍, മേക്കപ്പിന്റെ കാര്യത്തില്‍ ഡീയസ് ഈറേയിലൂടെ റോണക്‌സിനെ തേടി നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തുമെന്ന് ഉറപ്പാണ്. പ്രോസ്‌തെറ്റിക് മേക്കപ്പ് കൃത്യമായി ഉപയോഗിച്ച മലയാള സിനിമയെന്ന് ഡീയസ് ഈറേയെ വിശേഷിപ്പിക്കാം. ജ്യോതിഷ് ശങ്കറിന്റെ പ്രൊഡക്ഷന്‍ ഡിസൈനും ഗംഭീരമെന്നേ പറയാനാകുള്ളൂ.
ഷഹ്നാദ് ജലാല്‍ ഒരുക്കിയ ഫ്രെയിമുകളും ടോപ് ക്ലാസായിരുന്നു. കഥയുടെ ഭൂരിഭാഗം സീനുകളും ഒരു വീടിനുള്ളില്‍ തന്നെയാണ് നടക്കുന്നത്. ഒരു വീടിനെ ഒരുപാട് തവണ കാണുമ്പോള്‍ തോന്നുന് മടുപ്പ് ഈ സിനിമയില്‍ തോന്നാതിരിക്കാന്‍ കാരണം ഷഹ്നാദിന്റെ ഫ്രെയിമുകളാണ്. ചില ഷോട്ടുകളൊക്കെ കണ്ടപ്പോള്‍ അന്തം വിട്ടുപോയെന്ന് പറയാം.
ഈ ക്രൂവിന്റെയെല്ലാം കപ്പിത്താനായ രാഹുല്‍ സദാശിവന്‍, വല്ലാത്തൊരു വിഷനാണ് സിനിമയെക്കുറിച്ച് രാഹുലിനുള്ളത്. വണ്‍ ലൈന്‍ കേട്ടാല്‍ പ്രത്യേകിച്ച് ഒന്നും തോന്നാത്ത ഒരു കഥയെ പ്രേക്ഷകര്‍ക്ക് എന്‍ഗേജിങ്ങാകുന്ന തരത്തില്‍ ഒരുക്കാന്‍ രാഹുലിന് മാത്രമേ സാധിക്കുകയുള്ളൂ. ഇനിയും ഒരുപാട് സിനിമകള്‍ രാഹുലില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
സിനിമ കാണാനെത്തുന്ന പ്രേക്ഷകരോട് കൂടി ഒരു കാര്യം. ഇത് ഹൊറര്‍ സിനിമയാണെന്നും ‘A’ സര്‍ട്ടിഫിക്കറ്റുള്ള ചിത്രമാണെന്നും അണിയറപ്രവര്‍ത്തകര്‍ ആദ്യമേ അറിയിച്ചിട്ടുണ്ട്. കൊച്ചു കുട്ടികളെ തിയേറ്ററില്‍ കൊണ്ടുവന്ന് ഈ സിനിമ കാണിക്കാതിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കുക.
ഹൊറര്‍ സീനുകളില്‍ സ്വയം മാസാണെന്ന് കാണിക്കാന്‍ ഡയലോഗടിച്ച് മറ്റുള്ളവരുടെ ആസ്വാദനത്തെ തടസപ്പെടുത്തുന്ന പൊതുശല്യങ്ങളായിട്ടുള്ളവരും തിയേറ്ററിനെ ഫോണ്‍ ബൂത്തായി കരുതുന്നവരും ദയവു ചെയ്ത് തിയേറ്ററില്‍ വന്ന് ഈ സിനിമയുടെ എക്‌സ്പീരിയന്‍സ് ഇല്ലാതാക്കരുത്.
Content Highlight: Dies Irae movie review