കൊല്‍ക്കത്ത: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. അമ്മയെ അധിക്ഷേപിച്ചതിൽ മോദി നടത്തിയ പ്രസംഗം അല്‍പ്പം കടന്ന കയ്യല്ലേയെന്ന് മഹുവ ചോദിച്ചു. എക്സിലൂടെയാണ് മഹുവയുടെ പ്രതികരണം.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി മേധാവിയുമായ മമത ബാനര്‍ജി, കോണ്‍ഗ്രസ് മുന്‍ അധ്യക്ഷയും രാജ്യസഭാ എം.പിയുമായ സോണിയ ഗാന്ധി, ശശി തരൂരിന്റെ പങ്കാളി അന്തരിച്ച സുനന്ദ പുഷ്‌കര്‍ എന്നിവരെ അധിക്ഷേപിച്ചത് മോദി മറന്നുപോയോയെന്നും മഹുവ ചോദ്യമുയര്‍ത്തി.
സോണിയാ ഗാന്ധിയെ ജഴ്‌സി പശുവെന്നും സുനന്ദ പുഷ്‌കറിനെ 50 കോടിയുടെ കാമുകിയെന്നും മമതയെ ദീദി ഒ ദീദിയെന്നുമെല്ലാം അധിക്ഷേപിച്ചത് മറന്നോ എന്നാണ് മഹുവ ചോദിച്ചത്.
അതേസമയം തന്റെ മരിച്ചുപോയ അമ്മയെ വരെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴച്ചെന്നും കോണ്‍ഗ്രസും ആര്‍.ജെ.ഡിയും ചേര്‍ന്ന് രാജ്യത്തെ എല്ലാ അമ്മമാരെയും അപമാനിക്കുന്നുവെന്നുമാണ് മോദി വൈകാരികമായി പ്രതികരിച്ചത്. എന്ത് തെറ്റാണ് തന്റെ അമ്മ ചെയ്തതെന്നും തന്റെ ‘അമ്മ ഇതുവരെ രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ലെന്നും മോദി പറഞ്ഞു.
ബീഹാറിലെ വനിതകള്‍ക്കുള്ള സംരംഭകത്വ വികസന നിധി വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു മോദിയുടെ പ്രതികരണം. അസഭ്യ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കോണ്‍ഗ്രസ്-ആര്‍.ജെ.ഡി നടത്തിയ പ്രകടനം ബീഹാറിലെ എല്ലാ അമ്മമാരെയും അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും മോദി പറഞ്ഞു.
തന്റെ അമ്മയെ അപമാനിച്ചതില്‍ താന്‍ മാപ്പ് നല്‍കുമെന്നും എന്നാല്‍ ബീഹാറിലെ ജനത ക്ഷമിക്കില്ലെന്നും മോദി പരാമര്‍ശിച്ചു. ഇതിനുപിന്നാലെയാണ് മോദിക്കെതിരെ വിമര്‍ശനവുമായി മഹുവ രംഗത്തെത്തിയത്.
അതേസമയം മോദിയുടെ വൈകാരിക പ്രതികരണത്തെ തുടര്‍ന്ന് ബി.ജെ.പി ബീഹാര്‍ നേതൃത്വം സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ നാലിനാണ് സംസ്ഥാന വ്യാപകമായി ബി.ജെ.പി ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Content Highlight: Did you forget insulting Sonia Gandhi and Mamata? Mahua against Modi’s emotional speech