| Thursday, 13th July 2023, 9:40 am

ഇപ്പോഴല്ലെങ്കില്‍ പിന്നീടൊരിക്കല്‍ ബാലണ്‍ ഡി ഓര്‍ അവനെ തേടിയെത്തും: ഫ്രഞ്ച് പരിശീലകന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ നേടുമെന്ന് ഫ്രഞ്ച് പരിശീലകന്‍ ദിദിയര്‍ ദേഷാംസ്. എംബാപ്പെ ഒത്തിരി അഭിലാഷങ്ങളുള്ളയാളാണെന്നും ഫ്രഞ്ച് ഫുട്ബോളിനായി അദ്ദേഹം എല്ലാം സമര്‍പ്പിച്ചിട്ടുണ്ടെന്നും ദെഷാംസ് പറഞ്ഞു. ആര്‍.ടി.എല്ലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘കിലിയന്‍ എംബാപ്പെ എന്തായാലും ബാലണ്‍ ഡി ഓര്‍ നേടും. ഇപ്പോഴല്ലെങ്കില്‍ പിന്നീട് അദ്ദേഹം അത് നേടിയിരിക്കും. നമുക്ക് നോക്കാം. ഒരുപാട് ആഗ്രഹങ്ങളുള്ള വ്യക്തിയാണ് എംബാപ്പെ. ഫ്രഞ്ച് ഫുട്ബോളിനായി അദ്ദേഹം എല്ലാം നല്‍കിയിട്ടുണ്ട്,’ ദെഷാംസ് പറഞ്ഞു.

ഫ്രാന്‍സ് ഫുട്ബോള്‍ മാഗസിന്‍ നല്‍കുന്ന 2022-23 സീസണിലെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഒക്ടോബര്‍ 30നാണ് നല്‍കുക. സെപ്റ്റംബര്‍ ആറിന് ബാലണ്‍ ഡി ഓര്‍, യാഷിന്‍ ട്രോഫി, കോപ്പ ട്രോഫി എന്നിവക്കുള്ള നോമിനികളുടെ പേരുകള്‍ പ്രഖ്യാപിക്കും.

അതേസമയം, 2024ഓടെ പി.എസ്.ജിയില്‍ നിന്ന് പടിയിറങ്ങുമെന്ന് എംബാപ്പെ അറിയിച്ചിരുന്നു. കരാര്‍ അവസാനിച്ച ശേഷവും അടുത്ത ഒരു വര്‍ഷത്തേക്ക് കൂടി എംബാപ്പെയെ ക്ലബ്ബില്‍ നിലനിര്‍ത്താനാണ് പി.എസ്.ജി പദ്ധതിയിട്ടിരുന്നതെങ്കിലും താരം തന്റെ തീരുമാനം മാനേജ്‌മെന്റിന് കത്തെഴുതി അറിയിക്കുകയായിരുന്നു.

എന്നാല്‍ ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പി.എസ്.ജി വിടുന്നതോടെ എംബാപ്പെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത. ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ നടന്നിട്ടില്ലെങ്കില്‍ താരം പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.

എംബാപ്പെ പ്രീമിയര്‍ ലീഗ് ക്ലബ്ബിലേക്കാണ് നീങ്ങുന്നതെങ്കില്‍ അത് ലിവര്‍പൂളിലേക്ക് ആയിരിക്കില്ലെന്നും താരം ആഴ്സണലുമായി സൈനിങ് നടത്താനാണ് സാധ്യതയെന്നുമാണ് മീഡിയ ഔട്ലെറ്റായ ഇന്‍ഡിപെന്‍ഡന്റിന്റെ റിപ്പോര്‍ട്ട്.

ആഴ്സണലിനോടാണ് എംബാപ്പെക്ക് കൂടുതല്‍ താത്പര്യമെന്നും എന്നാല്‍ ഇതൊരു വിദൂര സാധ്യതയായിരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റയലില്‍ കളിക്കുകയെന്ന ദീര്‍ഘകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാനാണ് താരം ശ്രമിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

Content Highlights: Didier Dechamps praises Kylian Mbappe

Latest Stories

We use cookies to give you the best possible experience. Learn more