രാജസേനന്‍ സംവിധാനം ചെയ്ത മധുചന്ദ്രലേഖ താന്‍ ഇഷ്ടമില്ലാതെ ചെയ്ത സിനിമയാണെന്നും ജയറാമിന്റേയും പാര്‍വതിയുടേയും നിര്‍ബന്ധത്തിനാണ് സിനിമ ചെയ്തതെന്നും, കഥാപാത്രത്തോട് വിയോജിപ്പുണ്ടായിരുന്നെന്നുമുള്ള നടി ഉര്‍വശിയുടെ പരാമര്‍ശം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു.
എന്നാല്‍ ആ സിനിമയിലെ അഭിനയത്തിന് തനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയെന്ന് കൂടി പറയുന്ന ഉര്‍വശിയുടെ വീഡിയോയ്ക്ക് വലിയ വിമര്‍ശനങ്ങളായിരുന്നു ലഭിച്ചത്. ഒരു സിനിമയില്‍ അഭിനയിച്ച്, അതിന് കിട്ടിയ സംസ്ഥാന പുരസ്‌കാരം കൂടി കൈപ്പറ്റിയ ശേഷം ഇത്തവരം വിയോജിപ്പുകള്‍ പറയുന്നത് ശരിയല്ലെന്നായിരുന്നു വിമര്‍ശനങ്ങള്‍.
മധുചന്ദ്രലേഖ ചെയ്യുന്ന സമയത്ത് അത്തരമൊരു വിയോജിപ്പ് ഉര്‍വശി പറഞ്ഞിരുന്നോ എന്നുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ രാജസേനന്‍. ഉര്‍വശിയുടെ ഈ പരാമര്‍ശത്തെ എങ്ങനെയാണ് കാണുന്നത് എന്നുള്ള ചോദ്യത്തിനും അദ്ദേഹം മൂവി വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മറുപടി നല്‍കുന്നുണ്ട്.
‘ ആ റോള്‍ അവര്‍ക്ക് മാത്രമേ ചെയ്യാന്‍ പറ്റുള്ളൂ എന്ന് എനിക്ക് അറിയുമായിരുന്നു. ജയറാമിനോട് ഞാന്‍ അത് സൂചിപ്പിച്ചിരുന്നു. അതിന് ശേഷം ഉര്‍വശി എന്നെ ഫോണില്‍ വിളിച്ചു. ജയറാം വന്ന് ഒരു കഥ പറഞ്ഞെന്നും എനിക്ക് ഒന്നും മനസിലായില്ലെന്നും പറഞ്ഞു. രണ്ട് ദിവസത്തിനകം എറണാകുളത്ത് വരുമെന്നും കാണാന്‍ പറ്റുമോയെന്നും എന്നോട് ചോദിച്ചു.
കാണാമെന്നും സിനിമയുടെ വണ്‍ലൈന്‍ കയ്യിലുണ്ടെന്നും അത് കൊണ്ടുവരാമെന്നും ഞാന്‍ പറഞ്ഞു. അങ്ങനെ ആ വീട്ടിലിരുന്ന് തന്നെ അവര്‍ വണ്‍ ലൈന്‍ വായിച്ചു. എനിക്ക് എല്ലാ കണ്‍ഫ്യൂഷനും മാറിയെന്നും നമുക്ക് ചെയ്യാമെന്നും അവര്‍ പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ചെയ്തത്.
പിന്നെ ചില ആര്‍ടിസ്റ്റുകള്‍ ഇങ്ങനെ പറയുമ്പോള്‍ അതില്‍ എന്താണ് മറുപടി പറയേണ്ടത്. ഇത് മാത്രമല്ല പിന്നെ അവര്‍ അതില്‍ ഒരു കാര്യം കൂടി പറഞ്ഞു, എനിക്ക് ആ പടത്തിന് സ്റ്റേറ്റ് അവാര്‍ഡും കിട്ടിയെന്ന്. അതിന് താഴെ വന്ന ട്രോളുകള്‍ നിങ്ങള്‍ കണ്ടിരുന്നോ? അപ്പോള്‍ പിന്നെ ഞാന്‍ അതിന് മറുപടി കൊടുക്കേണ്ടതില്ല. ഇങ്ങനെയൊക്കെ ചിലര്‍ പറയുന്നുണ്ട്. അതൊന്നും നമ്മള്‍ അധികം ശ്രദ്ധിക്കാതിരിക്കുന്നതാണ് നല്ലത്’ രാജസേനന്‍ പറഞ്ഞു.
ഇത്തരം തുറന്നുപറച്ചിലുകളില്‍ വിഷമം തോന്നാറുണ്ടോ എന്ന ചോദ്യത്തിന് ഒരിക്കലും ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
‘മധുചന്ദ്രലേഖ ഒരു വ്യത്യസ്ത സിനിമയാണെന്നും അത് നന്നായി ഓടിയ പടമാണെന്നും നായികയ്ക്ക് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയെന്നുമൊക്കെ ബോധമുള്ള ആളല്ലേ ഞാന്‍.
അതുകൊണ്ട് എനിക്ക് ആ സിനിമ യോട് സ്‌നേഹമാണ്. പിന്നെ ഒരാളും അങ്ങനെ ഒരു കഥ പറയാന്‍ ആരും ധൈര്യം കാണിച്ചിട്ടില്ല. മേലേ പറമ്പില്‍ ആണ്‍വീട് പലരും ഡയറക്ട് ചെയ്യാനിരുന്ന പടമാണ്. അവസാനമാണല്ലോ എന്റെ അടുത്തേക്ക് വരുന്നത്.
കടിഞ്ഞൂല്‍ കല്യാണവും അതുപോലെ. നാല് കഥകള്‍ രഘുനാഥ് എന്നോട് പറഞ്ഞു. ഞാന്‍ ഇത് സെലക്ട് ചെയ്തു. പലരും പേടിച്ചിട്ട് വേണ്ടെന്ന് പറഞ്ഞ കഥയാണല്ലോ, എന്തുകൊണ്ടാണ് ഇത് സെലക്ട് ചെയ്തതെന്ന് രഘുനാഥ് എന്ന് ചോദിച്ചു.
അതില്‍ ഒരു ഡയലോഗ് ഉണ്ട്. വാടക കൊലയാളിയോട് പെണ്ണിന്റെ ഭര്‍ത്താവ് പറയുകയാണ് അവളെ ഒന്ന് കൊന്ന് തരണം, പക്ഷേ കൊല്ലുമ്പോള്‍ വേദനിപ്പിക്കരുത്. എനിക്ക് അവളെ അത്ര ഇഷ്ടമാണെന്ന്. അതിനേക്കാള്‍ വലിയൊരു ഹ്യൂമര്‍ ഞാന്‍ കേട്ടിട്ടില്ല. ആ ഒരൊറ്റ സാധനം വെച്ച് ഞാന്‍ ഇത് ഡെവലപ് ചെയ്‌തോളാമെന്ന് രഘുനാഥിനോട് പറഞ്ഞു. ഇങ്ങനെയാണ് പല കഥകളും തിരക്കഥകളും ഉണ്ടായത്,’ രാജസേനന്‍ പറഞ്ഞു.
Content Highlight: Didn’t you all see the troll about Urvashi? Now, I don’t need to give a reply myself Rajasenan