സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് ഡീയസ് ഈറേ. ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. റിലീസിന്റെ തലേദിവസം കേരളത്തില്‍ അങ്ങോളമിങ്ങോളം പെയ്ഡ് പ്രീമിയര്‍ ചാര്‍ട്ട് ചെയ്തതും പുതിയ പരീക്ഷണമായിരുന്നു. ആദ്യദിനം കൂടുതല്‍ പേരിലേക്ക് ചിത്രമെത്താന്‍ പ്രീമിയര്‍ ഷോ സഹായിച്ചു.
ആദ്യദിനം തന്നെ ചിത്രത്തിന് മികച്ച കളക്ഷനാണ് ലഭിച്ചത്. വേള്‍ഡ്‌വൈഡായി 10 കോടിക്ക് മുകളിലാണ് ഡീയസ് ഈറേ സ്വന്തമാക്കിയത്. ഇതോടെ മലയാളം ഇന്‍ഡസ്ട്രിയില്‍ പുതിയൊരു ചരിത്രം കൂടി പ്രണവ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു. കരിയറില്‍ ഇത് രണ്ടാം തവണയാണ് പ്രണവ് 10 കോടിക്കു മുകളില്‍ ഫസ്റ്റ് ഡേ കളക്ഷന്‍ സ്വന്തമാക്കുന്നത്.
പ്രണവിനൊപ്പം ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷം കൈകാര്യം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷമാണ് 10 കോടി ഓപ്പണിങ് നേടിയ പ്രണവിന്റെ ആദ്യ ചിത്രം. മോഹന്‍ലാല്‍, മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവര്‍ക്ക് ശേഷം ഒന്നിലധികം 10 കോടി ഓപ്പണിങ്ങുള്ള നടനായി പ്രണവ് മാറിയിരിക്കുകയാണ്. മലയാളത്തില്‍ മറ്റൊരു നടനും ഒന്നില്‍ കൂടുതല്‍ 10 കോടി ഓപ്പണിങ്ങില്ലെന്നതാണ് ശ്രദ്ധേയം.
ലിസ്റ്റിലെ കൊമ്പന്‍ മോഹന്‍ലാല്‍ തന്നെയാണ്. ആറ് വട്ടമാണ് ബോക്‌സ് ഓഫീസില്‍ മോഹന്‍ലാല്‍ 10 കോടിക്കുമുകളില്‍ ഓപ്പണിങ് നേടിയത്. രണ്ടാം സ്ഥാനത്തുള്ള മമ്മൂട്ടിയുടെ മൂന്ന് സിനിമകളാണ് ഈ നേട്ടം കൈവരിച്ചത്. ബിഗ് എംസിന് ശേഷം ദുല്‍ഖര്‍ സല്‍മാനും ഈ ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്. കുറുപ്പ്, കിങ് ഓഫ് കൊത്ത എന്നീ സിനിമകളിലൂടെയാണ് ദുല്‍ഖര്‍ ഫസ്റ്റ് ഡേ കളക്ഷനില്‍ ഡബിള്‍ ഡിജിറ്റ് തൊട്ടത്.
ആടുജീവിതത്തിലൂടെ പൃഥ്വിരാജും ആവേശത്തിലൂടെ ഫഹദും വേള്‍ഡ്‌വൈഡ് ഓപ്പണിങ്ങില്‍ 10 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഇനിയും വമ്പന്‍ സിനിമകള്‍ പുറത്തിറങ്ങാനുള്ളതിനാല്‍ പുതിയ എന്‍ട്രികളും ഉണ്ടായേക്കുമെന്നാണ് പലരും കണക്കുകൂട്ടുന്നത്. വിലായത്ത് ബുദ്ധയിലൂടെ പൃഥ്വിരാജ് രണ്ടാമത്തെ 10 കോടി ഓപ്പണിങ് നേടുമെന്നാണ് ആരാധകര്‍ കരുതുന്നത്.
കളക്ഷനില്‍ മറ്റൊരു നേട്ടം കൂടി ഡീയസ് ഈറേ സ്വന്തമാക്കിയിട്ടുണ്ട്. ‘A’ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിങ്ങ് എന്ന റെക്കോഡാണ് ചിത്രം നേടിയത്. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോയെ പിന്തള്ളിയാണ് ഡീയസ് ഈറേ ഒന്നാമതെത്തിയത്. സിനിമയുടെ ഴോണര്‍ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിയിട്ടുണ്ടെന്ന് ഈ വരവേല്പിലൂടെ വ്യക്തമായിരിക്കുകയാണ്.
Content Highlight: Dies Irae collected more than 10 crores on opening day