| Tuesday, 9th June 2026, 10:37 pm

പാട്ടയച്ചിട്ട് ഷാനിക്ക തന്നെ ചോദിക്കും ഗംഭീരമല്ലേയെന്ന്, പിന്നെ നമ്മളെന്ത് പറയാനാണ്: ധ്യാന്‍ ശ്രീനിവാസന്‍

അശ്വിന്‍ രാജേന്ദ്രന്‍

അഭിനയിച്ച ചിത്രങ്ങളെക്കാള്‍ യൂട്യൂബ് ചാനലുകള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേതാവാണ് ധ്യാന്‍ ശ്രീനിവാസന്‍. 2013ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെ അഭിനയജീവിതത്തിന് അരങ്ങറ്റം കുറിച്ച താരം കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്തിരുന്നു. സമീപകാലത്തായി നിരവധി പരാജയ ചിത്രങ്ങളില്‍ നായകനായി വലിയ രീതിയില്‍ ട്രോളുകള്‍ക്കും താരം ഇരയായിരുന്നു.

എന്നാല്‍ ധ്യാന്‍ ശ്രീനിവാസന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങി ഹിറ്റടിച്ച ചിത്രമായിരുന്നു ലൗ ആക്ഷന്‍ ഡ്രാമ. ധ്യാനിന്റെ ഏക സംവിധാന സംരഭമായ റൊമാന്‍സ് കോമഡി എന്റര്‍ടെയിനറില്‍ നിവിന്‍ പോളിയും നയന്‍താരയുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. വലിയ രീതിയില്‍ ജനപ്രീതി നേടിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത് ഷാന്‍ റഹ്‌മാനായിരുന്നു.

ലൗ ആക്ഷന്‍ ഡ്രാമ. Photo: IMDB

അമൃത ടി.വിയില്‍ ഒരു റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് സംസാരിക്കവെ ഷാന്‍ റഹ്‌മാനുമായുള്ള ബന്ധത്തെക്കുറിച്ച് ധ്യാന്‍ ശ്രീനിവാസന്‍ പങ്കുവെച്ച രസകരമായ അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നര്‍മത്തിന്റെ അകമ്പടിയിലുള്ള ധ്യാനിന്റെ അവതരണം പലരിലും ചിരി പടര്‍ത്തുന്നുണ്ട്.

‘ഒരു പാട്ട് ചെയ്തുകഴിഞ്ഞിട്ട് അത് കേട്ടുനോക്കാനായി ഷാനിക്ക നമുക്ക് അയക്കും. സാധാരണ എല്ലാവരും പാട്ട് അയച്ചാല്‍ കേട്ട് നോക്കിയിട്ട് അഭിപ്രായം പറയൂ എന്നാണല്ലോ പറയുക. എന്നാല്‍ ഷാനിക്ക എന്താണ് ചെയ്യുക എന്നുവെച്ചാല്‍ പാട്ട് അയച്ചിട്ട് അതിന്റെ ചുവട്ടില്‍ മെസേജ് അയച്ച് ഗംഭീരമല്ലേ, പൊളിച്ചില്ലേ എന്നൊക്കെ അദ്ദേഹം തന്നെ നമ്മളോട് ചോദിക്കും. അതിന് ശേഷം നമ്മള്‍ എന്ത് പറയും.

Photo: Screen Grab/ Amrita Tv Shows/ Youtube.com

ലോകത്ത് വേറെ ആരോടും എനിക്ക് മോശമായി എന്ന് പറയാം. എന്നാല്‍ ഷാനിക്കയോട് എനിക്കത് പറയാന്‍ പറ്റില്ല. കാരണം എന്റെ ജ്യേഷ്ഠനെക്കാളും മൂത്ത ആളാണ്. ഞാന്‍ ഓടിക്കളിച്ച് നടക്കുമ്പോള്‍ കണ്ട മനുഷ്യനാണ്. ഞാന്‍ ഷാനിക്കയോട് എതിര്‍ത്ത് ഒന്നും പറയാന്‍ പോകാറില്ല. പക്ഷേ നമുക്ക് അറിയുന്ന ഒരു കാര്യമുണ്ട് ഈ പാട്ട് കൊള്ളില്ലെന്ന്,’ ധ്യാന്‍ പറയുന്നു.

എന്നാല്‍ ധ്യാനിന്റെ പടത്തിന് ചെയ്തുനല്‍കിയ എല്ലാ പാട്ടുകളും ഹിറ്റാണെന്ന് ഷാന്‍ പറഞ്ഞപ്പോള്‍ അത് താന്‍ പല തവണ തിരുത്തി നന്നാക്കിയതാണെന്നായിരുന്നു ധ്യാന്‍ തമാശയോടെ പറഞ്ഞത്.

Content Highlight: Dhyan sreenivasan talks about Music director Shan Rahman

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more