| Saturday, 27th December 2025, 7:14 pm

പെണ്‍കുട്ടി ഏത് മതത്തിലേക്കാണ് പോകുന്നതെന്ന് നോക്കിയാണ് വിവാദമുണ്ടാക്കുന്നത്; ഹാലിലെ വക്കീലിലൂടെ സംവിധായകന്‍ പറയുന്ന രാഷ്ട്രീയം

അശ്വിന്‍ രാജേന്ദ്രന്‍

സമൂഹത്തിലെ അനീതികള്‍ക്കെതിരെയും വിദ്വേഷങ്ങള്‍ക്കെതിരെയും എപ്പോഴും ശബ്ദമുയര്‍ത്തിയ മാധ്യമമാണ് സിനിമ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കേന്ദ്ര സര്‍ക്കാരിനെയും വലത് രാഷ്ട്രീയത്തെയും വിമര്‍ശിക്കുന്ന ചിത്രങ്ങളെ സെന്‍സര്‍ കട്ടുകളിലൂടെ കൂച്ചുവിലങ്ങിടുന്ന നടപടി ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്.

ഈ സാഹചര്യത്തിലാണ് തീവ്രവലത് പക്ഷ അജണ്ടയായ ലവ് ജിഹാദിനെ വിമര്‍ശിച്ചുകൊണ്ട് റഫീഖ് വീര സംവിധാനം ചെയ്ത ഹാല്‍ തിയേറ്ററുകളിലെത്തുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ ഇടപെടലുകള്‍ക്കെതിരെ ശക്തമായ നിയമപോരാട്ടം നടത്തിയാണ് ചിത്രം അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരിലേക്കെത്തിച്ചത്.

ഹാല്‍. Photo: screengrab/ think music India/ youtube.com

ക്രിസ്ത്യന്‍ പെണ്‍കുട്ടിയും മുസ്‌ലിം യുവാവും തമ്മിലുള്ള പ്രണയവും ഇതിനെ ലവ് ജിഹാദാക്കി മാറ്റാന്‍ ശ്രമിക്കുന്ന അധികൃതകര്‍ക്കെതിരെയുള്ള നിയമപോരാട്ടവും പ്രമേയമായ ഹാലിലെ സംഭാഷണങ്ങള്‍ ലവ്ജിഹാദിനും വര്‍ഗീയതക്കും എതിരെയുള്ള പ്രത്യക്ഷമായ വിമര്‍ശനമായിരുന്നു. ചിത്രത്തില്‍ ഷെയ്ന്‍ നിഗം അവതരിപ്പിച്ച ആസിഫിന്റെ അഭിഭാഷകനായി എത്തിയ ജോണി ആന്റണിയുടെ കഥാപാത്രത്തിന്റെ ഡയലോഗുകള്‍ സിനിമയുടെ സന്ദേശം നേരിട്ട് പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട്.

ഒന്നോ രണ്ടോ പേര്‍ ചെയ്ത കുറ്റകൃത്യങ്ങളുടെ പേരില്‍ ഒരു മതവിഭാഗത്തെ പൂര്‍ണമായി തീവ്രവാദികളെന്ന് മുദ്രകുത്തുന്നതിനെതിരെ കര്‍ശനമായ ഭാഷയിലാണ് കഥാപാത്രം കോടതിയില്‍ പ്രതിരോധം തീര്‍ക്കുന്നത്. ഇതിന് മുമ്പ് ആരെങ്കിലും ഇത്തരത്തില്‍ കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനുമുമ്പില്‍ കൊണ്ടുവന്ന് കര്‍ശനമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെടുത്തതിനോടൊപ്പം തന്നെ നിഷ്‌കളങ്കമായ രണ്ടു പേരുടെ ഇഷ്ടത്തെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വേര്‍പിരിക്കരുതെന്നും സിനിമയില്‍ പറയുന്നുണ്ട്.

അതേസമയം മിശ്ര വിവാഹത്തില്‍ എപ്പോഴും എന്തിനാണ് പെണ്‍കുട്ടികള്‍ മതം മാറേണ്ടി വരുന്നതെന്ന പ്രസക്തമായ ചോദ്യവും ചിത്രത്തിലൂടെ ഉന്നയിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ ഏത് മതത്തിലേക്കാണ് കയറിച്ചെല്ലുന്നതെന്നിന്റെ അടിസ്ഥാനത്തിലാണ് വിവാദങ്ങളുണ്ടാക്കുന്നതെന്നും നമ്മുടെ മതത്തിലേക്ക് ഒരു പെണ്‍കുട്ടി കടന്നുവന്നാല്‍ ആര്‍ക്കും പ്രശ്‌നമില്ലെന്നും തിരിച്ചായാല്‍ ആളുകളിലെ വര്‍ഗീയവാദികള്‍ ഉണരുമെന്നും ചിത്രത്തില്‍ പറഞ്ഞു വെക്കുന്നു.

ഹാല്‍. Photo: screengrab/ think music India/ youtube.com

ചിത്രത്തിലെ സംഭാഷണങ്ങളിലൂടെ താന്‍ പറയാനുദ്ദേശിച്ച കാര്യങ്ങള്‍ നേരിട്ട് പറയുന്ന രീതിയാണ് സംവിധായകന്‍ സ്വീകരിച്ചിരിക്കുന്നത്. കോടതി രംഗങ്ങളിലും ക്ലൈമാക്‌സിലെ സീനുകളിലും ജോണി ആന്റണിയുടെ ഡയലോഗുകളില്‍ ഇത് വ്യക്തമാണ്. മറ്റൊരു വശത്ത് തീവ്ര മത രാഷ്രീയം ആയുധമാക്കുന്ന സംഘടനകളെ ആക്ഷേപഹാസ്യത്തിലൂടെ വിമര്‍ശിക്കുന്നതും ചിത്രത്തില്‍ കാണാം.

നിഷാദ് കോയ തിരക്കഥയെഴുതിയ ചിത്രത്തില്‍ സാക്ഷി വൈദ്യ, ജോയ് മാത്യൂ, മധുപാല്‍, നിശാന്ത് സാഗര്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. ക്രിസ്മസ് റിലീസായെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

Content Highlight: dialogues used in Haal movie against love jihadh

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more