| Tuesday, 29th July 2025, 9:43 pm

സുരേഷ് ഗോപി എന്തെങ്കിലും മിണ്ടിയോ? മാതാവിന് കൊടുക്കാന്‍ കിരീടവുമായിട്ട് കേരളത്തിലേക്ക് വരും: ജോൺ ബ്രിട്ടാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദൽഹി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ജോണ്‍ ബ്രിട്ടാസ് എം.പി.

കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്തെങ്കിലും സംസാരിച്ചതായി കേട്ടിട്ടുണ്ടോയെന്നും മാതാവിന് കൊടുക്കാന്‍ കിരീടവുമായിട്ട് കേരളത്തിലേക്ക് വന്നേക്കാം എന്നും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു.

‘സുരേഷ് ഗോപി എന്തെങ്കിലും മിണ്ടിയതായി കേട്ടിട്ടുണ്ടോ. അടുത്ത ആഴ്ച മാതാവിന് കൊടുക്കാന്‍ വേണ്ടി കിരീടവുമായിട്ട് കേരളത്തിലേക്ക് വന്നേക്കാം. ഇപ്പോള്‍ കന്യാസ്ത്രീകളുടെ കാര്യത്തില്‍ അവരെ ജാമ്യത്തിലെടുക്കാന്‍ ആരും പോയില്ല എന്ന വിവരത്തിനപ്പുറത്ത് ജോര്‍ജ് കുര്യന്‍ എന്താണ് ചെയ്തതത്? അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും ചെയ്‌തോ? അദ്ദേഹം ന്യൂന പക്ഷ കമ്മീഷനിലെ അംഗം ആയിരുന്നില്ലെ,’ ജോണ്‍ ബ്രിട്ടസ് പറഞ്ഞു.

കന്യാസ്ത്രീകളുടെ ജാമ്യം തടയാന്‍ വേണ്ടി ഛത്തീസ്ഗഡ് സംസ്ഥാന സർക്കാരും പൊലീസും പല രൂപത്തില്‍ അവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും പെണ്‍കുട്ടികളുടെ മാതാപിതാക്കളില്‍ സമ്മര്‍ദം ചെലുത്തിയിട്ട് മൊഴിമാറ്റിക്കാനുള്ള തീവ്രശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.

മനുഷ്യക്കടത്താണ്, മതപരിവര്‍ത്തനമാണ് ഇവരുടെ ലക്ഷ്യമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നതിന് ശേഷം അവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി പരസ്യമായി ഇക്കാര്യം പറഞ്ഞതിന് ശേഷം അവിടത്തെ അഡ്മിനിസ്‌ട്രേഷനും പൊലീസും വളരെ പ്രതികാരത്തോടെയാണ് പ്രതികരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് വിമര്‍ശിച്ചു.

കേന്ദ്രസര്‍ക്കാരിന്റെയും ബി.ജെ.പിയുടെയും ഛത്തീസ്ഗഡ് സംസ്ഥാന ഗവണ്‍മെന്റിന്റെയും ഒത്താശയോട് കൂടിയാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് എന്നും ജോര്‍ജ് കുര്യന്‍ ക്രൈസ്തവ സമൂഹത്തോട് മാപ്പ് പറയുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറെ കാലമായി ജോര്‍ജ് കുര്യനും സഹപ്രവര്‍ത്തകരും കേരളത്തിലെ ക്രൈസ്തവരെ കബളിപ്പിക്കുന്നുവെന്ന സത്യം ഇന്ന് ലോകം മുഴുവന്‍ അറിയുന്നൊരു വസ്തുതയായി മാറിയെന്നും ബ്രിട്ടാസ് വിമര്‍ശിച്ചു.

കഴിഞ്ഞ ദിവസമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ വെച്ച് മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് രണ്ട് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളായ സിസ്റ്റര്‍ പ്രീതി, സിസ്റ്റര്‍ വന്ദന എന്നിവരാണ് അറസ്റ്റിലായത്.

നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. കന്യാസ്ത്രീമാരുടെ അറസ്റ്റിനെ തുടര്‍ന്ന് നിരവധി ആളുകള്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

Content Highlight: Did Suresh Gopi say anything says John Brittas MP

We use cookies to give you the best possible experience. Learn more