| Wednesday, 17th December 2025, 4:05 pm

വാരണാസിയുടെ ഷൂട്ട് കാണാന്‍ എന്നെ വിളിക്കണം; കടുവയുടെ വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കില്‍ എന്തായാലും വിളിക്കണം; രാജമൗലിയോട് ജെയിംസ് കാമറൂണ്‍

അശ്വിന്‍ രാജേന്ദ്രന്‍

ഇന്ത്യന്‍ സിനിമാലോകത്തെയും ആരാധകരെയും ആവേശം കൊള്ളിച്ചുകൊണ്ട് 20ത് സെഞ്ചുറി ഇന്ത്യ യൂട്യൂബ് ചാനല്‍ പുറത്തുവിട്ട വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. മീറ്റിങ് ഓഫ് ദ മൈന്‍ഡ്‌സ് എന്ന പേരില്‍ ഇന്ത്യന്‍ സംവിധായകന്‍ രാജമൗലിയും ലോകപ്രശസ്ത സംവിധായകന്‍ ജെയിംസ് കാമറൂണും തമ്മിലുള്ള അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.

അഭിമുഖത്തില്‍ നിന്നും. Photo: screen grab/ 20th centuary studios india/ youtube.com

ലോകത്തെ സിനിമാ ആസ്വാദകര്‍ക്ക് ദൃശ്യവിരുന്നൊരുക്കിയ അവതാറിന്റെ മൂന്നാം ഭാഗമായ അവതാര്‍ ഫയര്‍ ആന്‍ഡ് ആഷ് ഡിസംബര്‍ 19 ന് റിലീസ് ചെയ്യാനിരിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലെ മുന്‍നിര സംവിധായകരിലൊരാളായ രാജമൗലിയുമായുള്ള ജെയിംസ് കാമറൂണിന്റെ സംഭാഷണം. വീഡിയോ കോണ്‍ഫെറന്‍സ് വഴി സംസാരിച്ച ജെയിംസ് കാമറൂണ്‍ രാജമൗലിയുടെ വരാനിരിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ വാരണാസിയെക്കുറിച്ചും വാചാലനായി.

‘നിങ്ങള്‍ പുതിയ ചിത്രത്തിന്റെ തിരക്കിലാണെന്ന് എനിക്കറിയാം, എങ്കിലും എന്റെ ചിത്രത്തിന് വേണ്ടി സമയം കണ്ടെത്തി ഇവിടെ വന്നതില്‍ സന്തോഷമുണ്ട്. നിങ്ങളുടെ പുതിയ ചിത്രത്തിന്റെ റിലീസ് സമയത്ത് എന്നെ വിളിക്കണം. ഇന്ത്യയിലുളള മറ്റ് ഫിലിംമേക്കേഴ്‌സുമായി ചര്‍ച്ച ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. മാത്രമല്ല നിങ്ങളുടെ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനിലേക്കും എന്നെ വിളിക്കണം.

നിങ്ങള്‍ രസകരമായി എന്തെങ്കിലും ചെയ്യുമ്പോള്‍ ഞാന്‍ വരാം, പ്രത്യേകിച്ച് കടുവയെ വെച്ച് എന്തെങ്കിലും ചെയ്യുമ്പോള്‍. ഇത്തരത്തിലുള്ള ഇടപെടലുകള്‍ നമ്മുടെ മെന്റല്‍ ക്രിയേറ്റീവ് പ്രൊസസ്സ് മെച്ചപ്പെടുത്തുന്നതിലും, പുതിയ ടെക്‌നിക്കുകള്‍ പഠിക്കുന്നതിലും സഹായിക്കുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അതുകൊണ്ട് ഇത്തരത്തിലുള്ള സെഷനുകള്‍ ഇനിയും ഒരുപാട് നമുക്ക് സംഘടിപ്പിക്കണം,’ ജെയിംസ് കാമറൂണ്‍ പറഞ്ഞു.

ഏകദേശം ഒരു വര്‍ഷത്തോളമായി ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങിയിട്ടെന്ന് പറഞ്ഞ രാജമൗലി ഇനിയും എട്ട് മാസത്തോളം ഷൂട്ട് ബാക്കിയുണ്ടെന്നും ജെയിംസ് കാമറൂണ്‍ ലൊക്കേഷനിലെത്തുന്നത് തന്നെ മാത്രമല്ല മുഴുവന്‍ ഫിലിം ഇന്‍ഡസ്ട്രിയെയും ആവേശത്തിലാക്കുമെന്നും കൂട്ടിച്ചേര്‍ത്തു.

വാരണാസി പോസ്റ്റര്‍. Photo: x.com

രാം ചരണും, ജൂനിയര്‍ എന്‍.ടി.ആറും പ്രധാനവേഷത്തിലെത്തിയ ആര്‍.ആര്‍.ആര്‍ നു ശേഷം തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിനെ നായകനാക്കി രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാരണാസി. വന്‍ഹൈപ്പിലെത്തുന്ന ചിത്രത്തിന്റെ ബഡ്ജറ്റ് 1000 കോടിയിലധികമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം.

കഴിഞ്ഞ മാസം ഹൈദരാബാദില്‍ ആയിരകണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങിലാണ് ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് ചെയ്തത്. 2027 ല്‍ തിയേറ്ററിലെത്തുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ടൈറ്റില്‍ ലോഞ്ചിന്റെ സംപ്രേക്ഷണാവകാശം ജിയോ ഹോട്‌സ്റ്റാര്‍ സ്വന്തമാക്കിയിരുന്നു.

Content Highlight: dialogue between ss rajamouli and james cameron

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ടെയിനി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more