| Friday, 4th September 2026, 3:50 pm

പൊൻമുട്ടയിടുന്ന താറാവിന്റെ തിരക്കഥ രാത്രി അവിടുത്തെ ലോറി ഡ്രൈവർമാരുടെ കയ്യിലാണ് അച്ഛൻ കൊടുത്തുവിട്ടത്: ധ്യാൻ ശ്രീനിവാസൻ

നന്ദന. ടി

മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേതാവാണ് ധ്യാൻ ശ്രീനിവാസൻ. അതുല്യ കലാകാരൻ ശ്രീനിവാസന്റെ മകനെന്ന ലേബലിൽ സിനിമയിലെത്തിയ ധ്യാൻ കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2019-ൽ ലൗ ആക്ഷൻ ഡ്രാമ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത നടൻ ഒട്ടനവധി ചിത്രങ്ങളിലാണ് നായകനായി പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും പരാജയപ്പെട്ടെങ്കിലും, ഇവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ നൽകിയ അഭിമുഖങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഇത്തരത്തിൽ ധ്യാനിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ അഭിമുഖത്തിൽ അച്ഛൻ ശ്രീനിവാസനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ധ്യാൻ ശ്രീനിവാസൻ. Photo. Screen grab/ Youtube

പൊന്മുട്ടയിടുന്ന താറാവ്, സന്മനസ്സുള്ളവർക്ക് സമാധാനം എന്നീ സിനിമകളുടെ ഷൂട്ടിങ് ഒരേ സമയത്താണ് നടന്നത്. അതിനാൽ കോഴിക്കോട് നടക്കുന്ന പൊന്മട്ടയിടുന്ന താറാവിന്റെ അടുത്ത ദിവസത്തെ സ്ക്രിപ്റ്റ് രാത്രി ലോറി ഡ്രൈവർമാരുടെ കയ്യിലാണ് കൊടുത്തുവിട്ടിരുന്നതെന്ന് മണിയൻപിള്ള രാജു പറഞ്ഞ കാര്യം ധ്യാൻ പങ്കുവെക്കുന്നു.

‘പണ്ട് ജഗദീഷ് അങ്കിൾ പറഞ്ഞിട്ടുണ്ടായിരുന്നു, അച്ഛൻ ഒരു സിനിമയുടെ 97-ാമത്തെ സീനൊക്കെ ആദ്യ ദിവസം വേണമെങ്കിൽ എഴുതി കൊടുക്കും എന്ന്.

മണിയൻപിള്ള അങ്കിൾ ഒരു ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ടായിരുന്നു, പൊന്മുട്ടയിടുന്ന താറാവ് ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് അപ്പുറത്ത് സന്മനസ്സുള്ളവർക്ക് സമാധാനത്തിന്റെ ഷൂട്ട് നടന്നുകൊണ്ടിരുന്നത്. എന്നിട്ട് രാത്രി അവിടെയുള്ള ലോറി ഡ്രൈവർമാരുടെ കയ്യിലാണ് പൊന്മുട്ടയിടുന്ന താറാവിന്റെ പിറ്റേ ദിവസം ഷൂട്ട് ചെയ്യേണ്ട സ്ക്രിപ്റ്റ് കോഴിക്കോട്ടേക്ക് കൊടുത്തുവിടുന്നത്. ഇരുപത് ദിവസം കൊണ്ടാണ് വെള്ളാനകളുടെ നാടിന്റെ ഷൂട്ട് തീർക്കുന്നത്,’ നടൻ പറഞ്ഞു.

അച്ഛൻ തിരക്കഥ എഴുതിയ ചിത്രങ്ങളിൽ സന്ദേശമാണ് തനിക്ക് ഇഷ്ടപ്പെട്ട സിനിമ എന്ന് പറയുകയാണ് ധ്യാൻ. പണ്ടുതൊട്ടേ രാഷ്ട്രീയക്കാരോടുള്ള എതിർപ്പ് തന്റെ സിനിമകളിൽ ശ്രീനിവാസൻ തമാശ രൂപേണ തന്നെ അവതരിപ്പിച്ചവയാണെന്നും ധ്യാൻ പറഞ്ഞു.

ശ്രീനിവാസൻ. Photo. X.Com

‘അച്ഛന്റെ സിനിമകളിൽ സന്ദേശമാണ് എനിക്ക് ഏറ്റവും ഇഷ്ടം. അതിലെ അന്തർധാര, താത്വിക അവലോകനം. അതുപോലെ ക്യാരക്ടേഴ്സിന്റെ പേരുകൾ, പേൾ ബാർബർ, അങ്ങനെയുള്ള പേരുകൾ ഒക്കെ എവിടെ നിന്നാണ് കിട്ടുന്നത് എന്നാണ്.

ആ സിനിമയിൽ തന്നെ ഇന്നസെന്റ് അങ്കിൾ സമ്പൂർണ സാക്ഷരത എന്ന് പറഞ്ഞ് കളിയാക്കുന്ന ഒരു സീൻ ഉണ്ട്. അപ്പോൾ അന്ന് മുതലേ പുള്ളി നമ്മുടെ രാഷ്ട്രീയക്കാരോടുള്ള എതിർപ്പ് സാറ്റയറിക്കൽ ആയിട്ട് തമാശ രൂപേണ സിനിമകളിലൂടെ അദ്ദേഹം കൃത്യമായിട്ട് തന്നെ അവതരിപ്പിച്ചിട്ടുണ്ട്. സന്ദേശമൊക്കെ ഏറ്റവും കൂടുതൽ റീപ്പീറ്റ് അടിച്ചു കണ്ട സിനിമയായിരിക്കും,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Dhyan Sreenivasan talks about movies scripted by Sreenivasan

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more