| Tuesday, 28th July 2026, 12:24 pm

വിജയ് കോടിപതിയാണ്, അയാള്‍ക്കിനി പണത്തിന്റെ ആവശ്യമില്ല, പക്ഷേ ഞാന്‍ സി.എം ആയാല്‍ എന്റെ സ്വാഭാവം മാറും: ധ്യാന്‍ ശ്രീനിവാസന്‍

അശ്വിന്‍ രാജേന്ദ്രന്‍

അഭിനയിച്ച സിനിമകളെക്കാള്‍ അതുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖങ്ങളിലൂടെ പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ധ്യാന്‍ ശ്രീനിവാസന്‍. മാസം തോറും താരത്തിന്റേതായി ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുന്നുണ്ടെങ്കിലും ഒരു ചിത്രം പോലും വിജയമാക്കാന്‍ സാധിക്കാത്തതിന് വലിയ വിമര്‍ശനത്തിന് ധ്യാന്‍ പാത്രമാകാറുണ്ട്. അടുത്തിടെ ഒരു പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെ തമിഴ്‌നാട് മുഖ്യമന്ത്രി വിജയിയുമായി ബന്ധപ്പെട്ട് ധ്യാന്‍ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചയായിരുന്നു.

ധ്യാന്‍ ശ്രീനിവാസന്‍. Photo: X.com

കേരളത്തില്‍ ഇത് തമാശയായാണ് പലരും നോക്കിക്കണ്ടതെങ്കിലും തമിഴ് പ്രേക്ഷകരില്‍ നിന്നും വിജയിയെയും നടി തൃഷയെയും അപമാനിച്ചുവെന്ന തരത്തില്‍ വലിയ വിമര്‍ശനങ്ങള്‍ ധ്യാനിന് നേരിടേണ്ടി വന്നിരുന്നു. സംഭവത്തിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍ ജിഞ്ചര്‍ മീഡിയ എന്റര്‍ടെയിന്‍മെന്റ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായതിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

‘വിജയിയുടെ രാഷ്ട്രീയത്തില്‍ അദ്ദേഹം ഉപയോഗിക്കുന്ന പ്രധാന ആശയം ‘എനിക്ക് പണം വേണ്ട’ എന്നുള്ളതാണ്. കാരണം അയാള്‍ സിനിമയിലൂടെ അത്രയും പണമുണ്ടാക്കി വലിയ കോടീശ്വരനായി മാറി. അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ പറയുന്ന പ്രധാനപ്പെട്ട രണ്ട് കാര്യങ്ങളാണ് അഴിമതിയും മിസ് മാനേജ്‌മെന്റും. വിജയ് എപ്പോഴും പറയുന്ന കാര്യമാണ് എനിക്ക് നിങ്ങള്‍ പണം തരേണ്ടതില്ല എന്നത്. നാളെ നിങ്ങളോട് ആരെങ്കിലും കൈക്കൂലി ചോദിക്കുകയാണെങ്കില്‍ നിങ്ങളുടെ അണ്ണന്‍ അല്ലെങ്കില്‍ തമ്പി വിജയിയുടെ ഭരണമാണെന്ന് നിങ്ങള്‍ പറയൂ എന്ന് അദ്ദേഹം എല്ലായിടത്തും പ്രസംഗിച്ചു.

വിജയ്. Photo: Mint

അത് ആള്‍ക്കാര്‍ ഏറ്റെടുത്തു. കാരണം വിജയിക്ക് രാഷ്ട്രീയത്തില്‍ ഇറങ്ങിയിട്ട് പണമുണ്ടാക്കേണ്ട കാര്യമില്ല എന്ന് എല്ലാവര്‍ക്കും അറിയാം. അതുപോലെ എനിക്കും പൈസ ഉണ്ടാക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ ഓള്‍റെഡി കോടീശ്വരന്മാരാണല്ലോ,’ ധ്യാന്‍ പറഞ്ഞു.

പുതിയ വോട്ടേഴ്‌സ് വരുകയാണെന്നും ഒരു തലമുറമാറ്റം സംഭവിക്കണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് ഞങ്ങളെ മുഖ്യമന്ത്രിയാക്കണമെന്നും ധ്യാന്‍ പറയുന്നു. എല്ലാവര്‍ക്കും അളിയാ എന്ന് വിളിക്കാന്‍ പറ്റുന്ന മുഖ്യമന്ത്രിയായിരിക്കും താനെന്നും എന്നാല്‍ തെരഞ്ഞെടുക്കപ്പെട്ട് കഴിഞ്ഞാല്‍ തന്റെ സ്വാഭാവം മാറുമെന്നും ധ്യാന്‍ തമാശയോടെ കൂട്ടിച്ചേര്‍ത്തു.

Content Highlight: Dhyan Sreenivasan talks about Tamil star Vijay and how he became Tamil Nadu chief minister

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more