| Thursday, 23rd April 2026, 2:13 pm

ഹോര്‍മുസ് കടക്കാന്‍ ഇറാന് ഇന്ത്യ പണം നല്‍കിയോ; മറുപടിയുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള സുരക്ഷിതമായ യാത്രയ്ക്കായി ഇന്ത്യന്‍ പതാക വഹിച്ച എണ്ണ ടാങ്കറായ ‘സന്‍മാര്‍ ഹെറാള്‍ഡ്’ ഇറാനിയന്‍ അധികൃതര്‍ക്കോ മറ്റേതെങ്കിലും ഏജന്‍സികള്‍ക്കോ പണം നല്‍കിയെന്ന വാര്‍ത്ത നിഷേധിച്ച് കേന്ദ്ര ഷിപ്പിങ് മന്ത്രാലയം.

സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിക്കുന്ന ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് മന്ത്രാലയവും കപ്പല്‍ ഉടമസ്ഥരായ സന്‍മാര്‍ ഷിപ്പിംഗ് ലിമിറ്റഡും പറഞ്ഞു.

പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തിലും ഹോര്‍മുസിലെ നിലവിലെ ഉപരോധത്തിന്റെ പശ്ചാത്തലിലും ഇറാന്‍ നാവിക സേനയുടെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ത്യന്‍ കപ്പലിന്റെ ക്യാപ്റ്റന്‍ പണമോ ക്രിപ്‌റ്റോകറന്‍സിയോ കൈമാറിയെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്ന് ഷിപ്പിങ് മന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി മുകേഷ് മംഗള്‍ വ്യക്തമാക്കി.

‘ഞങ്ങള്‍ കപ്പല്‍ ഉടമയുമായി നേരിട്ട് സംസാരിച്ചു. അത് വ്യാജ വാര്‍ത്തയാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. നമ്മുടെ ഒരു കപ്പലും ഇതുവരെ ആര്‍ക്കും പണം നല്‍കിയിട്ടില്ല. പണം നല്‍കി സുരക്ഷിത പാത ഉറപ്പാക്കാന്‍ ശ്രമിച്ചുവെന്ന തരത്തിലുള്ള പ്രചാരണങ്ങളില്‍ യാതൊരു വാസ്തവവുമില്ല,’, മുകേഷ് മംഗള്‍ പറഞ്ഞു.

ഏപ്രില്‍ 18 ശനിയാഴ്ചയാണ് ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സൈന്യം വെടിയുതിര്‍ത്തത്. യു.എസ്-ഇറാന്‍ വെടിനിര്‍ത്തലിന്റെ ഭാഗമായി കടലിടുക്ക് വാണിജ്യ കപ്പലുകള്‍ക്കായി തുറന്നുകൊടുക്കുമെന്ന് ഇറാന്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഈ ആക്രമണം.

വെടിവെപ്പിനെത്തുടര്‍ന്ന് ചെന്നൈ ആസ്ഥാനമായുള്ള സന്‍മാര്‍ ഷിപ്പിങ്ങിന്റെ ‘സന്‍മാര്‍ ഹെറാള്‍ഡ്’, മുംബൈ ആസ്ഥാനമായുള്ള ഗ്രേറ്റ് ഈസ്റ്റേണ്‍ ഷിപ്പിങ് കമ്പനിയുടെ ‘ജഗ് അര്‍നവ്’ എന്നീ കപ്പലുകള്‍ക്ക് പിന്മാറേണ്ടി വന്നു.

പശ്ചിമേഷ്യന്‍ യുദ്ധം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ ഹോര്‍മുസ് കടലിടുക്കിലെ ഗതാഗതം ദുഷ്‌കരമാണ്. പേര്‍ഷ്യന്‍ ഗള്‍ഫില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായി തിരിച്ചെത്തിക്കാന്‍ ഇന്ത്യ നയതന്ത്രതലത്തില്‍ ഇറാനുമായി ചര്‍ച്ചകള്‍ നടത്തിവരികയാണ്.

മാര്‍ച്ച് ആദ്യം മുതല്‍ ഇതുവരെ 10 ഇന്ത്യന്‍ കപ്പലുകള്‍ സുരക്ഷിതമായി മടങ്ങിയെത്തിയിട്ടുണ്ട്. 14 ഇന്ത്യന്‍ കപ്പലുകള്‍ ഇപ്പോഴും മേഖലയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

വെടിവെപ്പിന് മുന്‍പ് അവസാനമായി കടലിടുക്ക് കടന്ന ഇന്ത്യന്‍ കപ്പല്‍ ‘ദേശ് ഗരിമ’ ആണ്. ‘ദേശ് വൈഭവ്’, ‘ദേശ് വിഭോര്‍’ എന്നീ കപ്പലുകള്‍ ആക്രമണ സാധ്യതയെത്തുടര്‍ന്ന് ശനിയാഴ്ച യാത്ര ഉപേക്ഷിച്ച് മടങ്ങിയിരുന്നു.

ആഗോള ഊര്‍ജ്ജ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഹോര്‍മുസ് കടലിടുക്കിലെ നിലവിലെ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ്.

സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പാക്കിയതിന് ശേഷം മാത്രമേ കുടുങ്ങിക്കിടക്കുന്ന മറ്റ് കപ്പലുകളോട് യാത്ര തുടരാന്‍ ആവശ്യപ്പെടുകയുള്ളൂ എന്ന് മന്ത്രാലയം അറിയിച്ചു.

Content Highlight: Did India Pay Iran to Cross the Strait of Hormuz? Shipping Ministry Issues Clarification

We use cookies to give you the best possible experience. Learn more