| Saturday, 23rd August 2025, 2:27 pm

പ്ലേ ബോയ് വേഷത്തില്‍ പ്രണവ്, ഒപ്പം സാത്താന്‍ സേവയും, ഇത്തവണ വരുന്നത് കിടുക്കാച്ചി ഐറ്റം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവം സമ്മാനിക്കുക എന്ന ചിന്തയുള്ള സംവിധായകനാണ് രാഹുല്‍ സദാശിവന്‍. ആദ്യചിത്രമായ റെഡ് റെയിന്‍, പിന്നീട് വന്ന ഭൂതകാലം, ഭ്രമയുഗം എന്നീ ചിത്രങ്ങള്‍ മികച്ച സിനിമാനുഭവങ്ങളായിരുന്നു. കണ്ടുശീലിച്ച ഹൊറര്‍ സിനിമകളെ പാടെ പൊളിച്ചെഴുതുന്ന ചിത്രങ്ങളായിരുന്നു ഭൂതകാലവും ഭ്രമയുഗവും.

ഭ്രമയുഗത്തിന് രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ചിത്രമാണ് ഡീയസ് ഈറേ. പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ ഒരുക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് മുതല്‍ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയെ ഇളക്കിമറിച്ചു. ക്രോധത്തിന്റെ ദിനമെന്ന് അര്‍ത്ഥം വരുന്ന ഡീയസ് ഈറേ എന്നാണ് രാഹുല്‍ തന്റെ പുതിയ ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലാറ്റിന്‍ ഗാനത്തിലെ ഒരു ഭാഗമാണ് ഡീയസ് ഈറേ.

പ്രണവിന്റെ പിറന്നാള്‍ദിനത്തില്‍ പുറത്തുവിട്ട പോസ്റ്ററും പ്രേക്ഷകരെ ഞെട്ടിച്ചു. ഇതുവരെ കാണാത്ത ലുക്കിലാണ് പ്രണവ് ഡീയസ് ഈറേയില്‍ വേഷമിടുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വണ്‍ലൈന്‍ എന്ന് പറയപ്പെടുന്ന കഥ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. പ്ലേബോയ് വേഷത്തിലാണ് പ്രണവ് ഈ ചിത്രത്തിലെത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരുപാട് പെണ്‍കുട്ടികളെ പ്രണയിക്കുന്ന പ്രണവിന്റെ കഥാപാത്രം ഒരു പെണ്‍കുട്ടിയെ പറ്റിക്കുന്നു. നിരാശയില്‍ ആ പെണ്‍കുട്ടി തന്റെ ജീവിതം സാത്താന് വേണ്ടി ബലി കൊടുക്കുന്നു. പിന്നീട് ആ ആത്മാവ് അയാളെ വേട്ടയാടുന്നതുമാണ് സിനിമയുടെ കഥ എന്നാണ് ഫാന്‍ തിയറി. പുറത്തുവന്ന പോസ്റ്ററുകളെല്ലാം ഇതിനെയെല്ലാം ഏറെക്കുറെ ശരിവെക്കുന്നതാണ്. എല്ലാം ഒത്തുവന്നാല്‍ സിനിമാപ്രേമികള്‍ ഇതുവരെ കാണാത്ത സിനിമാനുഭവമായി ഡീയസ് ഈറേ മാറും.

ഹൊറര്‍ ഴോണറിന്റെ മാക്‌സിമം അനുഭവം പ്രേക്ഷകര്‍ക്ക് ലഭിക്കാന്‍ അണിയറപ്രവര്‍ത്തകര്‍ ഓരോ അപ്‌ഡേറ്റിലും ശ്രദ്ധ കൊടുക്കുന്നുണ്ട്. ലോകമെമ്പാടും ഹാലോവീന്‍ ദിനമാഘോഷിക്കുന്ന ഒക്ടോബര്‍ 30നാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുക. വെറും 35 ദിവസം കൊണ്ട് ഷൂട്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന് വേണ്ടി നാല് മാസത്തോളമാണ് എടുക്കുന്നത്.

പ്രണവിനെക്കൂടാതെ ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാകുമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ തന്നെ വ്യത്യസ്ത അനുഭവമായിരുന്നു. ജോര്‍ജിയന്‍ ഓയില്‍ പെയിന്റ് രീതിയില്‍ രണ്ട് മാസത്തോളം സമയമെടുത്ത് കൈകൊണ്ട് വരച്ച പോസ്റ്ററായിരുന്നു പുറത്തുവിട്ടത്. ഭ്രമയുഗത്തിന്റെ അതേ ടീം തന്നെയാണ് ഡീയസ് ഈറേയിലും ഒന്നിക്കുന്നത്.

Content Highlight: Dies Irae movie fan theories out now

We use cookies to give you the best possible experience. Learn more