| Sunday, 9th November 2025, 8:26 am

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കായി ഡയാലിസിസ് യൂണിറ്റും രോഗനിര്‍ണയ ക്ലിനിക്കും; ഡിസംബറില്‍ തുടക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായി പുതിയ പദ്ധതിയുമായി സര്‍ക്കാര്‍. ജീവനക്കാര്‍ക്കായി ഡയാലിസിസ് യൂണിറ്റും രോഗനിര്‍ണയത്തിനായി ക്ലിനിക്കും ആരംഭിക്കാനാണ് നീക്കം.

തിരുവനന്തപുരത്താണ് പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കുക. കിഴക്കേക്കോട്ടയിലെ കെ.എസ്.ആര്‍.ടി.സി ചീഫ് ഓഫീസിന് സമീപത്താണ് ഇതിനായി സൗകര്യം ഒരുക്കുക. ഈ ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനം ഡിസംബറില്‍ ആരംഭിക്കും.

ക്ലിനിക്കില്‍ വിവിധ വിഭാഗങ്ങളിലുള്ള വിദഗ്ധ ഡോക്ടറുടെ സേവനം ലഭ്യമാക്കുകയും ചെയ്യും. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത് സ്വകാര്യ ആശുപത്രിയുമായി സഹകരിച്ചായിരിക്കും.

അതേസമയം, കെ.എസ്ആര്‍.ടി.സി ജീവനക്കാര്‍ക്ക് നിലവില്‍ ഓണ്‍ലൈനായി ഡോക്ടറുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഈ പദ്ധതിക്ക് പുറമെയാണ് ആരോഗ്യസംരക്ഷണത്തിനായി കൂടുതല്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

ആധുനിക സൗകര്യങ്ങളോടെ ഏറ്റവും കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1500 രൂപ മുതല്‍ സ്വകാര്യ ആശുപത്രികള്‍ ഈടാക്കുന്ന നിരക്ക് ഡയാലിസിസിന് ഇൗടാക്കുന്ന നിരക്ക്.

ജൂണ്‍ മുതല്‍ എസ്.ബി.ഐയുമായി ചേര്‍ന്ന് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി കെ.എസ്.ആര്‍.ടി.സി നടപ്പാക്കി വരുന്നുണ്ട്. സ്ഥിരം ജീവനക്കാരായ ഇരുപത്തിയൊന്നായിരത്തിലേറെ പേരാണ് നിലവില്‍ ഇതിന്റെ ഗുണഭോക്താക്കള്‍.

കഴിഞ്ഞമാസം അവസാനത്തോടെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും സൗജന്യ കാന്‍സര്‍ പരിശോധന ഉറപ്പാക്കുമെന്ന് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പ്രഖ്യാപിച്ചിരുന്നു.

കരുനാഗപ്പള്ളിയിലുള്ള കിംസ് വലിയത്ത് ആശുപത്രി നല്‍കുന്ന കൂപ്പണ്‍ വഴിയാണ് കെ.എസ്.ആര്‍.ടി.സിയില്‍ യാത്ര ചെയ്യുന്ന എല്ലാ സ്ത്രീകള്‍ക്കും സൗജന്യ കാന്‍സര്‍ പരിശോധന നല്‍കുകയെന്ന് മന്ത്രി അറിയിച്ചിരുന്നു.

സ്‌കാനിങ് ഉള്‍പ്പെടെയുള്ള എല്ലാ ചികിത്സയും പകുതി തുകയ്ക്ക് സ്വകാര്യ ആശുപത്രി വാഗ്ദാനം ചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ സൗജന്യ പരിശോധനയും പകുതി തുകയ്ക്കുള്ള ചികിത്സയും കൊല്ലം, പത്തനംതിട്ട ജില്ലയിലുള്ളവര്‍ക്കായിരിക്കും ലഭിക്കുക.

രോഗ നിര്‍ണയത്തിന് ശേഷം, ചികിത്സയ്ക്ക് പകുതി പണം നല്‍കിയാല്‍ മതിയാകും. ബി.പി.എല്‍ കാര്‍ഡ്, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ എന്നിവര്‍ക്ക് ചികിത്സാ തുകയില്‍ വലിയരീതിയിലുള്ള ഇളവുണ്ടാകുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

കൂടുതല്‍ ആശുപത്രികളുടെ സഹകരണം വൈകാതെ ഉണ്ടായേക്കുമെന്നും ഗതാഗത മന്ത്രി അറിയിച്ചിരുന്നു. വിജയമാണെന്ന് കണ്ടാല്‍ സൗകര്യമുള്ള കൂടുതല്‍ ഡിപ്പോകളില്‍ യൂണിറ്റ് ആരംഭിക്കാനും നീക്കമുണ്ട്.

Content Highlight: Dialysis unit and diagnostic clinic for KSRTC employees; to start in December

We use cookies to give you the best possible experience. Learn more